എന്‍ട്രി-ലെവല്‍ വിഭാഗത്തില്‍പ്പെടുന്ന മോട്ടോ ജി06 സ്‌മാര്‍ട്ട്‌ഫോണ്‍ മോട്ടോറോള ഇന്ത്യയില്‍ പുറത്തിറക്കി. മോട്ടോ ജി06 ഫോണിന്‍റെ ഇന്ത്യയിലെ വിലയും ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും വിശദമായി. 

DID YOU
KNOW
?
7000 എംഎഎച്ച് ബാറ്ററി
മോട്ടോ ജി06 ഇന്ത്യയിലെത്തിയത് 7000 എംഎഎച്ച് ബാറ്ററി കരുത്തില്‍

ദില്ലി: 7000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററി സഹിതം എന്‍ട്രി-ലെവല്‍ സ്‌മാര്‍ട്ട്‌ഫോണായ മോട്ടോ ജി06 (Moto G06) മോട്ടോറോള ഇന്ത്യയില്‍ പുറത്തിറക്കി. ഐപി 64 റേറ്റിംഗ് സഹിതമാണ് ഈ 4ജി ഫോണ്‍ വരുന്നത്. വീഗാന്‍ ലെതര്‍ ഫിനിഷില്‍ മൂന്ന് നിറങ്ങളിലായാണ് മോട്ടോ ജി06 ഹാന്‍ഡ്‌സെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോട്ടോ ജി06-യുടെ വിലയും ഫീച്ചറുകളും വിശദമായി പരിശോധിക്കാം.

മോട്ടോ ജി06: സ്പെസിഫിക്കേഷനുകള്‍

120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് ഫോണാണ് മോട്ടോ ജി06. 600 നിറ്റ്സാണ് ഈ ഡിസ്‌പ്ലെയുടെ പീക്ക് ബ്രൈറ്റ്നസ്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 സുരക്ഷയോടെ വരുന്ന ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത 7000 എംഎഎച്ചിന്‍റെ വലിയ ബാറ്ററി തന്നെ. 20 വാട്‌സിന്‍റെ ചാര്‍ജറാണ് ഇതിനൊപ്പം മോട്ടോറോള നല്‍കുന്നത്. ഡോള്‍ബി അറ്റ്‌മോസ് സ്റ്റീരിയോ സ്‌പീക്കറുകളാണ് ശബ്‌ദം നിയന്ത്രിക്കുന്നത്. ഒക്‌ടാ കോര്‍ മീഡിയടെക് ജി81 എക്‌സ്‌ട്രീം പ്രൊസസറില്‍ വരുന്ന ഫോണിനൊപ്പം സംയോജിപ്പിച്ചിരിക്കുന്നത് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ്. റാം 12 ജിബി വരെ വര്‍ധിപ്പിക്കുകയും ചെയ്യാം. മൈക്രോ‌എസ്‌ഡി കാര്‍ഡിലൂടെ സ്റ്റോറേജ് 1 ടിബി വരെ വര്‍ധിപ്പിക്കാം. ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനത്തില്‍ മോട്ടോറോളയുടെ My UX skin ഇന്‍റര്‍ഫേസിലാണ് മോട്ടോ ജി06 ഫോണിന്‍റെ പ്രവര്‍ത്തനം.

മോട്ടോ ജി06: ഇന്ത്യയിലെ വില

ക്യാമറ വിഭാഗത്തിലേക്ക് വന്നാല്‍, മോട്ടോ ജി06 സ്‌മാര്‍ട്ട്‌ഫോണിന്‍റെ റിയര്‍ ക്യാമറ 50 മെഗാ-പിക്‌സലിന്‍റെതാണ്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ക്യാമറ 8 എംപിയുടേതും. 7,499 രൂപയാണ് മോട്ടോ ജി06-യ്‌ക്ക് ഇന്ത്യയില്‍ വിലയാരംഭം. മോട്ടോറോള വഴിയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് വഴിയും ഒക്‌ടോബര്‍ 11 മുതല്‍ മോട്ടോ ജി06 സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങാം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്