ബിയജിംഗ്: ഷവോമി 64 മെഗാപിക്‌സല്‍ സ്മാര്‍ട്‌ഫോണ്‍ ക്യാമറ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. ചൈനീസ് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ വീബോയിലാണ് ഷാവോമിയുടെ പുതിയ 64 മെഗാപിക്‌സല്‍ ക്യാമറ ഉള്‍കൊള്ളുന്ന ഫോണിന്‍റെ മാതൃക പ്രത്യക്ഷപ്പെട്ടത്. 48 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണുകള്‍ ആദ്യം വിപണിയില്‍ എത്തിച്ച കമ്പനികളില്‍ ഒന്നാണ് ഷവോമി. ഇപ്പോളിതാ 64 മെഗാപിക്‌സല്‍ ക്യാമറയും ഇവര്‍ ഇറക്കുന്നു എന്ന രീതിയിലാണ് ടെക് ലോകത്തെ വര്‍ത്തമാനം. 

ഇതിന് വേണ്ടി ഏത് സെന്‍സറാണ് ഉപയോഗിച്ചതെന്ന് ഷാവോമി വെളിപ്പെടുത്തിയിട്ടില്ല.  റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മേയില്‍ സാംസങ് അവതരിപ്പിച്ച ഐഎസ്ഓ സെല്‍ ബ്രൈറ്റ് ജിഡബ്ല്യൂവണ്‍ സെന്‍സറാണ് ഷവോമി പുതിയ ഫോണില്‍ ഉപയോഗിക്കുക. ഓപ്പോയുടെ ഉപ-ബ്രാന്‍റായ റിയല്‍മിയും 64 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണിനായുള്ള ശ്രമത്തിലാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

എന്നാൽ, ഇന്ത്യയില്‍ 64 എംപി ക്യാമറ ഫോണ്‍ റിയല്‍മി ആയിരിക്കും ആദ്യമെത്തിക്കുക.   64 മെഗാപിക്‌സല്‍ ക്യാമറയുമായി എംഐ മിക്‌സ് 4 ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്ന് ഷവോമി പ്രൊഡക്റ്റ് ഡയറക്ടര്‍  വാങ് ടെങ് തോമസ് കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനിടെ പറഞ്ഞിരുന്നു. ഈ ഫോണില്‍ അമോലെഡ് 2കെ എഡിആര്‍ 10 ഡിസ്‌പ്ലേ ആയിരിക്കും എന്നും സ്‌ക്രീനിന് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവുമെന്നും സൂചനയുണ്ട്.