മോട്ടറോളയുടെ എഡ്‍ജ് 70 സീരീസിലെ പുതിയ മോഡലായ എഡ്‍ജ് 70 മാക്സ് ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ചോർന്ന വിവരങ്ങൾ പ്രകാരം, സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറ, മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളായിരിക്കും. ഗ്ലേഷ്യർ ബ്ലൂ, ഓനിക്സ് ബ്ലാക്ക്, സേജ് ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്നാണ് സൂചന.
പുതിയ സ്‍മാർട്ടഫോൺ മോഡൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനപ്രിയ ബ്രാൻഡായ മോട്ടറോളയെന്ന് റിപ്പോർട്ട്. കമ്പനിയുടെ എഡ്‍ജ് 70 സീരീസിൽ പുതിയ അംഗമായി മോട്ടറോള എഡ്‍ജ് 70 മാക്സ് എത്തുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ചോർന്ന മാർക്കറ്റിംഗ് മെറ്റീരിയലുകൾ ഫോണിന്റെ ഡിസൈൻ, നിറങ്ങൾ, പ്രധാന സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
ഡിജിറ്റൽ സിറ്റിസൺ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മോട്ടറോള എഡ്‍ജ് 70 മാക്സിന് ഫ്ലാറ്റ് റിയർ പാനൽ ഡിസൈനായിരിക്കും ഉണ്ടായിരിക്കുക. പിൻഭാഗത്തിന്റെ മുകളിൽ ഇടത് കോണിൽ ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂൾ നൽകിയിരിക്കുന്നതായി ചിത്രങ്ങളിൽ കാണാം. ഈ ക്യാമറ യൂണിറ്റിൽ മൂന്ന് ക്യാമറ സെൻസറുകളും എൽഇഡി ഫ്ലാഷും ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
ഫോണിന്റെ വലത് വശത്ത് പവർ ബട്ടണും വോളിയം നിയന്ത്രണ ബട്ടണുകളും നൽകിയേക്കും. ഇതുകൂടാതെ ഒരു അധിക ബട്ടണും വശത്ത് ഉൾപ്പെടുത്തിയേക്കാമെന്നാണ് സൂചന. മുൻവശത്ത് സെന്റർ അലൈന്ഡ് ഹോൾ-പഞ്ച് കട്ടൗട്ട് ഡിസ്പ്ലേയാണ് കാണുന്നത്. സെൽഫി ക്യാമറയ്ക്കും വീഡിയോ കോളുകൾക്കുമായി ഈ കട്ടൗട്ട് ഉപയോഗിക്കുമെന്നാണ് കരുതുന്നത്. എഡ്ജ് 70 സീരീസിലെ മറ്റു ചില മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, എഡ്‍ജ് 70 മാക്സിന് ഫ്ലാറ്റ് ഡിസ്പ്ലേ ലഭിച്ചേക്കും.
ഗ്ലേഷ്യർ ബ്ലൂ, ഓനിക്സ് ബ്ലാക്ക്, സേജ് ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിലായിരിക്കും ഫോൺ വിപണിയിലെത്തുക എന്നാണ് റിപ്പോർട്ട്. പ്രകടനത്തിന്റെ കാര്യത്തിൽ, ക്വാൽകോമിന്റെ ശക്തമായ സ്‍നാപ്ഡ്രാഗൺ 8 ജെൻ 5 ഒക്ടാ-കോർ പ്രോസസറായിരിക്കും ഫോണിന് കരുത്തേകുക. പ്രീമിയം ശ്രേണിയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ചിപ്‌സെറ്റ് ഉൾപ്പെടുത്തുന്നതെന്നാണ് വിലയിരുത്തൽ.
ഫോട്ടോഗ്രഫിക്കായി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്. പ്രധാന ക്യാമറയ്ക്ക് പുറമെ ടെലിഫോട്ടോ, അൾട്രാവൈഡ് ലെൻസുകളും ലഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, ദൈർഘ്യമേറിയ ഉപയോഗത്തിനും കഠിന സാഹചര്യങ്ങളെയും അതിജീവിക്കാനുമായി MIL-STD 810H മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും ഫോണിന് ലഭിച്ചേക്കും.
അതേസമയം, മോട്ടറോളയുടെ എഡ്‍ജ് 70 സീരീസിലെ ഏറ്റവും പുതിയ മോഡലായ എഡ്‍ജ് 70 പ്രോ+ ഇന്ത്യയിൽ ജൂൺ 4-നാണ് അവതരിപ്പിച്ചത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉൾപ്പെടുന്ന ഏക വേരിയന്റിന് 47,999 രൂപയാണ് വില. മീഡിയടെക് ഡൈമെൻസിറ്റി 8500 എക്സ്ട്രീം ചിപ്‌സെറ്റാണ് ആ ഫോണിന് കരുത്തേകുന്നത്.
എഡ്‍ജ് 70 മാക്സിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ചോർന്ന വിവരങ്ങൾ പ്രകാരം സ്‍മാർട്ട്ഫോൺ ഉടൻ തന്നെ ആഗോള വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
