ദില്ലി എന്‍സിആര്‍ പരിധിയില്‍ രണ്ടാമത്തെ ആപ്പിള്‍ സ്റ്റോര്‍ തുറക്കുന്നു. നോയിഡയിലെ ഡിഎല്‍എഫ് മാളില്‍ ഡിസംബര്‍ 11ന് ആപ്പിളിന്‍റെ റീടെയ്‌ല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപനം.
നോയിഡ: ഇന്ത്യയില്‍ ആപ്പിളിന്‍റെ അടുത്ത റീടെയ്‌ല്‍ സ്റ്റോര്‍ വരുന്നു. നോയിഡയിലെ ഡിഎല്‍എഫ് മാളില്‍ ഡിസംബര്‍ 11ന് ആപ്പിള്‍ സ്റ്റോര്‍ തുറക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. അന്നേദിനം ഉച്ചയ്‌ക്ക് ഒരു മണിക്കാണ് നോയിഡ ആപ്പിള്‍ സ്റ്റോര്‍ തുറക്കുക. ഇതോടെ ദില്ലി നാഷണല്‍ ക്യാപിറ്റല്‍ റീജിയണില്‍ (എന്‍സിആര്‍) ആപ്പിള്‍ റീടെയ്‌ല്‍ സ്റ്റോറുകളുടെ എണ്ണം രണ്ടാകും. ന്യൂ ദില്ലിയിലെ സാകേതില്‍ ഇതിനകം ഒരു ആപ്പിള്‍ സ്റ്റോര്‍ നിലവിലുണ്ട്.
ആപ്പിള്‍ ഇന്ത്യയില്‍ സ്റ്റോറുകള്‍ വിപുലീകരിക്കുന്നു
രാജ്യത്ത് ആപ്പിള്‍ റീടെയ്‌ല്‍ ശൃംഖല വര്‍ധിപ്പിക്കുന്നതില്‍ അടുത്ത നാഴികക്കല്ലാണ് നോയിഡയിലെ സ്റ്റോര്‍. നോയിഡയിലെ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ഉത്പന്നങ്ങള്‍ വാങ്ങാനും ആപ്പിളിന്‍റെ അവിസ്‌മരണീയമായ ഷോപ്പിംഗ് അനുഭവം നേരിട്ടറിയാനുമുള്ള അവസരമാണിതെന്നും ആപ്പിള്‍ അധൃകൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ബെംഗളൂരുവിലെ ഹെബ്ബാളിലും പൂനെയിലെ കൊറേഗാവ് പാര്‍ക്കിലും പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ തുറന്നിരുന്നു. ഹെബ്ബാളിലെയും പൂനെയിലെയും ആപ്പിള്‍ സ്റ്റോറുകള്‍ പോലെ മയിൽപ്പീലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനിലാണ് നോയിഡ സ്റ്റോറും തയ്യാറാക്കുന്നത്.
നോയിഡ സ്റ്റോര്‍ തുറക്കുന്നതിന് മുന്നോടിയായി എക്‌സ്‌ക്ലുസീവ് നോയിഡ വാള്‍പേപ്പറുകളും, നഗരവുമായി ബന്ധപ്പെട്ട ശബ്‌ദങ്ങള്‍ ഉള്‍ച്ചേര്‍ത്ത പുതിയ ആപ്പിള്‍ മ്യൂസിക് പ്ലേലിസ്റ്റും കമ്പനി അവതരിപ്പിച്ചു. നോയിഡയിലെ പുതിയ ആപ്പിള്‍ സ്റ്റോറില്‍ ഏറ്റവും പുതിയ ഐഫോണ്‍ 17 ലൈനപ്പ്, എം5 കരുത്തിലുള്ള ഐപാഡ് പ്രോ, മാക്‌ബുക്ക് പ്രോ 14 അടക്കമുള്ള ഗാഡ്‌ജറ്റുകള്‍ ലഭ്യമായിരിക്കും.
മുംബൈയിലും പുത്തന്‍ ആപ്പിള്‍ സ്റ്റോര്‍ വരും
ഇന്ത്യയില്‍ ബിസിനസ് വര്‍ധിപ്പിക്കാനുള്ള ആപ്പിളിന്‍റെ വലിയ നീക്കത്തിന്‍റെ ഭാഗമാണ് നോയിഡയില്‍ വരാന്‍ പോകുന്ന ആപ്പിള്‍ റീടെയ്‌ല്‍ സ്റ്റോറും. മുംബൈയിലും ദില്ലി-എന്‍സിആറിലും ബെംഗളൂരുവിലും പൂനെയിലും സ്റ്റോറുകള്‍ തുറക്കുമെന്ന് ആപ്പിള്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു, പൂനെ സ്റ്റോറുകള്‍ ഇതിനകം തുറന്നതിനാല്‍ ആപ്പിളിന്‍റെ വിപുലീകരണ പദ്ധതികളിലെ മൂന്നാം സ്റ്റോറാകും നോയിഡയിലേത്. ബോറിവലിയിലെ ഒബ്‌റോയ് സ്‌കൈ സിറ്റി മാളില്‍ സ്റ്റോര്‍ തുടങ്ങാന്‍ ആപ്പിള്‍ സ്ഥലം വാടകയ്‌ക്ക് എടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിയെങ്കില്‍ മുംബൈ മഹാനഗരത്തിലെ രണ്ടാമത്തെ ആപ്പിള്‍ റീടെയ്‌ല്‍ സ്റ്റോറായിരിക്കും ഇത്.



