മോട്ടോറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ എഡ്‍ജ് 70 പ്രോ+ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും. 50 മെഗാപിക്സൽ സോണി സെൻസറുള്ള ട്രിപ്പിൾ ക്യാമറ, മൂന്ന് ആകർഷകമായ പാന്‍റോൺ നിറങ്ങൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. ടെലിഫോട്ടോ ക്യാമറ, വയർലെസ് ചാർജിംഗ് തുടങ്ങിയ മെച്ചപ്പെടുത്തലുകളോടെ എത്തുന്ന ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും.
ദില്ലി: സ്‍മാർട്ട്ഫോൺ വിപണിയിൽ പുതിയ ആവേശം സൃഷ്ടിച്ച് മോട്ടോറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ മോട്ടോറോള എഡ്‍ജ് 70 പ്രോ+ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും. എഡ്‍ജ് 70 സീരീസിലെ നാലാമത്തെ മോഡലായാണ് ഈ സ്‍മാർട്ട്ഫോൺ എത്തുന്നത്. ഇതിനുമുമ്പ് എഡ്‍ജ് 70, എഡ്‍ജ് 70 പ്രോ, എഡ്‍ജ് 70 ഫ്യൂഷൻ എന്നീ മോഡലുകൾ കമ്പനി പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഫോണിന്‍റെ ക്യാമറ സവിശേഷതകളും നിറങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് മോട്ടോറോള.

മോട്ടോറോള എഡ്‍ജ് 70 പ്രോ+ ക്യാമറ
മോട്ടോറോളയുടെ ഔദ്യോഗിക മൈക്രോസൈറ്റിൽ നൽകിയ വിവരങ്ങൾ പ്രകാരം, എഡ്‍ജ് 70 പ്രോ+ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാകും എത്തുക. ഇതിലെ പ്രധാന ക്യാമറ 50-മെഗാപിക്‌സൽ ശേഷിയുള്ള സോണി LYT-710 സെൻസറാണ്. 3.5 ഡിഗ്രി ഓപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ സംവിധാനവും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൂപ്പർ സൂം പ്രോ സാങ്കേതികവിദ്യയുടെ സഹായത്തോടെ 50x ഡിജിറ്റൽ സൂം സൗകര്യവും ലഭ്യമാകും. 81mm ഫോക്കൽ ലെങ്ത് നൽകുന്ന ടെലിഫോട്ടോ ക്യാമറയും ഈ ഫോണിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.
ഈ സ്‍മാർട്ട്ഫോമിന്‍റെ ഡിസൈനിലും മോട്ടോറോള പുതുമകൾ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സ്ക്വയർ ആകൃതിയിലുള്ള ക്യാമറ മോഡ്യൂളും വളഞ്ഞ ഡിസ്പ്ലെയും ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. ഫ്രണ്ട് ക്യാമറയ്ക്കായി മധ്യഭാഗത്ത് ഹോൾ-പഞ്ച് ഡിസൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്. വോളിയം ബട്ടണുകളും പവർ ബട്ടണും വലതുഭാഗത്തും, പ്രത്യേക ബട്ടൺ ഇടതുഭാഗത്തുമാണ് നൽകിയിരിക്കുന്നത്.
മോട്ടോറോള എഡ്‍ജ് 70 പ്രോ+ നിറങ്ങള്‍
പാന്‍റോൺ ചിക്കറി കോഫി, പാന്‍റോൺ സ്റ്റോമി സീ, പാന്‍റോൺ സിൻഫാൻഡെൽ എന്നീ മൂന്ന് പ്രത്യേക നിറങ്ങളിലാണ് ഫോൺ എത്തുക. ഓരോ നിറത്തിനും വ്യത്യസ്‍ത ഫിനിഷുകളാണ് നൽകിയിരിക്കുന്നത്. മരത്തിന്‍റെ തട്ടുപോലെയുള്ള ടെക്‌സ്‌ചർ, ട്വിൽ-ഇൻസ്‌പയർഡ് ഡിസൈൻ, സാറ്റിൻ-ലക്‌സി ഫിനിഷ് എന്നിവ ഉപയോക്താക്കൾക്ക് പ്രീമിയം അനുഭവം നൽകും.
അതേസമയം, മോട്ടോറോള എഡ്‍ജ് 70 പ്രോ മോഡലിനെക്കാൾ മൂന്ന് പ്രധാന അപ്‌ഗ്രേഡുകളോടെയാകും പ്രോ+ പതിപ്പ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെലിഫോട്ടോ ക്യാമറ, വയർലെസ് ചാർജിംഗ് പിന്തുണ, 16 ജിബി വരെ റാം എന്നിവയാണ് പ്രധാന മെച്ചപ്പെടുത്തലുകൾ. ഇന്ത്യയിൽ ഫോൺ ഫ്ലിപ്‍കാർട്ട് വഴി വിൽപ്പനയ്ക്ക് ലഭ്യമാകും.


