വൺപ്ലസ് അമേരിക്കയിലെയും യൂറോപ്പിലെയും പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ വിപണികളിൽ നിന്ന് പിന്മാറി ഇന്ത്യ, ചൈന തുടങ്ങിയ വിപണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ ഉപയോക്താക്കൾക്ക് സേവനങ്ങൾ തുടർന്നും ലഭിക്കുമെങ്കിലും പുതിയ ഉൽപ്പന്നങ്ങൾ ഈ മേഖലകളിൽ അവതരിപ്പിക്കില്ലെന്നും സൂചനയുണ്ട്.
ചൈനീസ് സ്‍മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് അമേരിക്കയിലെയും യൂറോപ്പിലെയും പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും കമ്പനി അത് ആവർത്തിച്ച് നിഷേധിച്ചിരുന്നു. എന്നാൽ, ജർമ്മൻ ടെക് മാധ്യമമായ വിൻ ഫ്യൂച്ചർ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ, വൺപ്ലസും മാതൃകമ്പനിയായ ഒപ്പോയും ആഗോള ബിസിനസ് തന്ത്രത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ പ്രഖ്യാപിക്കാൻ ഈ ആഴ്ച തന്നെ തയ്യാറെടുക്കുകയാണെന്ന് പറയുന്നു.
ഒപ്പോ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കും
അമേരിക്കയിലും യൂറോപ്പിലുമുള്ള വൺപ്ലസിന്റെ നേരിട്ടുള്ള പ്രവർത്തനം അവസാനിപ്പിച്ചേക്കും. ഇതിന് പിന്നാലെ യൂറോപ്യൻ വിപണിയിൽ ഒപ്പോ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ വൺപ്ലസിന്റെ പ്രവർത്തനം തുടരുമെന്നാണ് റിപ്പോർട്ടിലുള്ള സൂചന. ഇന്ത്യയിൽ വൺപ്ലസ് ഒപ്പോയുടെ ഉൽപ്പന്നനിരയുടെ ഭാഗമായാകും പ്രവർത്തിക്കുക. കൂടുതൽ താങ്ങാനാവുന്ന വിലയിലുള്ള സ്മാർട്ട്ഫോണുകളും ടാബ്ലറ്റുകളും അവതരിപ്പിക്കുന്നതിലേക്കായിരിക്കും കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും നിലവിലെ വൺപ്ലസ് ഉപയോക്താക്കൾക്ക് സേവനങ്ങളിൽ ഉടൻ തടസ്സമുണ്ടാകില്ലെന്നാണ് റിപ്പോർട്ടിലുള്ള വിവരം. കമ്പനി വാഗ്ദാനം ചെയ്ത കാലയളവിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളും സുരക്ഷാ അപ്ഡേറ്റുകളും വാറന്റി സേവനങ്ങളും വിൽപ്പനാനന്തര പിന്തുണയും തുടരുമെന്നാണ് സൂചന. എന്നാൽ, ഈ മേഖലകളിൽ പുതിയ വൺപ്ലസ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കില്ലെന്നും നിലവിലുള്ള സ്റ്റോക്ക് വിറ്റഴിച്ചതിന് ശേഷം പുതിയ വിതരണങ്ങൾ ഉണ്ടാകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
യൂറോപ്പിലെ വൺപ്ലസ് ഓൺലൈൻ സ്റ്റോറുകളിൽ ചില മോഡലുകളുടെ ലഭ്യത ഇതിനോടകം കുറഞ്ഞുവരുന്നതായും, ഉടൻ തന്നെ മറ്റ് റീട്ടെയിൽ ശൃംഖലകളിൽ നിന്നും ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ പിൻവലിക്കപ്പെടാനിടയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇന്ത്യയിൽ വൺപ്ലസിന് മികച്ച വിപണി സ്വാധീനമാണ് തുടരുന്നത്. കൗണ്ടർപോയിന്റ് റിസർച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 30,000 മുതൽ 45,000 രൂപ വരെയുള്ള 'അഫോർഡബിൾ പ്രീമിയം' സ്മാർട്ട്ഫോൺ വിഭാഗത്തിൽ ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ വൺപ്ലസ് നോർഡ് സീരീസാണ് മുന്നിൽ. അടുത്തിടെയാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുതിയ സ്‍മാർട്ട്ഫോണും അവതരിപ്പിച്ചത്.
എങ്കിലും, അമേരിക്കയിലെയും യൂറോപ്പിലെയും പ്രവർത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വൺപ്ലസോ ഒപ്പോയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. അതിനാൽ, കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതുവരെ ഈ വിവരങ്ങൾ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് ശ്രദ്ധിക്കണം.


