പുതിയൊരു ലോഞ്ച് സ്ഥിരീകരിച്ച് ആപ്പിൾ സിഇഒ; വരുന്നത് ഐഫോൺ എസ്ഇ 4 എന്ന് സൂചന
ആപ്പിളിന്‍റെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോണ്‍ മോഡലുകളിലൊന്നാണ് ഐഫോണ്‍ എസ്ഇ 4

കാലിഫോര്‍ണിയ: ആകാംക്ഷ ഏറെയുണര്‍ത്തി പുതിയ ലോഞ്ച് സ്ഥിരീകരിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്. ഫെബ്രുവരി 19ന് ഒരു പ്രത്യേക ആപ്പിൾ ഉൽപ്പന്നത്തിന്‍റെ ലോഞ്ച് നടക്കും എന്നാണ് ടിം കുക്കിന്‍റെ ട്വീറ്റ്. വരാനിരിക്കുന്ന നാലാം തലമുറ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എസ്ഇ 4 ആണ് ഫെബ്രുവരി 19ന് പുറത്തിറങ്ങുന്ന ആപ്പിള്‍ ഉല്‍പ്പന്നം എന്നാണ് സൂചന.
കൂടുതൽ വിശദാംശങ്ങൾ നൽകാതെ, മെറ്റാലിക് ആപ്പിൾ ലോഗോയുടെ ഒരു ചെറിയ ആനിമേഷൻ ടിം കുക്ക് എക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. “കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ കാണാൻ തയ്യാറാകൂ,” എന്നും അദ്ദേഹം എഴുതി. വ്യക്തമായും ഇതിനർത്ഥം ഫെബ്രുവരി 19ന് ആപ്പിൾ ഒരു പുതിയ ഉൽപ്പന്നം മാത്രമേ അവതരിപ്പിക്കുകയുള്ളൂ എന്നാണ്. ഇത് ഒരു പതിവ് സമ്പൂര്‍ണ 'ലോഞ്ച് ഇവന്‍റ്' അല്ല, മറിച്ച് ഒരൊറ്റ ലോഞ്ച് മാത്രമാണ്. അതേസമയം ഫെബ്രുവരി 19-ന് ലോഞ്ചിന് ഏറ്റവും സാധ്യതയുള്ള മോഡൽ ഐഫോൺ എസ്ഇ 4 ആണെന്നാണ് റിപ്പോർട്ടുകൾ. ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്ഫോണായ ഐഫോൺ എസ്ഇ 4 ഈ മാസം അവസാനം പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Read more: ആമസോണിൽ ഐഫോൺ 15 സീരീസിന് വൻ വിലക്കുറവ്; മറ്റ് ഐഫോണുകള്‍ക്കും മികച്ച ഡീലുകള്‍
പുതിയ ഐഫോൺ എസ്ഇ 4ൽ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ഒഎൽഇഡി എഡ്‍ജ്-ടു-എഡ്‍ജ് ഡിസ്പ്ലേ, ഫേസ് ഐഡി, എ18 ചിപ്പ്, യുഎസ്‍ബി-സി ചാർജിംഗ് പോർട്ട്, 8 ജിബി റാം, ആപ്പിൾ ഇന്‍റലിജൻസ് പിന്തുണ, 48 എംപി ക്യാമറ, ആപ്പിളിന്‍റെ പുതിയ 5ജി മോഡം തുടങ്ങിയവ ഉൾപ്പെടുന്നു. വരാനിരിക്കുന്ന ഐഫോൺ മോഡൽ ഐഫോൺ 14ന് സമാന ഡിസൈനിലായിരിക്കും. വലിയ ഡിസ്‌പ്ലേയും ഫേസ് ഐഡിയും ഇതിൽ ഉൾപ്പെടും. അതായത് 2007ൽ സ്റ്റീവ് ജോബ്‌സ് യഥാർഥ ഐഫോണിൽ അവതരിപ്പിച്ച ഐക്കണിക് ഹോം ബട്ടണിന്‍റെ അവസാനം ഇത് സൂചിപ്പിക്കുന്നു. ടിം കുക്കിന്‍റെ പോസ്റ്റിൽ ഹോം ബട്ടൺ മങ്ങുന്നത് കാണിക്കുന്ന ഒരു ആനിമേഷൻ കാണാം. ഇത് ഹോം ബട്ടൻ അവസാനിക്കുന്നതിന്‍റെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ.
ബ്ലൂംബെർഗ് ന്യൂസിന്‍റെ റിപ്പോർട്ട് പ്രകാരം, ഐഫോൺ 16ൽ നിലവിൽ കാണുന്ന എ18 ചിപ്പ് ആയിരിക്കും ഐഫോണ്‍ എസ്ഇ 4ന് കരുത്ത് പകരുക. കൂടാതെ ആപ്പിൾ ഇന്‍റലിജൻസ് സവിശേഷതകളും ഇതിൽ ഉൾപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
