ഗൂഗിള്‍ പിക്സൽ ഫോണുകൾ, പിക്സൽ ബഡ്‍സ്, പിക്സൽ വാച്ച് തുടങ്ങിയ ഉപകരണങ്ങൾക്ക് ഈ സേവനം ലഭ്യമാകും

ദില്ലി: നൽകുന്ന അതേ ദിവസം തന്നെ ഡിവൈസുകൾ അറ്റകുറ്റപ്പണി ചെയ്ത് നൽകുന്ന സേവനം വിപുലീകരിച്ച് ഗൂഗിൾ ഇന്ത്യ. ഇപ്പോൾ രാജ്യത്തെ 21 നഗരങ്ങളിൽ പിക്സൽ ഫോണുകൾ, പിക്സൽ ബഡ്‍സ്, പിക്സൽ വാച്ച് തുടങ്ങിയ ഉപകരണങ്ങൾക്ക് ഈ സേവനം ലഭ്യമാണ്. തിരഞ്ഞെടുത്ത ഗൂഗിൾ എക്സ്ക്ലൂസീവ് അല്ലെങ്കിൽ പ്രയോറിറ്റി സർവീസ് സെന്‍ററുകൾ സന്ദർശിച്ച് ഉപഭോക്താക്കൾക്ക് ഇപ്പോൾ അതേ ദിവസം തന്നെ ഡിവൈസുകൾ നന്നാക്കാം. ഇതിനുപുറമെ, സൗജന്യ ഡോർസ്റ്റെപ്പ് പിക്കപ്പ്, മെയിൽ-ഇൻ സേവനം എന്നിവയും ഗൂഗിൾ നൽകിയിട്ടുണ്ട്. അതുവഴി ഉപഭോക്താക്കൾക്ക് സേവന കേന്ദ്രത്തിൽ പോകാതെ തന്നെ തങ്ങളുടെ ഡിവൈസുകൾ നന്നാക്കാം.

ഇന്ത്യയിൽ ഗൂഗിളിന്‍റെ അതേ ദിവസത്തെ അറ്റകുറ്റപ്പണി സേവനത്തിന്‍റെ വിപുലീകരണത്തെക്കുറിച്ച് വിശദീകരിക്കുന്നതിനായി ഗൂഗിൾ സ്റ്റോർ സപ്പോർട്ട് പേജ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ 21 നഗരങ്ങളിൽ ഈ സേവനം ഇപ്പോൾ ലഭ്യമാണെന്ന് ഗൂഗിൾ സ്റ്റോർ സപ്പോർട്ട് പേജിൽ പറയുന്നു. ഗൂഗിൾ എക്സ്ക്ലൂസീവ് സർവീസ് സെന്‍ററുകൾ നിലവിൽ ബെംഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിൽ ലഭ്യമാണ്. അതേസമയം പ്രയോറിറ്റി സർവീസ് സെന്‍ററുകൾ അഹമ്മദാബാദ്, ചണ്ഡീഗഡ്, ചെന്നൈ, ഗുരുഗ്രാം, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ തുടങ്ങിയ നഗരങ്ങളിലുണ്ട്.

ഗൂഗിളിന്‍റെ കണക്കനുസരിച്ച്, 80 ശതമാനത്തിൽ അധികം പിക്സൽ ഫോണുകളും ഒരേ ദിവസം തന്നെ നന്നാക്കി നൽകും. എന്നാൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പ് പിക്സൽ ഉപകരണം സർവീസ് സെന്‍ററിൽ സമർപ്പിക്കണം എന്ന നിബന്ധന ഉണ്ട്. ഈ നിബന്ധന പാലിക്കുകയാണെങ്കിൽ ഗൂഗിൾ ഉപകരണം നന്നാക്കി അതേ ദിവസം തന്നെ ഉപഭോക്താവിന് തിരികെ നൽകും.

പിക്സൽ ഫോണുകൾ, പിക്സൽ വാച്ച്, പിക്സൽ ബഡുകൾ തുടങ്ങിയ ഡിവൈസുകൾക്ക് ഈ സേവനം ലഭ്യമാകും. അതേസമയം നിലവിൽ, ഈ സേവനം ഫിറ്റ്ബിറ്റ് ഉപകരണങ്ങളിലും ഗൂഗിളിന്‍റെ സ്‍മാർട്ട് ഹോം ഉൽപ്പന്നങ്ങളിലും ബാധകമല്ല. സർവീസ് സെന്‍റർ സന്ദർശിക്കാൻ ആഗ്രഹിക്കാത്ത ഉപഭോക്താക്കൾക്ക് ഗൂഗിളിന്‍റെ മെയിൽ-ഇൻ സേവനമോ ഡോർസ്റ്റെപ്പ് പിക്കപ്പ് സേവനമോ പ്രയോജനപ്പെടുത്താം. ഗൂഗിൾ നിങ്ങളുടെ വീട്ടിൽ നിന്ന് ഉപകരണം സൗജന്യമായി എടുക്കും. അറ്റകുറ്റപ്പണികൾക്ക് ശേഷം, ഡോർസ്റ്റെപ്പ് ഡെലിവറി വഴി ഉപകരണം തിരികെ നൽകും. ഇന്ത്യയിലെ എല്ലാ പിക്സൽ ഉടമകൾക്കും ഗൂഗിൾ ഈ സേവനം സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Kollam school incident