സാംസങ് ഗാലക്‌സി എം17 5ജി ഫോണ്‍ ഒക്‌ടോബര്‍ 10ന് ഇന്ത്യയില്‍ പുറത്തിറങ്ങും. ഗാലക്‌സി എം17 5ജി മൂൺലൈറ്റ് സിൽവർ, സഫയർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തും. 

ദില്ലി: സാംസങ് ഗാലക്‌സി എം17 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് സ്ഥിരീകരണം. ഈ സ്‍മാർട്ട്ഫോൺ ഒക്‌ടോബര്‍ 10ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സാംസങ് പ്രഖ്യാപിച്ചു. ഗാലക്‌സി എം17 5ജിയുടെ ലോഞ്ച് തീയതിയും സവിശേഷതകളും വെളിപ്പെടുത്തുന്ന വെബ്‌പേജുകൾ ആമസോണും സാംസങും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാംസങ് ഗാലക്‌സി എം17 5ജി മൂൺലൈറ്റ് സിൽവർ, സഫയർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തും. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 50 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറകളുമായാണ് സാംസങ് ഗാലക്‌സി എം17 5ജി വരുന്നത്. ഗാലക്‌സി എം16 5ജിയുടെ പിൻഗാമിയായി ഇത് അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.

സാംസങ് ഗാലക്‌സി എം17 5ജി- സ്പെസിഫിക്കേഷനുകള്‍

കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌ടസ് സംരക്ഷണത്തോടുകൂടിയ 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എം17 5ജി ഹാൻഡ്‌സെറ്റിലുള്ളതെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പൊടി, ജലം പ്രതിരോധത്തിന് ഐപി54 റേറ്റിംഗാണ് ഫോണിന് ലഭിച്ചിരിക്കുന്നത്. ഗാലക്‌സി എം17 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ടാകും. അതിൽ ഒഐഎസ് സഹിതം 50-മെഗാപിക്‌സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്നു. ക്യാമറ യൂണിറ്റിൽ 5-മെഗാപിക്‌സൽ അൾട്രാവൈഡ് ആംഗിൾ ക്യാമറയും 2-മെഗാപിക്‌സൽ മാക്രോ സെൻസറും ഉൾപ്പെടും. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 13-മെഗാപിക്‌സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ടാകും. ഹാൻഡ്‌സെറ്റ് എഐ പവർ ചെയ്‌ത ഫോട്ടോഗ്രാഫി സവിശേഷതകൾ വാഗ്‌ദാനം ചെയ്യും.

സാംസങ് ഗാലക്‌സി എം17 5ജിയിൽ 7.5 എംഎം നേർത്ത പ്രൊഫൈൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. സർക്കിൾ ടു സെർച്ച്, ജെമിനി ലൈവ് തുടങ്ങിയ എഐ സവിശേഷതകൾ ഇതിൽ ലഭിക്കും. വരാനിരിക്കുന്ന ഗാലക്‌സി എം17 5ജി മുമ്പിറങ്ങിയ ഗാലക്‌സി എം16 5ജി-യേക്കാൾ അപ്‌ഗ്രേഡുകൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. 4 ജിബി + 128 ജിബി സ്റ്റോറേജ് ബേസ് മോഡലിന് 11,499 രൂപ വിലയ്ക്ക് ഈ വർഷം മാർച്ച് മാസത്തിലാണ് ഗാലക്‌സി എം16 5ജി സാംസങ് പുറത്തിറക്കിയത്.

ഗാലക്‌സി എം16 5ജി

ഗാലക്‌സി എം16 5ജിയിൽ 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,340 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ലഭിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണില്‍ 8 ജിബി വരെ റാമും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമാണുള്ളത്. 50 മെഗാപിക്‌സൽ പ്രധാന ക്യാമറ, 5 മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാപിക്‌സൽ മാക്രോ ലെന്‍സ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഗാലക്‌സി എം16ന് നല്‍കിയിരിക്കുന്നത്. മുൻവശത്ത് 13 മെഗാപിക്‌സലിന്‍റെ സെൽഫി ഷൂട്ടർ ഉണ്ട്. 25 വാട്‌സ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എം16 5ജി സ്‌മാര്‍ട്ട്‌ഫോണിനുള്ളത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്