ഇന്ത്യയില്‍ അവതരിപ്പിനൊരുങ്ങുന്ന മോട്ടോ G04sന്‍റെ സവിശേഷതകള്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ല

മുംബൈ: ബജറ്റ് സൗഹാര്‍ദ ഫോണുകള്‍ ഇന്ത്യയില്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ മോട്ടറോള. മോട്ടറോളയുടെ ജി സീരീസില്‍പ്പെട്ട മോട്ടോ G04s മെയ് 30ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കീശയിലൊതുങ്ങുന്ന വിലയില്‍ ഏറെ സവിശേഷതകളോടെയാണ് ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നത് എന്ന് ദേശീയ മാധ്യമമായ ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ ഇന്ത്യയില്‍ അവതരിപ്പിനൊരുങ്ങുന്ന മോട്ടോ G04sന്‍റെ സവിശേഷതകള്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ല. അതേസമയം ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് പുറത്തുവിട്ട ടീസറില്‍ ചില സൂചനകള്‍ വന്നിട്ടുമുണ്ട്. Unisoc T606 SoC പ്രൊസസറും നാല് ജിബി റാമും 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജും മോട്ടോ G04s ഫോണിനുണ്ടാകും എന്നാണ് സൂചന. മറ്റേതെങ്കിലും മെമ്മറി വേരിയന്‍റ് ഈ ഫോണിനുണ്ടാകുമോ എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. ഗോറില്ല ഗ്ലാസ് 3 സുരക്ഷയോടെ 6.6 ഇഞ്ച് എച്ച്‌ഡി+എല്‍ഡിസി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. അഞ്ച് എംപി സെല്‍ഫി ക്യാമറയും 50 എംപി പ്രധാന ക്യാമറയും ഫോണിനുണ്ടാകും. മികച്ച ഫോട്ടോകള്‍ മോട്ടോ G04s സമ്മാനിക്കും എന്നാണ് പ്രതീക്ഷ. മികച്ച ശബ്ദത്തിന് ഡോള്‍ബി അറ്റ്‌മോസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 3.5 എംഎം തന്നെയായിരിക്കും ഓഡിയോ ജാക്ക്. 

സുരക്ഷ ഉറപ്പുവരുത്താന്‍ ഫിംഗര്‍പ്രിന്‍റ് സൗകര്യമുള്ള മോട്ടോ G04sയില്‍ 15 വാട്ട് ചാര്‍ജിംഗ് സംവിധാനത്തോടെ 5000 എംഎഎച്ച് ബാറ്ററിയാണുണ്ടാവുക. കറുപ്പ്, നീല, ഓറഞ്ച്, പച്ച നിറങ്ങളിലായാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നത്. ഫോണിന് എത്ര വിലയാവും വിപണിയില്‍ എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും മോട്ടറോളയോ ഫ്ലിപ്‌കാര്‍ട്ടോ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ത്യക്കാരുടെ കീശ കാലിയാക്കാത്ത ഫോണായിരിക്കും മോട്ടോ G04s എന്നാണ് റിപ്പോര്‍ട്ട്. 

Read more: പേടിഎമ്മില്‍ കൂട്ടപ്പിരിച്ചുവിടല്‍ വരുന്നു; ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടമാകും- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം