ലാവയുടെ എന്‍ട്രി-ലെവലിലുള്ളതും മികച്ച ഫീച്ചറുകള്‍ നല്‍കുന്നതുമായ സ്മാര്‍ട്ട്‌ഫോണാണ് ലാവ യുവ സ്മാർട്ട്, ഫോണിന്‍റെ ഫീച്ചറുകളും പ്രത്യേകതകളും വിശദമായി അറിയാം

ദില്ലി: ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ പുതിയ എൻട്രി ലെവൽ ഫോണായ യുവ സ്‌മാർട്ട് പുറത്തിറക്കി. 'ലാവ യുവ സ്മാർട്ട്' എന്നാണ് ഈ ഫോണിന്‍റെ പേര്. 6,000 രൂപയാണ് ഇതിന്‍റെ വില. ഈ ഫോണിന് 5000 എംഎഎച്ച് ബാറ്ററിയും വലിയ ഡിസ്‌പ്ലേയും മറ്റ് നിരവധി മികച്ച ഫീച്ചറുകളും ഉണ്ട്. വെർച്വൽ റാമിന്‍റെ സവിശേഷതയും ഇതിനുണ്ട്. യുണിസോക് 9863A പ്രോസസർ നൽകുന്ന ഈ സ്മാർട്ട്‌ഫോണിൽ എച്ച്‌ഡി+ ഡിസ്‌പ്ലേ, 13 എംപി പ്രൈമറി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. ആദ്യമായി സ്‌മാർട്ട്‌ഫോൺ വാങ്ങുന്നവർക്ക് മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യുന്നതാണ് ഈ സ്മാർട്ട്‌ ഫോണിന്‍റെ ലക്ഷ്യമെന്ന് കമ്പനി പറയുന്നു.

ഈ ഹാൻഡ്‌സെറ്റ് ഗ്ലോസി ബ്ലൂ, ഗ്ലോസി വൈറ്റ്, ഗ്ലോസി ലാവെൻഡർ എന്നിങ്ങനെ മൂന്ന് കളർ വേരിയന്‍റുകളിൽ വരുന്നു. റീട്ടെയിൽ ഷോപ്പുകളിൽ നിന്നും ലാവ പോർട്ടലിൽ നിന്നും ഇത് വാങ്ങാം. ഇതൊരു ഡ്യുവൽ 4ജി (Duel 4G VoLTE) ഹാൻഡ്‌സെറ്റാണ്. 6,000 രൂപയ്ക്ക് പ്രാരംഭ വിലയ്ക്ക് പുതിയ യുവ സ്മാർട്ട് ലഭ്യമാണെന്ന് ലാവ അറിയിച്ചു. ഈ സ്‍മാർട്ട്ഫോൺ നിലവിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. 

എച്ച്‌ഡി+ റെസല്യൂഷന്‍റെ 6.75 ഇഞ്ച് ഡിസ്‌പ്ലേയും 60Hz റിഫ്രെഷ് റേറ്റും ലാവ യുവ സ്‌മാർട്ടിന്‍റെ സവിശേഷതകളാണ്. യുനിസോക് 9863A (UNISOC 9863A) ഒക്ടാ കോർ പ്രൊസസർ ലഭിക്കുന്ന ഈ സ്മാർട്ട്‌ഫോണിന് 3 ജിബി റാമും 512 ജിബി വരെ വികസിപ്പിക്കാവുന്ന 64 ജിബി സ്റ്റോറേജുമുണ്ട്. കൂടാതെ, വെർച്വൽ റാം സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 3 ജിബി അധികമായി റാം വികസിപ്പിക്കാനും കഴിയും. 5,000 എംഎഎച്ച് ബാറ്ററി, യുഎസ്ബി-സി വഴി 10വാട്ട് വയേർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ്. 

ഇമേജിംഗിനായി, 13 എംപി പ്രൈമറി സെൻസറും ഡെപ്ത് സെൻസിംഗ് ക്യാമറയും ഉള്ള ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണ് ഈ സ്മാർട്ട്‌ഫോണിന്‍റെ മറ്റൊരു സവിശേഷത. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുമായി നോച്ച് ഡിസൈനിലുള്ള 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. എച്ച്‌ഡിആർ, പോർട്രെയിറ്റ്, നൈറ്റ് തുടങ്ങിയ വിവിധ ക്യാമറ മോഡുകളും സ്മാർട്ട്‌ഫോണിൽ ഉണ്ടെന്നും ലാവ പറയുന്നു.

സ്മാർട്ട്‌ഫോൺ 4G VoLTE കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. കൂടാതെ വൈ-ഫൈ 802.11 b/g/n/ac, ബ്ലൂടൂത്ത് 4.2, OTG പിന്തുണ എന്നിവയുമായി വരുന്നു. കൂടുതൽ സുരക്ഷയ്ക്കായി, ലാവ യുവ സ്മാർട്ട് ഒരു സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസറും ഫേസ് അൺലോക്ക് ഫീച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണിന് ഒരു വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ബ്രാൻഡായ ലാവ യുവ സീരീസിന് കീഴിൽ നിരവധി ബജറ്റ് ഫോണുകൾ ഉണ്ട്. 

Read more: ഐക്യു00 12ന് ബമ്പർ ഓഫർ, ആയിരക്കണക്കിന് രൂപയുടെ കിഴിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം