ആപ്പിളിന്‍റെ ഐഫോണ്‍ 17ന് ചൈനയില്‍ നിന്ന് ചെക്ക്... അതിശയ അപ്‌ഗ്രേഡുകളോടെ വണ്‍പ്ലസ് 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി, സ്പെസിഫിക്കേഷനുകളുടെ വിലയും വിശദമായി.

ബെയ്‌ജിംഗ്: ആന്‍ഡ്രോയ്‌ഡ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പുതിയ വൺപ്ലസ് 15 സ്‍മാർട്ട്‌ഫോൺ ചൈനീസ് വിപണിയിൽ പുറത്തിറങ്ങി. വൺപ്ലസ് 13-ന് ശേഷം എത്തുന്ന ഈ ഫ്ലാഗ്‌ഷിപ്പ് ഹാൻഡ്‌സെറ്റ് മുൻഗാമിയേക്കാൾ ‍‍ഡിസൈനിലും ഫീച്ചറുകളിലും വിവിധ അപ്‌ഗ്രേഡുകൾ വാഗ്‌ദാനം ചെയ്യുന്നു. ക്വാൽകോമിന്‍റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ്, ശക്തമായ 7300 എംഎഎച്ച് കരുത്തുറ്റ ബാറ്ററി, 50 വാട്‌സ് വയർലെസ് ഫ്ലാഷ് ചാർജ്, 50-മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം തുടങ്ങിയവ പുതിയ വൺപ്ലസ് 15 ഫോണിലുണ്ട്. പുതിയ വൺപ്ലസ് 15-ന്‍റെ സ്പെസിഫിക്കേഷനുകളും വിലയും വിശദമായി അറിയാം.

വൺപ്ലസ് 15: സ്പെസിഫിക്കേഷനുകള്‍

ഡിസ്പ്ലേ

വൺപ്ലസ് 15 സ്‍മാർട്ട് ഫോണിൽ 6.78 ഇഞ്ച് മൂന്നാം തലമുറ BOE ഫ്ലെക്‌സിബിൾ അമോലെഡ് ഡിസ്പ്ലേ ഉണ്ട്. ഇത് 1.5കെ റെസല്യൂഷൻ, 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 330 ഹെര്‍ട്‌സ് വരെയുള്ള ടച്ച് സാമ്പിൾ റേറ്റ്, 1800 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ പിന്തുണയ്ക്കുന്നു. സ്ക്രീൻ 100 ശതമാനം DCI-P3 കളർ ഗാമട്ടും 1.07 ബില്യൺ നിറങ്ങളും പിന്തുണയ്ക്കുന്നു.

ഓപ്പറേറ്റിംഗ് സിസ്റ്റം

വൺപ്ലസ് 15-ന്‍റെ ചൈനീസ് വേരിയന്‍റ് ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ലാണ് പ്രവർത്തിക്കുന്നത്.

ചിപ്‌സെറ്റ്

വേഗതയ്ക്കും മൾട്ടിടാസ്‍കിംഗിനുമായി, മികച്ച ഗ്രാഫിക്‌സിനായുള്ള അഡ്രിനോ 840 ജിപിയുവിനൊപ്പം ക്വാൽകോം ഒക്‌ടാ-കോർ 3nm സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഈ ഹാൻഡ്‌സെറ്റ് ഉപയോഗിക്കുന്നു.

ക്യാമറ സജ്ജീകരണം

50 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 50 മെഗാപിക്‌സൽ അൾട്രാവൈഡ് സെൻസർ, 50 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്ഫോണിന്‍റെ ക്യാമറ സവിശേഷതകള്‍. സെൽഫികൾക്കായി 32 എംപി ഫ്രണ്ട് ക്യാമറ ഫോണില്‍ ലഭ്യമാണ്. 30fps-ൽ 8K റെസല്യൂഷനിൽ വീഡിയോ ഷൂട്ട് ചെയ്യാൻ റിയര്‍ ക്യാമറയ്ക്ക് കഴിയും.

