ഗാലക്സി അൺപാക്‌ഡ് ഇവന്‍റിൽ അനാച്ഛാദനം ചെയ്യാനിരിക്കുന്ന സ്‌മാര്‍ട്ട്‌ഫോണുകളാണ് സാംസങ് ഗാലക്‌സി സ്സെഡ് ഫോൾഡ് 7, ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7

സാംസങിന്‍റെ പുതിയ ഫോൾഡബിൾ ഫോണുകളായ ഗാലക്‌സി സ്സെഡ് ഫോൾഡ് 7, ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7 എന്നിവ അടുത്ത ആഴ്ച പുറത്തിറങ്ങിയേക്കും. ഈ ഹാൻഡ്‌സെറ്റുകളുടെ സ്പെസിഫിക്കേഷനുകൾ, സവിശേഷതകൾ, വില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നേരത്തെ ഓൺലൈനിൽ പുറത്തുവന്നിരുന്നു. വരാനിരിക്കുന്ന ഈ സാംസങ് സ്‍മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ആക്‌സസറികളുടെ വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. സിലിക്കൺ, ക്ലിയർ, ഫോക്സ് ലെതർ, കാർബൺ ഫൈബർ കെയ്‌സുകൾ, ആന്‍റി-റിഫ്ലെക്റ്റീവ് സ്‌ക്രീൻ പ്രൊട്ടക്ടർ തുടങ്ങിയവ രണ്ട് ഫോള്‍ഡബിള്‍ ഫോണുകൾക്കും കമ്പനി പുറത്തിറക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഗാലക്സി അൺപാക്‌ഡ് ഇവന്‍റിൽ അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സാംസങ് ഗാലക്സി സ്സെഡ് ഫോൾഡ് 7-ന്‍റെ മൂന്നുതരം കെ‌യ്‌സുകളുടെ ചിത്രങ്ങളാണ് ആൻഡ്രോയ്‌ഡ് ഹെഡ്‌ലൈൻസ് പുറത്തുവിട്ടത്. കമ്പനി കാർബൺ ഷീൽഡ് കെയ്‌‌സ്, ക്ലിയർ കെയ്‌‌സ്, സിലിക്കൺ കെയ്‌‌സ് എന്നിവ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ലിയർ കെയ്‌സിൽ ഫോൾഡ് എന്ന വാക്ക് എംബോസ് ചെയ്ത ഒരു ഗ്രിപ്പ് സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഈ കേസിൽ ഫോണിന്‍റെ പിൻഭാഗം മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. അതേസമയം, പുതിയ കാർബൺ ഷീൽഡ് കേസിൽ കവർ ഡിസ്പ്ലേ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ചെറിയ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിലിക്കൺ കേസ് കറുപ്പ്, നീല, ചാര, മിന്‍റ് നിറങ്ങളിൽ കാണപ്പെടുന്നു. ഒപ്പം ഒരു കിക്ക്സ്റ്റാൻഡിൽ ഫോൾഡ് എന്ന വാക്ക് എംബോസ് ചെയ്തിട്ടുമുണ്ട്.

ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7-നായി സാംസങ് ഒരു ക്ലിയർ കെയ്‌സ്, കൈൻഡ്‌സ്യൂട്ട് കെയ്‌‌സ്, ഒരു സിലിക്കൺ റിംഗ് കെയ്‌‌സ് എന്നിവ പുറത്തിറക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മടക്കാവുന്ന പാനലുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു റിംഗ് ഉള്ള രണ്ട് വേരിയന്‍റുകളിൽ ക്ലിയർ കേസ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ക്ലിയർ കെയ്‌സ് വേരിയന്‍റുകളിൽ ഒന്നിൽ വയർലെസ് ചാർജിംഗിനായി ബിൽറ്റ്-ഇൻ മാഗ്നറ്റുകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7-നുള്ള സാംസങ് കിൻഡ്‌സ്യൂട്ട് കെയ്‌സ് (ഫോക്സ് ലെതർ) കറുപ്പ്, ഒട്ടകം, ടൗപ്പ് എന്നീ നിറങ്ങളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഉപഭോക്താക്കൾക്ക് സാംസങ് ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7-നുള്ള സിലിക്കൺ റിംഗ് കെയ്‌സ് കറുപ്പ്, നീല, കോറൽ, മിന്‍റ്, ചുവപ്പ് നിറങ്ങളിൽ വാങ്ങാനും കഴിയും.

സാംസങ് ഗാലസി സ്സെഡ് ഫോൾഡ് 7, ഗാലക്സി സ്സെഡ് ഫ്ലിപ്പ് 7 എന്നിവയിൽ കവർ ഡിസ്പ്ലേ സംരക്ഷിക്കുന്നതിനായി ഒരു ഓപ്ഷണൽ ഫസ്റ്റ്-പാർട്ടി ആന്‍റി-റിഫ്ലെക്റ്റീവ് ഫിലിം കൂടി സജ്ജീകരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജൂലൈ 9ന് നടക്കുന്ന ഗാലക്സി അൺപാക്‌ഡ് 2025 പരിപാടിയിൽ സാംസങ് മടക്കാവുന്ന പുത്തന്‍ ഫോണുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്