സാംസങ് ഗാലക്‌സി എസ്26 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ സ്പെസിഫിക്കേഷനുകള്‍ സ്ഥിരതയ്ക്കും ദീർഘകാല മൂല്യത്തിനും പ്രാധാന്യം നൽകുന്നു. എസ്26 അൾട്രയെ ഒരു പ്രൊഫഷണൽ ഉപകരണമായി അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു.
സോള്‍: ദക്ഷിണ കൊറിയൻ സ്‌മാര്‍ട്ട്‌ഫോണ്‍ ഭീമനായ സാംസങ് വർഷംതോറും സംഘടിപ്പിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റ് സാധാരണയായി കൂടുതൽ മെഗാപിക്‌സലുകൾ, കൂടുതൽ ബ്രൈറ്റ്‌നസ്, കൂടുതൽ വേഗതയുള്ള പ്രോസസറുകൾ എന്നിവയുടെ പ്രഖ്യാപന വേദിയായാണ് അറിയപ്പെടുന്നത്. ഫെബ്രുവരി 25ന് നടക്കാനിരിക്കുന്ന ഗാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റില്‍ ഗ്യാലക്‌സി എസ്26 സീരീസ് ഫോണുകള്‍ അവതരിപ്പിച്ച് സാംസങ് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് എന്നാണ് ഫോബ്‌സിന്‍റെ റിപ്പോര്‍ട്ട്.
ഗാലക്‌സി എസ്26 അൾട്രയില്‍ എന്തൊക്കെ?
ഓരോ വർഷവും സ്‍പെക് യുദ്ധം നടത്തുന്നതിലൂടെ ലഭിക്കുന്ന ലാഭം കുറയുന്ന സാഹചര്യത്തിൽ, ഗാലക്‌സി എസ്26 സീരീസ് സ്ഥിരതയും ദീർഘകാല മൂല്യവും മുൻനിർത്തിയുള്ള ഉപകരണങ്ങളായി അവതരിപ്പിക്കാനാണ് സാംസങ്ങിന്‍റെ ലക്ഷ്യം എന്നാണ് സൂചന. പ്രത്യേകിച്ച്, സാംസങ് ഗാലക്‌സി എസ്26 അൾട്ര ഒരു പ്രൊഫഷണൽ ടൂൾ എന്ന നിലയിലേക്ക് ഉയർത്തപ്പെടും. മുൻ ഗ്യാലക്‌സി നോട്ട് മോഡലുകളിലുള്ള കോണിയ രൂപകൽപ്പനയ്ക്ക് പകരം കൂടുതൽ ഏകീകരിച്ച ഡിസൈൻ ഗാലക്‌സി എസ്26 അള്‍ട്ര സ്വീകരിക്കുമെന്നാണ് സൂചന. ഇതിലൂടെ ഉപഭോക്തൃ-കേന്ദ്രീകൃതവും ബിസിനസ്-കേന്ദ്രീകൃതവുമായ മോഡലുകൾക്കിടയിലെ വിടവ് കുറയ്ക്കാനാണ് കമ്പനിയുടെ ശ്രമം.
കൂടുതൽ കട്ടിയുള്ള എ14 ഒഎൽഇഡി ഡിസ്പ്ലേയും മെച്ചപ്പെടുത്തിയ ക്യാമറ മോഡ്യൂളും മികച്ച കാര്യക്ഷമതയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഏറെ ശ്രദ്ധ നേടുന്ന ഒരു പുതിയ ഫീച്ചറായ പ്രൈവസി ഫിൽറ്ററും സാംസങ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് സ്ക്രീനിൽ നേരിട്ട് നോക്കുന്ന വ്യക്തിക്ക് മാത്രമേ വിവരങ്ങൾ വ്യക്തമായി കാണാൻ സാധിക്കൂ എന്ന രീതിയിൽ പ്രവർത്തിക്കും.
എഐ വിഭാഗത്തിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഗ്യാലക്‌സി എഐ എന്ന ബ്രാൻഡിലൂടെ സാംസങ് കൂടുതൽ ‘ഏജെന്‍റിക് എഐ’ സംവിധാനങ്ങളിലേക്ക് നീങ്ങുകയാണ്. ക്ലൗഡിനുപകരം കൂടുതൽ പ്രോസസിംഗ് പ്രവർത്തികളും ഫോണിൽ തന്നെയാക്കിമാറ്റി സ്വകാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ തലമുറ ചിപ്‌സെറ്റുകൾ കൂടുതൽ ലോക്കൽ എഐ പ്രോസസിംഗിന് സഹായകരമാകും.
വിലക്കുറവിനേക്കാൾ ദീർഘകാല മൂല്യമാണ് സാംസങ് പൊതുവേ മുൻനിർത്തുന്നത്. ഏഴ് വർഷം വരെ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിൽ, ബാറ്ററിയുടെ ആയുസ് സംരക്ഷിക്കുന്നതിനുള്ള മിതമായ ചാർജിംഗ് നയം തുടരാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. വിപണിയിലെ കടുത്ത മത്സരത്തിനിടെ, ഗ്യാലക്‌സി എസ്26 അൾട്ര സ്‍മാർട്ട്ഫോൺ ഉപയോക്താക്കളുടെ അനുഭവത്തെ പുനർനിർവചിക്കാൻ ശ്രമിക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു. ഗ്യാലക്‌സി എസ്26 അൾട്ര, എസ്26+, എസ്26 എന്നീ മോഡലുകൾ വഴി സ്‍മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള ഉപയോക്താക്കളുടെ സമീപനത്തെ തന്നെ സാംസങ് പുതുക്കിയേക്കും.



