മീഡിയടെക് ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റ്, 50 എംപി പ്രൈമറി റിയര്‍ ക്യാമറ, 32 എംപി സെല്‍ഫി ക്യാമറ സഹിതമാണ് ഫോണിന്‍റെ വരവ് 

തിരുവനന്തപുരം: 20,000 രൂപയില്‍ താഴെ വരുന്ന സെഗ്മെന്‍റില്‍ വിവോ പുതിയ 5ജി സ്‌മാര്‍ട്ട്‌ഫോണായ വിവോ ടി4ആര്‍ (Vivo T4R 5G) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ മീഡിയടെക് ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റും മൂന്ന് റാം, സ്റ്റോറേജ് വേരിയന്‍റുകളും രണ്ട് കളര്‍ ഓപ്ഷനുകളും സഹിതമാണ് വിവോ ടി4ആര്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. വില്‍പനയുടെ ആരംഭത്തില്‍ തന്നെ ഓഫറുകളും ലഭ്യം. വിവോ ടി4ആര്‍ 5ജിയുടെ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും വിശദമായി അറിയാം.

വിവോ ടി4ആര്‍ 5ജി സവിശേഷതകള്‍

ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള ഫണ്‍ടച്ച് ഒഎസിലാണ് വിവോ ടി4ആര്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഫോണിന് വിവോ രണ്ട് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റി പാച്ചും കമ്പനി നല്‍കുന്നു. 6.77 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ ക്വാഡ്-കര്‍വ്‌ഡ് അമോലെഡ് ഡിസ്‌പ്ലെയാണ് വിവോ ടി4ആര്‍ 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഡയമണ്ട് ഷീല്‍ഡ് ഗ്ലാസ് സുരക്ഷയുള്ള ഫോണില്‍ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 2160 ഹെര്‍ട്സ PWM ഡിമ്മിംഗും നല്‍കിയിരിക്കുന്നു. 32 എംപിയുടെ സെല്‍ഫി ക്യാമറ 4കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ പര്യാപ്തമാണ്. 50 എംപി പ്രധാന റിയര്‍ ക്യാമറയ്ക്കൊപ്പം 2 എംപിയുടെ സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടുന്നു. റിയര്‍ ക്യാമറയിലും 4കെ റെക്കോര്‍ഡിംഗ് സൗകര്യമുണ്ട്.

സര്‍ക്കിള്‍ ടു സെര്‍ച്ച്, എഐ നോട്ട് അസിസ്റ്റ്, എഐ സ്ക്രീന്‍ ട്രാന്‍സ്‌ലേഷന്‍, എഐ ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ് തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ വിവോ ടി4ആര്‍ ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗിക്കാം. സുരക്ഷയ്ക്ക് ഐപി68 + ഐപി69 റേറ്റിംഗ് ഈ ഫോണിനുണ്ട്. 5700 എംഎഎച്ച് വരുന്ന ബാറ്ററിക്കൊപ്പം 44 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗാണ് ചേര്‍ത്തിരിക്കുന്നത്. ഡുവല്‍ സിം (നാനോ + നാനോ), ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവയാണ് മറ്റ് പ്രധാന സ്പെസിഫിക്കേഷനുകള്‍.

വിവോ ടി4ആര്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഇന്ത്യയിലെ ആരംഭ വില ഓഫര്‍ സഹിതം 17,499 രൂപയാണ്. 8 ജിബി + 128 ജിബി ബേസ് വേരിയന്‍റിന്‍റെ വിലയാണിത്. 8 ജിബി + 256 ജിബി മോഡലിന് 19,499 രൂപയും 12 ജിബി + 256 ജിബി മോഡ‍ലിന് 21,499 രൂപയും വിലയാകും. 2,000 രൂപയുടെ ഇന്‍സ്റ്റന്‍റ് ഓഫര്‍ ലഭിക്കുന്നതിനാലാണ് വില ഇത്രയും താഴുന്നത്. രണ്ട് നിറങ്ങളില്‍ ലഭ്യമാവുന്ന വിവോ ടി4ആര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് 5 മുതല്‍ ഫ്ലിപ്‌കാര്‍ട്ടും വിവോയുടെ ഇ-സ്റ്റോറുകളും റിടെയ്‌ല്‍ ഔട്ട്‌ലറ്റുകളും വഴി വാങ്ങാം.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News