ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ ഇന്ത്യയിൽ തങ്ങളുടെ വിവിധ ഹാൻഡ്‌സെറ്റ് മോഡലുകൾക്ക് വില വർധിപ്പിച്ചു. വിവോ ടി5എക്‌സ്, വി70, വൈ31 5ജി തുടങ്ങിയ മോഡലുകൾക്ക് 1,000 രൂപ മുതൽ 4,000 രൂപ വരെയാണ് വില വർധിച്ചത്. ഫോൺ ഘടകങ്ങളുടെ വില വർധനവാണ് ഇതിന് കാരണമെന്നാണ് സൂചന.

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ വിവിധ ഹാന്‍ഡ്‌സെറ്റ് മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. വിവോ ടി5എക്‌സ്, വിവോ വി70, വിവോ വൈ31 5ജി എന്നിവ വില കൂട്ടിയ സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുന്നു. എന്തുകൊണ്ടാണ് ഇന്ത്യയില്‍ വിവിധ ഫോണ്‍ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചത് എന്ന് വിവോ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഫോണ്‍ ഘടകങ്ങളുടെ വില വര്‍ധനവാണ് കാരണമെന്നാണ് അനുമാനം. ഇതേ കാരണത്താല്‍ മറ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളും അടുത്തിടെ ഫോണുകളുടെ വിലകള്‍ ഉയര്‍ത്തിയിരുന്നു.

സ്‌മാര്‍ട്ട്‌ഫോണുകളുടെ വില കൂട്ടി വിവോ

പ്രമുഖ ടിപ്‌സ്റ്ററായ അഭിഷേക് യാദവ് എക്‌സില്‍ പങ്കുവച്ച വിവരങ്ങള്‍ പ്രകാരം, ഇന്ന് ഏപ്രില്‍ 21-നാണ് വിവോ വിവിധ ഫോണ്‍ മോഡലുകളുടെ വിലകള്‍ വര്‍ധിപ്പിച്ചത്. 1,000 രൂപ മുതല്‍ 4,000 രൂപ വരെയാണ് വിവിധ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് വില കൂടിയത്. ഈ വില വര്‍ധനവ് വിവോ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവോ ടി5എക്‌സ് അതിന്‍റെ എല്ലാ സ്റ്റോറേജുകളിലും 4,000 രൂപയുടെ വര്‍ധനവ് വരുത്തി. നേരത്തെ 18,999 രൂപയുണ്ടായിരുന്ന 6 ജിബി + 128 ജിബി അടിസ്ഥാന സ്റ്റോറേജ് വേരിയന്‍റിന് ഇപ്പോഴത്തെ പുതുക്കിയ വില 22,999 രൂപയാണ്. വിവോ ടി5എക്‌സ് 8 ജിബി + 128 ജിബി വേരിയന്‍റിന് 24,999 രൂപയും 8 ജിബി + 256 ജിബി വേരിയന്‍റിന് 26,999 രൂപയുമാണ് വില.

അതേസമയം വിവോ വി70 എലൈറ്റിന്‍റെ 8 ജിബി + 256 ജിബി വേരിയന്‍റിന് നേരത്തെ 51,999 രൂപയായിരുന്നെങ്കില്‍ ഇപ്പോഴത്തെ വില 55,999 രൂപയാണ്. മുമ്പ് 56,999 രൂപ വിലയുണ്ടായിരുന്ന 12 ജിബി + 256 ജിബി മോഡലിന് ഇപ്പോള്‍ 59,999 രൂപ നല്‍കണം. വിവോ വി70 സ്‌മാര്‍ട്ട്‌ഫോണിന്‍റെ എല്ലാ സ്റ്റോറേജ് വേരിയന്‍റുകളിലും 4,000 രൂപയുടെ വര്‍ധനവും കമ്പനി വരുത്തി. 45,999 രൂപ വിലയുണ്ടായിരുന്ന 8 ജിബി + 256 ജിബി വേരിയന്‍റിന്‍റെ പുതിയ വില 49,999 രൂപയാണ്. നേരത്തെ 49,999 രൂപയായിരുന്ന 12 ജിബി + 256 ജിബി മോഡല്‍ വാങ്ങണമെങ്കില്‍ ഇപ്പോള്‍ 53,999 രൂപ നല്‍കണം.

വിവോ വൈ സീരീസിലും വില വര്‍ധനവ്

വിവോ വൈ400, വൈ51 പ്രോ, വൈ31 5ജി എന്നിവയാണ് ശ്രദ്ധേയമായ വില വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്ന മറ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍. വിവോ വൈ400-ന്‍റെ എല്ലാ വേരിയന്‍റുകളിലും 4,000 രൂപയുടെ വര്‍ധനവുണ്ട്. അതേസമയം വിവോ വൈ51 പ്രോ വേരിയന്‍റുകളില്‍ 3,000 രൂപയുടെയും വിവോ വൈ31 5ജി ഫോണുകളില്‍ 1,000 രൂപ മുതല്‍ 3,000 രൂപ വരെ വില കൂടിയിട്ടുണ്ട്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News