അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഒട്ടുമിക്ക കമ്പനികളുടെയും മാതൃ കമ്പനിയാണ് ദി ട്രംപ് ഓര്‍ഗനൈസേഷന്‍

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷന്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും. 'ട്രംപ് മൊബൈല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രാന്‍ഡ് 499 ഡോളര്‍ (ഏകദേശം 43,001 രൂപ) വിലയുള്ള 'ടി1 ഫോണ്‍' സ്‌മാര്‍ട്ട്‌ഫോണാണ് ആദ്യം പുറത്തിറക്കുന്നത്. യുഎസ് ആസ്ഥാനമായി തുടങ്ങിയിരിക്കുന്ന ട്രംപ് മൊബൈല്‍ കമ്പനി നിര്‍മ്മിക്കുന്ന ഫോണുകള്‍ പൂര്‍ണമായും 'മെയ്‌ഡ് ഇന്‍ യുഎസ്' ആയിരിക്കും എന്ന് ഡോണള്‍ഡ് ട്രംപിന്‍റെ മകന്‍ എറിക് വ്യക്തമാക്കി.

സ്വര്‍ണ നിറത്തിലുള്ള ഫോണാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ടി1 ഫോണ്‍. ഈ ഫോണിന് 499 ഡോളറാണ് അമേരിക്കയില്‍ വിലയെങ്കില്‍ മാസം തോറുമുള്ള റീചാര്‍ജിന് 47.45 ഡോളര്‍ (ഏകദേശം 4,000 രൂപ) നല്‍കണം. നിലവില്‍ അമേരിക്കയില്‍ എടി&ടി, വെലിസോണ്‍, ടി-മൊബൈല്‍ എന്നീ മൂന്ന് കമ്പനികളാണ് മൊബൈല്‍ ഫോണ്‍ രംഗത്തെ വലിയ ഓപ്പറേറ്റര്‍മാര്‍. ഈ കമ്പനികളെല്ലാം മാസം 40 ഡോളറില്‍ താഴെ വില വരുന്ന പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. അതിനിടെയാണ് വലിയ തുകയുടെ പ്ലാനുമായി ട്രംപ് മൊബൈലിന്‍റെ കടന്നുവരവ്. '47 പ്ലാന്‍' റീചാര്‍ജ് ചെയ്യുമ്പോള്‍ പരിധിയില്ലാത്ത കോളും ഡാറ്റയും മെസേജിംഗും ലഭിക്കും. ഇതിന് പുറമെ, ടെലിഹെല്‍ത്ത് സൗകര്യവും റോഡ്‌സൈഡ് അസിസ്റ്റന്‍സും ലഭിക്കും. സെപ്റ്റംബര്‍ മാസം വിപണിയിലെത്താനിരിക്കുന്ന ടി1 മൊബൈല്‍ ഫോണ്‍ 100 ഡോളര്‍ നല്‍കി ഇപ്പോള്‍ പ്രീ-ബുക്ക് ചെയ്യാം.

പൂര്‍ണമായും 'യുഎസ് മെയ്‌ഡ്' സ്‌മാര്‍ട്ട്‌ഫോണായിരിക്കും ഇതെന്ന് എറിക് അവകാശപ്പെട്ടു. എന്നാല്‍ പൂര്‍ണമായും മെയ്‌ഡ് ഇന്‍ യുഎസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കാന്‍ ട്രംപിന്‍റെ കമ്പനിക്കാവില്ല എന്ന് വിലയിരുത്തലുകളുണ്ട്. സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിനുള്ള ഭാഗങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി മറ്റ് രാജ്യങ്ങളെ ട്രംപ് മൊബൈല്‍ കമ്പനിക്ക് ആശ്രയിക്കേണ്ടിവരും എന്നാണ് വിപണി വിദഗ്‌ധരുടെ പക്ഷം. ട്രംപ് ഓര്‍ഗനൈസേഷന്‍റെ ടി1 ഫോണിന്‍റെ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും അറിവായിവരുന്നതേയുള്ളൂ.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഒട്ടുമിക്ക കമ്പനികളുടെയും മാതൃ കമ്പനിയാണ് ദി ട്രംപ് ഓര്‍ഗനൈസേഷന്‍. പതിറ്റാണ്ടുകളായി അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ്, ആഡംബര ഹോട്ടല്‍, ഹോള്‍ഫ് റിസോര്‍ട്ടുകളുടെ ബിസിനസ് രംഗത്തുള്ള ട്രംപ് ഓര്‍ഗനൈസേഷന്‍ അടുത്ത വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ മീഡിയ, ക്രിപ്റ്റോ‌കറന്‍സി രംഗത്തേക്കും പ്രവേശിച്ചിരുന്നു. ട്രംപ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദേഹത്തിന്‍റെ മക്കളാണ് ബിസിനസ് മേല്‍നോട്ടം വഹിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും അധികാര ദുര്‍വിനിയോഗം നടത്തി സ്വന്തം കീശ വീര്‍പ്പിക്കാനാണ് ട്രംപിന്‍റെ പുത്തന്‍ ബിസിനസ് തന്ത്രങ്ങളെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News