ഷവോമിയുടെ റെഡ്‍മി, പുതിയ കെ100 സീരീസ് സ്മാർട്ട്ഫോണുകളായ കെ100 പ്രോ, കെ100 പ്രോ മാക്സ് എന്നിവ ചൈനയിൽ അവതരിപ്പിച്ചു. 185 ഹെർട്സ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 വി–സീരീസ് ചിപ്സെറ്റ്, 200 മെഗാപിക്സൽ ക്യാമറ, 9,070 എംഎഎച്ച് വരെയുള്ള ബാറ്ററി എന്നിവയാണ് ഈ മോഡലുകളുടെ പ്രധാന ആകർഷണങ്ങൾ.

വോമിയുടെ കീഴിലുള്ള റെഡ്‍മി പുതിയ കെ100 സീരീസിലെ രണ്ട് സ്മാർട്ട്ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. റെഡ്മി കെ100 പ്രോ, റെഡ്മി കെ100 പ്രോ മാക്സ് എന്നീ മോഡലുകളാണ് വിപണിയിലെത്തിയത്. 185 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഓഎൽഇഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 വി–സീരീസ് ചിപ്സെറ്റ്, 200 മെഗാപിക്സൽ പ്രധാന ക്യാമറ എന്നിവയാണ് ഫോണുകളുടെ പ്രധാന സവിശേഷതകൾ.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കെ90 പ്രോയ്ക്ക് പിന്നാലെയാണ് പുതിയ മോഡലുകൾ എത്തുന്നത്. ഗെയിമിങ്, പ്രകടനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന റെഡ്മിയുടെ ഫോണുകളെന്ന നിലയിലാണ് കെ സീരീസ് അറിയപ്പെടുന്നത്. വലിയ ബാറ്ററിയും വേഗമേറിയ ഡിസ്പ്ലേയുമുൾപ്പെടെ നിരവധി അപ്ഗ്രേഡുകളാണ് പുതിയ മോഡലുകളിൽ കമ്പനി നൽകിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ കെ100 പ്രോ, കെ100 പ്രോ മാക്സ് എന്നിവ എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യം റെഡ്‍മി വ്യക്തമാക്കിയിട്ടില്ല.

കെ100 പ്രോ മാക്സിൽ 185 ഹെർട്സ് ഡിസ്പ്ലേ

റെഡ്‍മി കെ100 പ്രോ മാക്സിൽ 6.9 ഇഞ്ച് ഫ്ലാറ്റ് ഓഎൽഇഡി ഡിസ്പ്ലേയാണുള്ളത്. 2,608 × 1,200 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനിൽ 185 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭിക്കും. എം11 ലുമിനസന്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഉയർന്ന റിഫ്രഷ് റേറ്റ് കാരണം സ്ക്രോളിങ്ങും ഗെയിമിങ്ങും കൂടുതൽ സുഗമമായ അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 വി–സീരീസ്

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 വി–സീരീസ് ചിപ്സെറ്റാണ് കെ100 പ്രോ മാക്സിന്റെ കരുത്ത്. ഉയർന്ന പ്രകടനത്തിൽ ഫോൺ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് നിയന്ത്രിക്കുന്നതിനായി 6,300 ചതുരശ്ര മില്ലിമീറ്റർ വലുപ്പമുള്ള കൂളിങ് ചേംബറും നൽകിയിട്ടുണ്ട്. ഗെയിമിങ് ഉൾപ്പെടെയുള്ള കനത്ത ഉപയോഗത്തിനിടെ പ്രകടനം നിലനിർത്താൻ ഈ സംവിധാനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

200 മെഗാപിക്സൽ ക്യാമറ

ക്യാമറ വിഭാഗത്തിലും കെ100 പ്രോ മാക്സ് ശ്രദ്ധേയമാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ സംവിധാനമുള്ള 200 മെഗാപിക്സൽ പ്രധാന ക്യാമറയാണ് പിന്നിൽ. ഇതിനൊപ്പം 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമുണ്ട്. സെൽഫികൾക്കായി 32 മെഗാപിക്സൽ മുൻ ക്യാമറയും നൽകിയിട്ടുണ്ട്.

9,070 എംഎഎച്ച് ബാറ്ററി

ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ബാറ്ററിയാണ്. 9,070 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് കെ100 പ്രോ മാക്സിൽ നൽകിയിരിക്കുന്നത്. 100 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങ്ങും 50 വാട്ട് വയർലെസ് ചാർജിങ്ങും ഫോണിലുണ്ട്. വയർഡ്, വയർലെസ് റിവേഴ്സ് ചാർജിങ് സംവിധാനവും പിന്തുണയ്ക്കുന്നതിനാൽ മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാനും ഫോൺ ഉപയോഗിക്കാം.

കെ100 പ്രോയിൽ 185 ഹെർട്സ് സ്ക്രീൻ

സീരീസിലെ താരതമ്യേന ചെറിയ മോഡലാണ് റെഡ്മി കെ100 പ്രോ. 6.59 ഇഞ്ച് ഓഎൽഇഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 2,510 × 1,156 പിക്സൽ റെസല്യൂഷനും 185 ഹെർട്സ് റിഫ്രഷ് റേറ്റുമുണ്ട്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 വി–സീരീസ് ചിപ്സെറ്റാണ് ഈ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ഗെയിമിങ് പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഫ്രെയിം സ്ഥിരത നിലനിർത്തുന്നതിനുമായി പ്രത്യേക കൃത്രിമ ബുദ്ധി അധിഷ്ഠിത ഗെയിമിങ് ഡിസ്പ്ലേ ചിപ്പും നൽകിയിട്ടുണ്ട്.

ട്രിപ്പിൾ ക്യാമറ സംവിധാനം

200 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് കെ100 പ്രോയിലെ പിൻ ക്യാമറകൾ. 32 മെഗാപിക്സൽ മുൻ ക്യാമറയും 10 സെന്റിമീറ്റർ ദൂരത്തിൽ നിന്നുള്ള ക്ലോസ്–അപ്പ് ചിത്രങ്ങൾക്കായി ടെലിഫോട്ടോ മാക്രോ ലെൻസും ഫോണിലുണ്ട്.

8,580 എംഎഎച്ച് ബാറ്ററി

കെ100 പ്രോയിൽ 8,580 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 100 വാട്ട് വയേർഡ് ചാർജിങ്ങും 50 വാട്ട് വയർലെസ് ചാർജിങ്ങും ഈ മോഡലിലും ലഭിക്കും. ഇരുഫോണുകൾക്കും ഐപി66, ഐപി68, ഐപി69 പൊടി–ജല പ്രതിരോധ സർട്ടിഫിക്കേഷനുകളുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3.0 ആണ് ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.

വില എത്ര?

ചൈനയിൽ റെഡ്‍മി കെ100 പ്രോയുടെ അടിസ്ഥാന വില 3,699 ചൈനീസ് യുവാനാണ്. ഏകദേശം 52,400 രൂപ വരും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള കെ100 പ്രോ മാക്സിന്റെ വില 4,499 ചൈനീസ് യുവാനാണ്. ഏകദേശം 63,700 രൂപ വരും. ഇന്ത്യൻ വിപണിയിലെ വിലയും ലഭ്യതയും സംബന്ധിച്ച് റെഡ്മി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.