32 എംപി പ്രൈമറി ക്യാമറയും സ്പെസിഫിക്കേഷനുകള്‍ പുറത്തുവിടാത്ത ഒരു ഡെപ്‌ത് സെന്‍സറും Oppo A5x 5G സ്‌മാര്‍ട്ട്ഫോണിനുണ്ട്

തിരുവനന്തപുരം: ഓപ്പോ അവരുടെ ഏറ്റവും പുതിയ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണായ എ5എക്സ് 5ജി (Oppo A5x 5G) ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഡൈമന്‍സിറ്റി 6300 സോക് ചിപ്‌സെറ്റിലും 6,000 എംഎഎച്ച് ബാറ്ററി സഹിതവുമാണ് ഓപ്പോയുടെ പുത്തന്‍ ഫോണിന്‍റെ ഇന്ത്യയിലേക്കുള്ള വരവ്. ഫോണിന്‍റെ സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും വിശദമായി അറിയാം. 

4 ജിബി റാമും, 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമാണ് ഓപ്പോ എ5എക്സ് 5ജി സ്‌മാര്‍ട്ട്‌ഫോണിനുള്ളത്. വിര്‍ച്വലി 4 ജിബി അധിക റാം നേടുകയും ചെയ്യാം. 6.67 ഇഞ്ച് 120 ഹെര്‍ട്‌സ് എച്ച്‌ഡി+ എല്‍സി‍ഡി സ്ക്രീന്‍ സഹിതം വരുന്ന ഫോണിന്‍റെ പീക് ബ്രൈറ്റ്‌നസ് 1,000 നിറ്റ്സാണ്. ഫ്ലാഗ്ഷിപ്പ് നിലവാരത്തിലുള്ള റീഇന്‍ഫോഴ്‌സ്ഡ് ഗ്ലാസ് ഈ ഫോണിന്‍റെ ഡിസ്പ്ലെയ്ക്കുള്ളതായി കമ്പനി പറയുന്നു. ഐപി65 റേറ്റിംഗാണ് സുരക്ഷയ്ക്ക് എ5എക്സ് 5ജി ഫോണിന് ലഭിച്ചിരിക്കുന്നത്. 6,000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററിക്കൊപ്പം വരുന്നത് 45 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗാണ്. നാനോ + നാനോ ഡുവല്‍ സിം, 5ജി, ഡുവല്‍ VoLTE, ബ്ലൂടൂത്ത് 5.1, ജിപിഎസ്, ക്ലോനാസ്സ്, യുഎസ്‌ബി ടൈപ്പ്-സി പോര്‍ട്ട്, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള കളര്‍ഒഎസ് 15, എഐ ഇറേസര്‍ 2.0, റിഫ്ലക്ഷന്‍ റിമൂവര്‍, എഐ അണ്‍ബ്ലര്‍, എഐ ക്ലാരിറ്റി എന്‍ഹാന്‍സര്‍, എഐ സ്മാര്‍ട്ട് ഇമേജ് മാറ്റിംഗ് തുടങ്ങിയ സംവിധാനങ്ങളും ഓപ്പോ എ5എക്സ് 5ജി ഫോണിലുണ്ട്. 

32 എംപി പ്രൈമറി ക്യാമറയും സ്പെസിഫിക്കേഷനുകള്‍ പുറത്തുവിടാത്ത ഒരു ഡെപ്‌ത് സെന്‍സറും, റീയര്‍ ഭാഗത്തും സെല്‍ഫിക്കായി 5 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്.

ഇന്ത്യയില്‍ ഓപ്പോ എ5എക്സ് 5ജിയുടെ 4 ജിബി + 128 ജിബി കോണ്‍ഫിഗറേഷനിലുള്ള സ്മാര്‍ട്ട്ഫോണിന്‍റെ വില 13,999 രൂപയാണ്. മിഡ്‌നൈറ്റ് ബ്ലൂ, ലേസര്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണിന്‍റെ വരവ്. മെയ് 25 മുതല്‍ ഫ്ലിപ്‌കാര്‍ട്ടില്‍ വാങ്ങാന്‍ ലഭ്യമായിരിക്കും. 1,000 രൂപയുടെ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്കും മൂന്ന് മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ഓപ്പോ എ5എക്സ് 5ജിക്ക് ലഭിക്കും. എസ്‌ബിഐ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറേഡ, ഫെഡറല്‍ ബാങ്ക്. ഡിബിഎസ് ബാങ്ക് എന്നിവയുടെ കാര്‍ഡുകള്‍ വഴിയാണ് ഈ ഇഎംഐ സൗകര്യം ലഭിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം