ദില്ലി: പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കുറഞ്ഞകാലത്തിനുള്ളില്‍ സാന്നിധ്യമായ വണ്‍പ്ലസ് ടിവി നിര്‍മ്മാണ് രംഗത്തേക്കും ചുവടുവച്ചു. വണ്‍പ്ലസിന്‍റെ ടിവികളുടെ ആഗോള ലോഞ്ചിംഗ് ദില്ലിയില്‍ നടന്നു. 55 ഇഞ്ച് വലിപ്പത്തിലുള്ള ക്യൂഎല്‍ഇഡി ഡിസ്പ്ലേ ടിവിയുടെ രണ്ട് പതിപ്പുകളാണ് വണ്‍പ്ലസ് ഇറക്കിയിരിക്കുന്നത്. വണ്‍പ്ലസ് ടിവി ക്യൂ 1, വണ്‍പ്ലസ് ക്യൂ 1 പ്രോ എന്നിവയാണ് ഈ മോഡലുകള്‍. മികച്ച ഡിസ്പ്ലേ, ശബ്ദ സംവിധാനം, ഡിസൈന്‍, ഒപ്പറേറ്റിംഗ് സിസ്റ്റം എന്നിവയെ ആധാരമാക്കിയാണ് വണ്‍പ്ലസ് ടിവികള്‍ എത്തിയിരിക്കുന്നത്.

മികച്ച ദൃശ്യനുഭവം നല്‍കാന്‍ 55 ഇഞ്ച് ക്യൂഎല്‍ഇഡി ഡിസ്പ്ലേയോടെ എത്തുന്ന വണ്‍പ്ലസ് ടിവി 4കെയാണ്. ഗാമ കളര്‍ മാജിക്ക് ചിപ്പ് മറ്റ് ടിവികളില്‍ നിന്നും വര്‍ദ്ധിച്ച ദൃശ്യ മികവ് ടിവിക്ക് നല്‍കും എന്നാണ് വണ്‍പ്ലസ് അവകാശവാദം. ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ 10 പ്ലസ് പ്രത്യേകതകളും ഡിസ്പ്ലേയ്ക്കുണ്ട്. ഇതിനൊപ്പം എട്ട് സ്പീക്കറുകള്‍ അടങ്ങുന്ന സൗണ്ട് ബാര്‍ ഈ ടിവിക്ക് ഉണ്ട്. ഡോള്‍ബി ശബ്ദ സംവിധാനത്തോടെ എത്തുന്ന സ്പീക്കറിന്‍റെ ശേഷി 50W ആണ്. 

ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ടിവിയില്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ ആന്‍ഡ്രോയ്ഡ് ടിവി ഒഎസില്‍ വരുന്ന എല്ലാ അപ്ഡേറ്റും ലഭിക്കും. ഗൂഗിള്‍ അസിസ്റ്റന്‍റ് വഴി ടിവിക്ക് നിര്‍ദേശം നല്‍കാന്‍ സാധിക്കും. അലക്സ വഴി ടിവിയെ ബന്ധിപ്പിക്കാം. ഇതിന് പുറമേ നിങ്ങളുടെ വണ്‍പ്ലസ് ഫോണിലുള്ള വണ്‍പ്ലസ് കണക്ട് എന്ന ആപ്പുവഴി നിരവധി സേവനങ്ങള്‍ ലഭിക്കും. വൈഫൈ ഷെയറിംഗ്, ടൈപ്പ് സിങ്ക്, സെര്‍ച്ച് ആന്‍റ് പ്ലേ, സ്ക്രീന്‍ഷോട്ട് ഷെയറിംഗ്, ക്യൂക്ക് ആപ്പ് സ്വിച്ച് എന്നിവ ഈ ആപ്പ് വഴി സാധിക്കും.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിന്‍റെ ഭാഗമായി 28 സെപ്തംബര്‍ 2018 ഉച്ച പന്ത്രണ്ട് മണി മുതല്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് ഈ ടിവികള്‍ വാങ്ങാം. ബാക്കിയുള്ളവര്‍ക്ക് 29 സെപ്തംബര്‍ 2018 അര്‍ദ്ധരാത്രി മുതല്‍ ഈ ടിവികള്‍ ലഭിക്കും. വിലയിലേക്ക് വന്നാല്‍ വണ്‍പ്ലസ് ക്യൂ 1 ടിവിക്ക് 69,900 രൂപയാണ് വില. എന്നാല്‍ വണ്‍പ്ലസ് ക്യൂ 1 പ്രോ ടിവിക്ക് 99,900 രൂപയാണ് വില. ക്യൂ1 പ്രോയും, ക്യൂ 1 ഉം തമ്മിലുള്ള പ്രധാന വ്യത്യാസം ക്യൂ1 ല്‍ ക്യൂ 1പ്രോയെപ്പോലെ ഇന്‍ബില്‍ട്ട് സ്പീക്കര്‍ ബാര്‍ ഇല്ല എന്നതാണ്.