കണക്റ്റിവിറ്റി

വൺപ്ലസ് 15 സ്‍മാർട്ട് ഫോൺ 5ജി, എന്‍എഫ്‌സി, വൈ-ഫൈ 7, ജിപിഎസ്, ഗ്ലോനാസ്, QZSS എന്നിവയെ പിന്തുണയ്ക്കുന്നു. സുരക്ഷയ്ക്കായി, ഹാൻഡ്‌സെറ്റിൽ ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്‍റ് സ്‌കാനറും ഉണ്ട്.

സെൻസറുകൾ

ഓൺബോർഡ് സെൻസറുകളുടെ പട്ടികയിൽ പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്‍റ് ലൈറ്റ് സെൻസർ, കളർ ടെംപറേച്ചർ സെൻസർ, ഇലക്‌ട്രോണിക്‌സ് കോമ്പസ്, ആക്‌സിലറേഷൻ സെൻസർ, ഗൈറോസ്കോപ്പ്, ഹാൾ സെൻസർ, ലേസർ ഫോക്കസ് സെൻസർ, സ്പെക്ട്രം സെൻസർ, ഐആർ ബ്ലാസ്റ്റർ എന്നിവ ഉൾപ്പെടുന്നു

ബാറ്ററി

വൺപ്ലസിൽ നിന്നുള്ള ഈ പുതിയ ഫ്ലാഗ്ഷിപ്പ് ഹാൻഡ്‌സെറ്റിന് 7300 എംഎഎച്ച് ബാറ്ററി ലഭിക്കുന്നു. ഇത് 50 വാട്‌സ് വയർലെസ് ഫ്ലാഷ് ചാർജും 120 വാട്‌സ് സൂപ്പർ ഫ്ലാഷ് ചാർജ് വയർഡ് ചാർജിംഗും പിന്തുണയ്ക്കുന്നു.

നിറങ്ങൾ

അബ്സൊല്യൂട്ട് ബ്ലാക്ക്, മിസ്റ്റി പർപ്പിൾ, സാൻഡ് ഡ്യൂൺ എന്നീ നിറങ്ങളിൽ വണ്‍പ്ലസ് 15 ചൈനയില്‍ ലഭ്യമാകും. കമ്പനിയുടെ ഓൺലൈൻ സ്റ്റോർ വഴി ഇന്ന് മുതൽ ചൈനയിൽ ഈ ഫോൺ വിൽപ്പനയ്‌ക്കെത്തും.

വണ്‍പ്ലസ് 15: ചൈനയിലെ വില

വൺപ്ലസ് 15-ന്‍റെ 12 ജിബി/256 ജിബി അടിസ്ഥാന സ്റ്റോറേജ് വേരിയന്‍റിന് 3,999 യുവാന്‍ (ഏകദേശം 49,598 രൂപ) ആണ് ചൈനയിലെ വിലത്തുടക്കം. 16 ജിബി/256 ജിബി, 12 ജിബി/512 ജിബി, 16 ജിബി/512 ജിബി വേരിയന്‍റുകൾക്ക് യഥാക്രമം 4,299 യുവാന്‍ (ഏകദേശം 53,319 രൂപ), 4,599 യുവാന്‍ (ഏകദേശം 57,040 രൂപ), 4,899 യുവാന്‍ (ഏകദേശം 60,760 രൂപ) എന്നിങ്ങനെയാണ് വില. 16 ജിബി/1ടിബി സ്റ്റോറേജ് മുന്തിയ വേരിയന്‍റിന് 5,399 യുവാന്‍ (ഏകദേശം 66,962 രൂപ) ആണ് വില. മിസ്റ്റി പർപ്പിൾ, അബ്സൊല്യൂട്ട് ബ്ലാക്ക്, സാൻഡ് ഡ്യൂൺ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്