റിയൽമി നാർസോ 80 ലൈറ്റ് 5ജിയുടെ സവിശേഷതകളും വിലയും വിശദമായി

ദില്ലി: റിയൽമി നാർസോ 80 ലൈറ്റ് 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റും 6 ജിബി വരെ റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്. 32 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും MIL-STD-810H മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും ഇതിൽ ഉൾപ്പെടുന്നു. നാർസോ 80 ലൈറ്റ് കമ്പനിയുടെ ബജറ്റ് ഓഫറാണ്, കൂടാതെ 6,000 എംഎഎച്ച് ബാറ്ററിയും ഇതിൽ ഉൾപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഈ ഫോണിലുള്ളത്. 32 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഈ ഫോണിൽ ലഭിക്കുന്നു. നാർസോ 80 ലൈറ്റിന് 6,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. റിയൽമി നാർസോ 80 ലൈറ്റ് 5ജിയുടെ സവിശേഷതകളും വിലയും വിശദമായി അറിയാം.

റിയൽമി നാർസോ 80 ലൈറ്റ് 5ജിയുടെ 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 10,499 രൂപയും 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 11,499 രൂപയുമാണ് വില. ഈ വേരിയന്‍റുകളിൽ ഉപഭോക്താക്കൾക്ക് 500 രൂപയും 700 രൂപയും വരെ കിഴിവുകൾ ലഭിക്കും. ക്രിസ്റ്റൽ പർപ്പിൾ, ഒനിക്സ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഫോൺ അവതരിപ്പിച്ചിട്ടുണ്ട്. ജൂൺ 23 മുതൽ ഇ-കൊമേഴ്‌സ് സൈറ്റായ ആമസോൺ വഴി ഈ സ്മാർട്ട്‌ഫോൺ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും .

റിയൽമി നാർസോ 80 ലൈറ്റ് 5ജിയിൽ 6.67 ഇഞ്ച് എച്ച്‌‍ഡി+ ഡിസ്‌പ്ലേ, 1604 x 720 പിക്‌സൽ റെസല്യൂഷൻ, 50/60/90/120Hz ഡൈനാമിക് റിഫ്രഷ് റേറ്റ്, 240 ഹെര്‍ട്സ് ടച്ച് സാമ്പിൾ റേറ്റ്, 625 നിറ്റ്‍സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. ഈ ഫോണിൽ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റും ആം മാലി-ജി57 എംസി2 ജിപിയുവും ഉണ്ട്. 4 ജിബി / 6 ജിബി LPDDR4x റാമും 64 ജിബി / 128 ജിബി യുഎഫ്‌സി 2.2 ഓൺബോർഡ് സ്റ്റോറേജും ഉണ്ട്, ഇത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2ടിബി വരെ വികസിപ്പിക്കാം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0-ൽ പ്രവർത്തിക്കുന്ന ഈ ഫോൺ, ഗൂഗിൾ ജെമിനി ഇന്റഗ്രേഷൻ വാഗ്ദാനം ചെയ്യുന്നു. ഈ ഫോൺ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറിനെ പിന്തുണയ്ക്കുന്നു.

നാർസോ 80 ലൈറ്റ് 5ജി-യിലെ ക്യാമറ പരിശോധിക്കുകയാണെങ്കിൽ 32-മെഗാപിക്സൽ GC32E2 പ്രൈമറി ക്യാമറയും പിന്നിൽ f/1.8 അപ്പേർച്ചറും ഓട്ടോഫോക്കസ് പിന്തുണയും ഉണ്ട്. അതേസമയം, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. എഐ ക്ലിയർ ഫേസ് പോലുള്ള എഐ പിന്തുണയുള്ള ഇമേജിംഗ്, എഡിറ്റിംഗ് സവിശേഷതകളും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. നാർസോ 80 ലൈറ്റ് 5ജി-യിൽ 15 വാട്സ് വയർഡ്, 5 വാട്സ് റിവേഴ്സ് വയർഡ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയുണ്ട്. പൊടി, വെള്ളം തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഐപി64 റേറ്റിംഗും മിലിട്ടറി ഗ്രേഡ് MIL-STD-810H ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഈ ഫോണിനുണ്ട്. അളവുകളെക്കുറിച്ച് പറയുമ്പോൾ, ഈ ഫോണിന്റെ നീളം 165.6 എംഎം, വീതി 76.22 എംഎം, കനം 7.94 എംഎം, ഭാരം 197 ഗ്രാം എന്നിവയാണ്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, ഡ്യുവൽ 4ജി VoLTE, വൈഫൈ, ബ്ലൂടൂത്ത് 5.3, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്‍ബി ടൈപ്പ് സി പോർട്ട് തുടങ്ങിയവ ഉൾപ്പെടുന്നു.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News