വൺപ്ലസിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 16ന്റെ പ്രധാന സവിശേഷതകൾ പുറത്തുവന്നു. 9000എംഎഎച്ച് ബാറ്ററി, 200എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ ചിപ്സെറ്റ് എന്നിവയാണ് ഇതിലെ പ്രധാന ആകർഷണങ്ങൾ. 2026 ഒക്ടോബറിൽ ഈ ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ൺപ്ലസിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണായ വൺപ്ലസ് 16 വിപണിയിലെത്താൻ ഒരുങ്ങുന്നു. ചൈനയിൽ ആദ്യം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിന്റെ ചില വിവരങ്ങൾ കമ്പനി നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഫോണിന്റെ ക്യാമറ, ചിപ്സെറ്റ്, ബാറ്ററി തുടങ്ങി ഏതാണ്ട് പൂർണമായ സവിശേഷതകൾ പുറത്തുവന്നതായാണ് റിപ്പോർട്ടുകൾ. ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെയ്‌ബോയിൽ പങ്കുവെച്ച വിവരങ്ങളാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.

165 ഹെർട്‍സ് ഡിസ്‌പ്ലേ

വൺപ്ലസ് 16 ബ്രാൻഡിന്റെ ആദ്യ കളർഒഎസ് 17 അധിഷ്ഠിത സ്‍മാർട്ട്ഫോൺ ആയിരിക്കുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. 165 ഹെർട്‍സ് റിഫ്രഷ് റേറ്റും ഫോണിൽ ലഭിക്കും. മുൻഗാമിയായ വൺപ്ലസ് 15ലും 165 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകിയിരുന്നു. എന്നാൽ ഗെയിമിങ് സമയത്താണ് പ്രധാനമായും ഈ റിഫ്രഷ് റേറ്റ് ഉപയോഗിക്കാൻ സാധിച്ചിരുന്നത്. സാധാരണ ഉപയോഗത്തിൽ ഇത് 120 ഹെർട്സായി പരിമിതപ്പെടുത്തിയിരുന്നു. പുതിയ വൺപ്ലസ് 16ൽ സാധാരണ ഉപയോഗത്തിലും 165 ഹെർട്‍സ് റിഫ്രഷ് റേറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ഗെയിമിങ്ങിൽ 185 ഹെർട്‍സ്

വൺപ്ലസ് 16ൽ ബിഒഇ എക്സ്4 ഡിസ്‌പ്ലേ ആയിരിക്കും ഉപയോഗിക്കുകയെന്നാണ് ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്റെ വെളിപ്പെടുത്തൽ. സാധാരണ ഉപയോഗത്തിൽ 165 ഹെർട്‍സ് റിഫ്രഷ് റേറ്റ് ലഭിക്കുമ്പോൾ ഗെയിമിങ്ങിൽ ഇത് 185 ഹെർട്‍സ് വരെ ഉയർന്നേക്കാം.

9000എംഎഎച്ച് ബാറ്ററി

വൺപ്ലസ് 16ന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് വലിയ ബാറ്ററിയായിരിക്കും. 9000എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തുകയെന്നാണ് റിപ്പോർട്ട്. ബാറ്ററിയുടെ റേറ്റഡ് കപ്പാസിറ്റി 8780എംഎഎച്ച് ആയിരിക്കുമെന്നും സൂചനയുണ്ട്. 100വാട്ട് വയർഡ് ചാർജിങ്, 50വാട്ട് വയർലെസ് ചാർജിങ് എന്നിവ ഫോണിൽ ലഭിച്ചേക്കും. രണ്ട് സെല്ലുകളുള്ള ബാറ്ററി സംവിധാനമായിരിക്കും ഉപയോഗിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

200എംപി പ്രധാന ക്യാമറ

ക്യാമറ വിഭാഗത്തിലും വൺപ്ലസ് 16 വലിയ അപ്‌ഗ്രേഡ് കൊണ്ടുവരുമെന്നാണ് സൂചന. 1/1.4 ഇഞ്ച് സെൻസറുള്ള 200എംപി പ്രധാന ക്യാമറയായിരിക്കും ഫോണിൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം 50എംപി അൾട്രാ വൈഡ് ക്യാമറയും 1/1.95 ഇഞ്ച് സെൻസറുള്ള 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ലഭിച്ചേക്കും. ക്യാമറ സംവിധാനത്തിന്റെ മറ്റ് വിശദാംശങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ

പ്രകടനത്തിനായി ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ ചിപ്സെറ്റായിരിക്കും വൺപ്ലസ് 16ൽ ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്. ടി‌എസ്‌എം‌സിയുടെ 2 നാനോമീറ്റർ നിർമാണ സാങ്കേതികവിദ്യയിലാണ് ചിപ്സെറ്റ് നിർമിക്കുന്നതെന്നും സൂചനയുണ്ട്. 2+3+3 കോർ ക്രമീകരണമുള്ള ഒക്ടാ-കോർ സിപിയുവും അഡ്രിനോ 850 ജിപിയുവും ഫോണിൽ ലഭിച്ചേക്കും.

കനം കുറഞ്ഞ ബെസലുകൾ

ഡിസൈനുമായി ബന്ധപ്പെട്ട മുൻ ചോർച്ചകൾ പ്രകാരം വൺപ്ലസ് 16ൽ മുൻഗാമിയേക്കാൾ കനം കുറഞ്ഞ ബെസലുകൾ നൽകിയേക്കും. ഇത് കൂടുതൽ ഇമ്മേഴ്സീവ് ഡിസ്‌പ്ലേ അനുഭവം നൽകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഫോണിന്റെ ഡിസൈനോ കൃത്യമായ ലോഞ്ച് തീയതിയോ വൺപ്ലസ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഒക്ടോബറിൽ ചൈനയിൽ എത്തിയേക്കും

വൺപ്ലസ് 16 ചൈനയിൽ 2026 ഒക്ടോബറിൽ അവതരിപ്പിച്ചേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. തുടർന്ന് നവംബറിൽ ആഗോള വിപണിയിലും ഫോൺ അവതരിപ്പിച്ചേക്കും. ലോഞ്ച് തീയതിയും മറ്റ് സവിശേഷതകളും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി വൺപ്ലസിന്റെ പ്രഖ്യാപനം കാത്തിരിക്കേണ്ടതുണ്ട്.