മുംബൈ: സാംസങ്ങിന്‍റെ  ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍  സാംസങ്ങ് ഫോള്‍ഡ് ഇന്ത്യയില്‍ ചൊവ്വാഴ്ച അവതരിപ്പിക്കും. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എസ്10 അവതരിപ്പിച്ച വേദിയില്‍ ഫെബ്രുവരിയിലാണ് സാംസങ്ങ്  4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്‌ക്രീനുകളുമായി സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് ആദ്യം പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇതിന്‍റെ ഔദ്യോഗിക ലോഞ്ചിംഗ് കഴിഞ്ഞ വാരമാണ് അമേരിക്കയില്‍ നടന്നത്.

ഈ ഗാജ്ജറ്റിനെ ഇത്തരത്തിൽ സ്മാർട്ഫോണായും ടാബ്‍ലറ്റായും ഉപയോഗിക്കാൻ സഹായിക്കുന്നത് ആപ്പ് കൻട്യൂനിറ്റി എന്ന സംവിധാനമാണ്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നിവർത്തുന്ന മുറയ്ക്ക് വലിയ സ്ക്രീനിലേയ്ക്ക് കണ്ടെന്‍റ് വളരെ എളുപ്പത്തിൽ തന്നെ മാറും.

 മടക്കിയാൽ ചെറിയ സ്ക്രീനിലേയ്ക്കും കണ്ടെന്റ് മാറും. എന്നാൽ വലിയ സ്ക്രീനിൽ മടക്കിന്റെ അടയാളങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയുമില്ല. ഒരേ സമയം മൂന്ന് ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മള്‍ടി ടാസ്‌ക് സൗകര്യവും ഇതിലുണ്ട്. 

മൂന്ന് ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണിത്. നാല് ക്യാമറകളാണ് ഫോണിൽ ഉള്ളത്. ടാബ്‍ലറ്റിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്.  16 എംപി, 12 എംപി, 12 എംപി എന്നിങ്ങനെയാണ് പിൻ ക്യാമറകൾ. 10 എംപി സെൽഫി ക്യാമറയും ഉണ്ട്. ഇത് എസ്10 പ്ലസിന് സമാനമാണ്. 4,300 എംഎഎച്ചാണ് ബാറ്ററിശേഷി. ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഇന്‍റേണല്‍ സ്റ്റോറേജ് 512 ജിബിയാണ്. ഒക്ടാകോര്‍ പ്രോസ്സസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.


ഏപ്രില്‍ മാസത്തില്‍ വിപണിയില്‍ എത്തേണ്ടിയിരുന്നതായിരുന്നു സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ്.  എന്നാല്‍  ഫോണ്‍ റിവ്യൂ ചെയ്യാന്‍ നല്‍കിയപ്പോഴാണ് ഫോണിന്‍റെ സ്ക്രീന്‍ പ്രശ്നം ഉയര്‍ന്ന് വന്ന് വിവാദമായത്. സെലിബ്രേറ്റികള്‍ അടക്കമുള്ളവര്‍ക്കാണ് അന്ന് പ്രശ്നം നേരിട്ടത്. ഇപ്പോള്‍ ഫോണ്‍ പുറത്തിറക്കുമ്പോള്‍ സ്ക്രീന്‍ സംബന്ധിയായ ഫോണിന്‍റെ ഏത് പ്രശ്നത്തിലും 70 ശതമാനം ചിലവ് സാംസങ്ങ് വഹിക്കുന്ന ഒരു ഓഫറും നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ട്. 

5ജി എല്‍ടിഇ ഫോണ്‍ ആണ് ഗ്യാലക്സി ഫോള്‍ഡ്. ഫോണ്‍ ദക്ഷിണ കൊറിയയ്ക്ക് പിന്നാലെ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മന്‍, അമേരിക്ക എന്നിവിടങ്ങളിലും ഇത് വില്‍പ്പനയില്‍ എത്തുന്നുണ്ട്.  ലോകത്തെ മൊബൈല്‍ വിപണിയില്‍ ഘടനപരമായ മാറ്റം ഉണ്ടാക്കുന്നതായിരിക്കും തങ്ങളുടെ ഫോള്‍ഡ് ഫോണ്‍ എന്നാണ് സാംസങ്ങ് അവകാശപ്പെടുന്നത്. ഇപ്പോഴത്തെ ആഗോള വില ഈആ ഫോണിന് 1980 ഡോളറാണ്. അതായത്  1,41,300 രൂപ. അതിനാല്‍ തന്ന ഇന്ത്യയില്‍ 140000-150000 റേഞ്ചില്‍ ഒരു വില ഈ ഫോണിന് പ്രതീക്ഷിക്കാം.