പരമ്പരാഗത മൊബൈല്‍ ഫോണുകള്‍ക്ക് പകരമാവുന്ന പുതിയ എഐ അധിഷ്ഠിത ഉപകരണം പുറത്തിറക്കാന്‍ ഓപ്പണ്‍എഐ ഗവേഷണത്തില്‍, സൂചന നല്‍കി സാം ആള്‍ട്ട്‌മാന്‍

കാലിഫോര്‍ണിയ: മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായി മൊബൈൽ ഫോൺ എന്ന കയ്യിലൊതുങ്ങുന്ന കുഞ്ഞന്‍ ഉപകരണം മാറിക്കഴിഞ്ഞു. നാട്ടില്‍ വലിയ കേബിള്‍ ശൃംഖല വഴിയെത്തിയിരുന്ന ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ക്ക് പകരം മൊബൈല്‍ ഫോണ്‍ സംവിധാനം വന്നതുപോലെ സ്‌മാര്‍ട്ട്‌ഫോണുകളെ മറ്റെന്തെങ്കിലും റീപ്ലേസ് ചെയ്യുമോ? ഐഫോണുകള്‍ക്ക് പോലും 10 വര്‍ഷത്തിനപ്പുറം ആയുസില്ല എന്ന് പലരും കണക്കുകൂട്ടുന്ന ലോകത്ത് സമകാലിക മൊബൈല്‍ ഫോണുകളുടെ പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ പ്രമുഖരായ ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാന്‍.

മൊബൈല്‍ ഫോണ്‍ പോലെ വരുംഭാവിയില്‍ നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയേക്കാവുന്ന ഒരു എഐ ഉപകരണം വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ കമ്പനി മേധാവി. സ്മാര്‍ട്ട്ഫോണുകള്‍ക്ക് പകരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ എഐ അധിഷ്ഠിത ഹാര്‍ഡ്‌വെയര്‍ ഉപകരണം അടുത്ത ടെക് വിപ്ലവമാകും എന്ന് സാം ആള്‍ട്ട്‌മാന്‍ അവകാശപ്പെട്ടു. മുന്‍ ആപ്പിള്‍ ഡിസൈന്‍ മേധാവി ജോണി ഐവുമായി ചേർന്നാണ് പുതിയ എഐ ഉപകരണത്തെ കുറിച്ച് ആള്‍ട്ട്‌മാന്‍ തലപുകയ്ക്കുന്നത്. ജനറേറ്റീവ് എഐ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി വരുന്ന ഉല്‍പന്നം രൂപത്തിലും പ്രവര്‍ത്തന രീതിയിലും നിലവിലെ സ്മാര്‍ട്ട്‌ഫോണോ സ്മാര്‍ട്ട് ഗ്ലാസോ പോലെ ആയിരിക്കില്ലെന്ന് ആള്‍ട്ട്‌മാന്‍ സൂചിപ്പിക്കുന്നു. 

ഓപ്പണ്‍എഐയില്‍ ഒരു വർഷത്തിലേറെയായി പുതിയ എഐ അധിഷ്ഠിത ഹാര്‍ഡ്‌വെയര്‍ ഉപകരണത്തിന്‍റെ ആലോചനകള്‍ പുരോഗമിക്കുകയാണ്. ഈ ഉപകരണത്തിന്‍റെ ഒരു പ്രോട്ടോടൈപ്പ് തയ്യാറാകാന്‍ തന്നെ നിരവധി വര്‍ഷങ്ങളെടുത്തേക്കാം എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. പരമ്പരാഗത സ്മാര്‍ട്ട്ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ ഉപയോക്തൃ സൗഹൃദമായ രീതിയിലായിരിക്കും ഇതിന്‍റെ നിര്‍മാണം. അതിനാല്‍ തന്നെ ടൈപ്പിംഗ്, ടച്ച് ഇന്‍പുട്ടുകള്‍ എന്നിവയ്ക്ക് പകരം പുതിയ ഉപകരണം വോയ്സ് കമാന്‍ഡുകളിലൂടെയാവും പ്രധാനമായും ഉപയോഗിക്കാനാവുക. ഇതുമൂലം ഈ ഉപകരണം അനായാസം വളരെ സാധാരണക്കാരായ യൂസര്‍മാര്‍ക്ക് വരെ കൈകാര്യം ചെയ്യാനാകും എന്ന് പ്രതീക്ഷിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം