ഗാലക്‌സി സ്സെഡ് ഫോൾഡ് 7, ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7 എന്നിവയ്ക്ക് മുന്‍ഗാമിയേക്കാള്‍ വിലയേറാന്‍ സാധ്യത

ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ജൂലൈ 9ന് നടക്കുന്ന ഗാലക്‌സി അൺപാക്‌ഡ് 2025 ഇവന്‍റില്‍ ഗാലക്‌സി സ്സെഡ് ഫോൾഡ് 7, ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7 ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഈ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് യൂറോപ്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വിലകള്‍ ഇപ്പോള്‍ ലീക്കായിരിക്കുകയാണ്. ഗാലക്‌സി സ്സെഡ് ഫോൾഡ് 7, ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7 എന്നിവയുടെ ലോഞ്ച് വിലകൾ അവയുടെ മുൻഗാമികളേക്കാൾ കൂടുതലായിരിക്കുമെന്നാണ് സൂചന.

ഒരു ഇറ്റാലിയൻ ഓൺലൈൻ റീട്ടെയിലിംഗ് സൈറ്റിൽ, യഥാക്രമം Q7, B7 എന്നീ കോഡ്‌നാമങ്ങളിൽ സാംസങ് ഗാലക്‌സി Z ഫോൾഡ് 7 ഉം ഗാലക്‌സി Z ഫ്ലിപ്പ് 7 ഉം ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗാഡ്‍ജെറ്റ്സ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളുടെ പ്രതീക്ഷിക്കുന്ന വിലകൾ ലിസ്റ്റിംഗുകൾ വെളിപ്പെടുത്തി. ഇറ്റലിയിൽ സാംസങ് ഗാലക്‌സി സ്സെഡ് ഫോൾഡ് 7-ന്‍റെ 256 ജിബി വേരിയന്‍റിന് 2,227.71 യൂറോയും (ഏകദേശം 2,23,000 രൂപ), 512 ജിബി ഓപ്ഷന് 2,309.03 യൂറോയും (ഏകദേശം 2,31,100 രൂപ) വില വരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സാംസങ് ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7-ന്‍റെ 512 ജിബി സ്റ്റോറേജ് ഓപ്ഷന് 1,425.51 യൂറോ (ഏകദേശം 1,43,000 രൂപ) ആയിരിക്കും വില എന്നാണ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്.

സാംസങ് ഗാലക്‌സി സ്സെഡ് ഫോൾഡ് 7, ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7 എന്നിവയുടെ ലോഞ്ച് വിലകൾ അവയുടെ മുൻ മോഡലുകളേക്കാൾ വളരെ ഉയർന്നതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഗാലക്‌സി സ്സെഡ് ഫോൾഡ് 6, ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 6 എന്നിവയുടെ 512 ജിബി സ്റ്റോറേജ് വേരിയന്‍റുകൾക്ക് യഥാക്രമം 2,119 യൂറോ (ഏകദേശം 2,12,100 രൂപ), 1,319 യൂറോ (ഏകദേശം 1,32,000 രൂപ) ആയിരുന്നു വില. മേൽ സൂചിപ്പിച്ച സാംസങ് ഗാലക്‌സി സ്സെഡ് ഫോൾഡ് 7, ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7 എന്നിവയുടെ വിലകളിൽ ഇറ്റലിയുടെ 22 ശതമാനം വാറ്റ് (മൂല്യവർദ്ധിത നികുതി) ഉൾപ്പെടും. അതിനാൽ യൂറോപ്യൻ വിപണികളിലുടനീളം വിലകൾ വ്യത്യാസപ്പെടാം.

സാംസങ് ഗാലക്‌സി സ്സെഡ് ഫോൾഡ് 7 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7 256 ജിബി, 512 ജിബി ഓൺബോർഡ് സ്റ്റോറേജ് പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്. ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ബ്ലൂ ഷാഡോ, ജെറ്റ് ബ്ലാക്ക്, സിൽവർ ഷാഡോ നിറങ്ങളിൽ വന്നേക്കാം. ക്ലാംഷെൽ ഫോൾഡബിൾ ബ്ലൂ ഷാഡോ, കോറൽ റെഡ്, ജെറ്റ് ബ്ലാക്ക് നിറങ്ങളിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News