ഏറ്റവും കട്ടി കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഫോള്‍ഡബിള്‍ സ്മാർട്ട്‌ഫോണായിരിക്കും ഗാലക്‌സി ഇസഡ് ഫോൾഡ് 7 എന്ന് സാംസങ്
ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങിന്‍റെ അടുത്ത ഫോൾബിൾ ഫോണുകളുടെ സീരീസ് ഉടൻ പുറത്തിറങ്ങും. ഈ സ്മാർട്ട്‌ഫോൺ പരമ്പരയിൽ ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 എന്നിവ ഉൾപ്പെടും എന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കട്ടി കുറഞ്ഞതും ഭാരം കുറഞ്ഞതുമായ മടക്കാവുന്ന (ഫോള്‍ഡബിള്‍) സ്മാർട്ട്‌ഫോണായിരിക്കും ഗാലക്‌സി ഇസഡ് ഫോൾഡ് 7 എന്ന് കമ്പനി അവകാശപ്പെടുന്നു.
മടക്കാവുന്ന സ്മാർട്ട്‌ഫോണുകളുടെ വിഭാഗത്തിലെ ഏറ്റവും കട്ടി കുറഞ്ഞതും ഭാരം കുറഞ്ഞതും ഏറ്റവും നൂതനവുമായതായിരിക്കും വരാനിരിക്കുന്ന ഗാലക്‌സി ഇസഡ് സീരീസ് എന്ന് സാംസങ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഈ പോസ്റ്റിൽ ഒരു ബുക്ക്-സ്റ്റൈൽ മടക്കാവുന്ന സ്മാർട്ട്‌ഫോണിന്റെ വീഡിയോയുണ്ട്. ഗാലക്‌സി ഇസഡ് ഫോൾഡ് 7 ആണ് ഈ ഫോൺ എന്ന് ഈ വീഡിയോ സൂചിപ്പിക്കുന്നു. പുതിയ ഗാലക്‌സി ഇസഡ് സീരീസിന്‍റെ ഡിസൈനർമാരും എഞ്ചിനീയർമാരും ഡിവൈസുകൾ കൂടുതൽ മെലിഞ്ഞതും ഭാരം കുറഞ്ഞതും ഈടുനിൽക്കുന്നതുമാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് കമ്പനി പറഞ്ഞു. ഈ സ്മാർട്ട്‌ഫോൺ ഒരു അൾട്രാ ലെവൽ അനുഭവം നൽകുമെന്ന് സാംസങ് പറഞ്ഞു. ഗാലക്‌സി ഇസഡ് ഫോൾഡ് 7 ന് 200 മെഗാപിക്സൽ പ്രൈമറി റീയര്‍ ക്യാമറ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.
അടുത്തിടെ, ഗാലക്സി Z ഫോൾഡ് 7 വയർലെസ് പവർ കൺസോർഷ്യം (WPC) വെബ്സൈറ്റിൽ കണ്ടിരുന്നു. ഇതിന്‍റെ മോഡൽ നമ്പർ SM-D617D ആണ്. ഈ ലിസ്റ്റിംഗ് Qi 2.1 വയർലെസ് ചാർജിംഗിനുള്ള പിന്തുണയെ സൂചിപ്പിക്കുന്നു. ഇതിന് ബേസ്‌ലൈൻ പവർ പ്രൊഫൈൽ (BPP) പിന്തുണയ്ക്കാൻ കഴിയും. അതായത് വയർലെസ് ചാർജിംഗിനോ മാഗ്നറ്റിക് ആക്‌സസറികൾക്കോ വേണ്ടിയുള്ള ബിൽറ്റ്-ഇൻ മാഗ്നറ്റുകൾ ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടാകില്ല. സാംസങിന്‍റെ ഗാലക്‌സി എസ്25 സീരീസിൽ Qi ചാർജിംഗിനും BPP-ക്കും പിന്തുണയുമാണുണ്ടായിരുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന അതിവേഗം വളർന്നു. ഈ വിഭാഗത്തിൽ ഏറ്റവും ഉയർന്ന വിപണിവിഹിതം സാംസങിനാണ്. കമ്പനിയുടെ ഗാലക്‌സി ഇസഡ് ഫോൾഡ് 7-ന്‍റെ കനം തുറന്നിരിക്കുമ്പോള്‍ 3.9 മില്ലീമീറ്ററും മടക്കുമ്പോൾ 8.9 മില്ലീമീറ്ററും ആകാം. ഗാലക്‌സി ഇസഡ് ഫോൾഡ് 6-ന്‍റെ കനം മടക്കുമ്പോൾ 12.2 മില്ലീമീറ്ററും വിടർത്തുമ്പോൾ 5.6 മില്ലീമീറ്ററുമാണ്. വലിയ സ്മാർട്ട്‌ഫോൺ കമ്പനികളിലൊന്നായ ഒപ്പോ, തങ്ങളുടെ ഫൈൻഡ് എൻ5 ഏറ്റവും കനം കുറഞ്ഞ മടക്കാവുന്ന സ്മാർട്ട്‌ഫോണാണെന്ന് അവകാശപ്പെട്ടിരുന്നു. ഈ സ്മാർട്ട്‌ഫോണിന്‍റെ കനം മടക്കുമ്പോൾ 8.93 മില്ലീമീറ്ററും നിവർത്തുമ്പോൾ 4.21 മില്ലീമീറ്ററുമാണ്.

