ജൂലൈ 4 മുതൽ ഫ്ലിപ്‌കാർട്ടും www.Mivi.in വെബ്‌സൈറ്റും വഴി ഈ എഐ ബഡ്‌സ് വാങ്ങാം
ദില്ലി: ഇന്ത്യൻ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ മിവി അവരുടെ മിവി എഐ ബഡ്‌സ് അവതരിപ്പിച്ചു. ഇന്ത്യയിൽ പൂര്‍ണ്ണമായും രൂപകൽപ്പന ചെയ്ത മിവി എഐ ബഡ്‌സ് മികച്ച ശബ്ദ അനുഭവവും എഐ സാങ്കേതികവിദ്യയും ഉപഭോക്താക്കള്‍ക്ക് നല്‍കും എന്നാണ് വാഗ്‌ദാനം. മലയാളം അടക്കമുള്ള ഭാഷകളില്‍ പിന്തുണ ഈ എഐ ബഡ്‌സ് നല്‍കും.
പരമ്പരാഗത എഐ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി മിവി എഐ ഒരു ഹ്യൂമന്‍ ഫ്രണ്ട്ലി അസിസ്റ്റന്‍റ് എന്ന അനുഭവം നൽകുന്നു. ഓർമ, സന്ദർഭം, വ്യക്തിഗതമായ സംവാദം എന്നിവയെ അടിസ്ഥാനമാക്കി ഈ എഐ ഓരോ സംഭാഷണത്തിലും മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. ഉപയോക്താവിന്‍റെ മുൻഗണനകൾ ഓർത്തുവെച്ച് കൃത്രിമ ബുദ്ധിയില്‍ ഊന്നിയുള്ള പ്രതികരണങ്ങൾ നൽകി യൂസറുമായി ഒരു ആഴമേറിയ ബന്ധം സൃഷ്ടിക്കാന്‍ മിവി എഐ ബഡ്‌സിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഹിന്ദി, തമിഴ്, തെലുഗു, ബംഗാളി, മറാത്തി, കന്നഡ, മലയാളം, ഗുജറാത്തി എന്നീ എട്ട് ഇന്ത്യൻ ഭാഷകളിൽ സംഭാഷണം നടത്താൻ ഈ എഐ ബഡ്സിന് സാധിക്കും. ജൂലൈ 4 മുതൽ ഫ്ലിപ്‌കാർട്ടിലും www.Mivi.in വെബ്‌സൈറ്റിലും 6,999 രൂപ വിലയില്‍ മിവി എഐ ബഡ്‌സ് ലഭ്യമാകും.
"മിവി എഐ ബഡ്‌സ് ഒരു ഉൽപ്പന്നത്തിനപ്പുറം, മനുഷ്യ-എഐ ഇടപെടലിന്‍റെ പുതിയ യുഗത്തിന് തുടക്കമിടുന്നു. ഇന്ത്യയിൽ നിന്നുള്ള ലോകോത്തര ഉപകരണമാണ് മിവി എഐ ബഡ്‌സ്. ഞങ്ങളുടെ എഐ ബഡ്‌സ് സ്മാർട്ട് മാത്രമല്ല, അവ സെൻസിറ്റീവും, മനുഷ്യസമാനവുമാണ്- എന്നും മിവിയുടെ സഹസ്ഥാപകയും സിഎംഒയുമായ മിധുല ദേവഭക്തുണി പറഞ്ഞു. ഹൈ-റെസ് ഓഡിയോ & LDAC 3D സൗണ്ട്‌സ്റ്റേജ് & സ്‌പേഷ്യൽ ഓഡിയോ, ക്വാഡ് മൈക് എഎന്‍സി, 40 മണിക്കൂർ ബാറ്ററി ലൈഫ് എന്നീ പ്രത്യേകതകളും മിവി എഐ ബഡ്‌സിനുണ്ട്.

