പാനാസോണിക്ക് ലൂമിക്‌സ് ക്യാമറ സീരീസിലെ ഏറ്റവും പുതിയ ക്യാമറ പ്രൊഫഷണല്‍ ചലച്ചിത്ര പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ളതാണ്. പാനസോണിക് ലൂമിക്‌സ് ബിജിഎച്ച് 1 മിറര്‍ലെസ് ക്യാമറ കമ്പനി അവകാശപ്പെടുന്നതുപോലെ, ഡോക്യുമെന്ററികള്‍, ഫിലിമുകള്‍, ലൈവ് സ്ട്രീം എന്നിവ കവര്‍ ചെയ്യാന്‍ കഴിയുന്ന ഭാരം കുറഞ്ഞ സിനിമാ ക്യാമറയാണ്. കൂടാതെ, നെറ്റ്ഫ്‌ലിക്‌സ് ഒറിജിനലുകള്‍ ചിത്രീകരിക്കുന്നതിന് നെറ്റ്ഫ്‌ലിക്‌സ് അംഗീകരിച്ച ആദ്യത്തെ മൈക്രോ ഫോര്‍ തേര്‍ഡ് ക്യാമറയാണിത്.

'വൈദഗ്ദ്ധ്യം, വിപുലീകരണം, ഇന്‍സ്റ്റാളേഷന്‍ വേഗതയ്ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ലൂമിക്‌സ് ബിജിഎച്ച് 1 ഒരു പ്രൊഫഷണലിന് അവരുടെ സര്‍ഗ്ഗാത്മകതയെ അണ്‍ബോക്‌സ് ചെയ്യുന്നതിന് ആവശ്യമായതെല്ലാം നല്‍കുന്ന ഒരു മള്‍ട്ടിആപ്ലിക്കേഷന്‍ ബോക്‌സാണ്. മിനിയേച്ചര്‍ ഫോം ഫാക്ടര്‍ ഉപയോഗിച്ച് ഇത് ജിംബല്‍, ഡ്രോണ്‍ ജോലികള്‍ക്കും സ്ട്രീമിങ്, ലൈവ് എന്നിവയ്ക്കും അനുയോജ്യമാണ്. സ്ട്രീമിംഗ്, ഡോക്യുമെന്ററി, സിനിമാ നിര്‍മ്മാണം എന്നിവയ്ക്കും ബെസ്റ്റ്. ഈ സിനിമാ ഡിജിറ്റല്‍ ക്യാമറ ഫോട്ടോഗ്രാഫി സമൂഹത്തില്‍ ഒരു ഇടം സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു, 'പാനസോണിക് ഇന്ത്യയിലെ ഇമേജിംഗ് ബിസിനസ് ഗ്രൂപ്പ് ബിസിനസ് ചീഫ് സന്ദീപ് സെഗാള്‍ പറഞ്ഞു.

സാങ്കേതിക സവിശേഷതകള്‍ അനുസരിച്ച്, ഡ്യുവല്‍ നേറ്റീവ് ഐഎസ്ഒ സാങ്കേതികവിദ്യയും വീനസ് എഞ്ചിനും ഉള്ള 10.2 മെഗാപിക്‌സല്‍ ലൈവ് സിമോസ് സെന്‍സര്‍ ക്യാമറ പായ്ക്ക് ചെയ്യുന്നു. 80 മുതല്‍ 2,04,800 വരെ ഐഎസ്ഒ സ്‌കെയില്‍ ഉള്ള ക്യാമറ 1/3 ഇവി ഘട്ടങ്ങളില്‍ മാറ്റാനാകും. ഇത് ഓട്ടോ ഫോക്കസ് (എഎഫ്), മാനുവല്‍ ഫോക്കസ് (എംഎഫ്) ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ലുമിക്‌സ് ബിജിഎച്ച് 1 മൈക്രോ ഫോര്‍ തേര്‍ഡ്‌സ് ലെന്‍സ് മൗണ്ട് ഉപയോഗിക്കുന്നു, കൂടാതെ 13 സ്‌റ്റോപ്പുകളുടെ വിശാലമായ ചലനാത്മക ശ്രേണിയുമുണ്ട്.

വീഡിയോ റെക്കോര്‍ഡിംഗ് കഴിവുകളില്‍ 60 എഫ്പിഎസ് വരെ 4 കെ ക്യാപ്ചര്‍ ഉള്‍പ്പെടുന്നു. 4 കെ 60 എഫ്പിഎസില്‍ 270 മിനിറ്റും ഫുള്‍ എച്ച്ഡി 60 എഫ്പിഎസില്‍ 300 മിനിറ്റും തുടര്‍ച്ചയായ ഷൂട്ടിംഗ് നടത്താനാവുമത്രേ. മോടി കൂട്ടുന്നതിനും ഭാരം കുറയ്ക്കുന്നതിനും അലുമിനിയം, മഗ്‌നീഷ്യം അലോയ് എന്നിവകൊണ്ടാണ് ലൂമിക്‌സ് ബിജിഎച്ച് 1 നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറയുടെ ഭാരം 575 ഗ്രാം ആണ്. ഡ്യുവല്‍ എസ്ഡി കാര്‍ഡ് സ്ലോട്ട്, പരിധിയില്ലാത്ത വീഡിയോ റെക്കോര്‍ഡിംഗ് നേടുന്നതിനുള്ള വിതരണ ഘടന, എച്ച്ഡിഎംഐ പോര്‍ട്ട്, വൈഫൈ, കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 4.2 തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍.

ലുമിക്‌സ് ടെതര്‍ എന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ക്യാമറയെ വിദൂരമായി നിയന്ത്രിക്കാനും കഴിയും, അത് ലൂമിക്‌സ് ബിജിഎച്ച് 1 ക്യാമറ വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ റിലീസ് ചെയ്യും. ഇന്ത്യയില്‍ 1,94,990 രൂപയാണ് ക്യാമറയുടെ വില.