വൺപ്ലസ് നോർഡ് 6 ഇന്ത്യയിൽ പുറത്തിറങ്ങി. സ്നാപ്ഡ്രാഗൺ 8എസ് ജെൻ 4 പ്രോസസർ, 9,000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സൽ ക്യാമറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 38,999 രൂപ മുതൽ വില ആരംഭിക്കുന്ന ഫോൺ ഏപ്രിൽ 9 മുതൽ വിവിധ നിറങ്ങളിൽ ലഭ്യമാകും.
ഇന്ത്യയിൽ പുതിയ സ്‍മാർട്ട്‌ഫോൺ പുറത്തിറക്കി വൺപ്ലസ്. മുൻ മോഡലിനെ അപേക്ഷിച്ച് നിരവധി പുതുക്കലുകളോടെയാണ് വൺപ്ലസ് നോർഡ് 6 എന്ന ഈ ഫോണിന്‍റെ വരവ്. മികച്ച പ്രകടനത്തിനായി പുതിയ സ്‍നാപ്ഡ്രാഗൺ 8എസ് ജെൻ 4 പ്രോസസറാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വേഗത്തിലുള്ള LPDDR5X റാം, യുഎഫ്‌എസ് 4.1 സ്റ്റോറേജ് എന്നിവയും വൺപ്ലസ് നോർഡ് ഫോണിന്‍റെ പ്രധാന ആകർഷണങ്ങളാണ്.
വൺപ്ലസ് നോർഡ് 6 സവിശേഷതകള്‍
വൺപ്ലസ് നോർഡ് 6-ൽ 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 165 ഹെര്‍ട്‌സ് വരെ ഉയർന്ന റിഫ്രെഷ് റേറ്റ്, 1.5K റെസല്യൂഷൻ, 3600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയോടെ ഈ ഡിസ്പ്ലേ ഉപയോക്താക്കൾക്ക് സ്‍മൂത്ത് അനുഭവം നൽകും. ക്രിസ്റ്റൽ ഗാർഡ് സംരക്ഷണവും PWM ഡിമ്മിംഗ് സപ്പോർട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫോണിന്‍റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത 9,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ്. 80 വാട്‌സ് ഫാസ്റ്റ് ചാർജിംഗും 27 വാട്‌സ് റിവേഴ്‌സ് വയേർഡ് ചാർജിംഗും പിന്തുണയ്ക്കുന്ന ഈ ബാറ്ററി ദീർഘകാല ഉപയോഗത്തിനായി അനുയോജ്യമാണ്. കൂടാതെ ബൈപാസ് ചാർജിംഗ് സംവിധാനവും നൽകിയിട്ടുണ്ട്.
വൺപ്ലസ് നോർഡ് 6 ക്യാമറ ഫീച്ചറുകള്‍
വൺപ്ലസ് നോർഡ് 6-ന്‍റെ ക്യാമറ വിഭാഗത്തിൽ, 50-മെഗാപിക്സൽ സോണി എല്‍വൈറ്റി-600 പ്രധാന ക്യാമറയും 8-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും അടങ്ങിയ ഡ്യൂവൽ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കായി 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഐഎസ്, ഇഐഎസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ മികച്ച ഫോട്ടോയും വീഡിയോയും ഉറപ്പാക്കുന്നു.
ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയ ഓക്‌സിജൻ ഒഎസ് 16-ൽ പ്രവർത്തിക്കുന്ന വൺപ്ലസ് നോർഡ് 6 ഫോൺ നാല് പ്രധാന അപ്‌ഡേറ്റുകളും ആറ് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഐപി66, ഐപി68, ഐപി69, ഐപി69കെ എന്നീ ഉയർന്ന നിലവാരത്തിലുള്ള വെള്ളവും പൊടിയും പ്രതിരോധിക്കുന്ന സർട്ടിഫിക്കേഷനുകളും ഇതിലുണ്ട്.
ഇന്ത്യയിൽ വൺപ്ലസ് നോർഡ് 6-ന്‍റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 38,999 രൂപ ആണ് ഇന്ത്യയില്‍ വില. 12 ജിബി മോഡലിന് 41,999 രൂപ ആണ്. ഏപ്രിൽ 9 മുതൽ ഫ്രഷ് മിന്‍റ്, പിച്ച് ബ്ലാക്ക്, ക്വിക്ക് സിൽവർ കളർ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ബാങ്ക് ഓഫറുകൾ വഴി വില കുറയാനും സാധ്യതയുണ്ട്.



