വിവോ ടി5 എന്ന പുതിയ മിഡ്-റേഞ്ച് സ്‌മാർട്ട്ഫോൺ ആഗോള വിപണിയിൽ അവതരിപ്പിച്ചു. 7,200 എംഎഎച്ച് ബാറ്ററിയും 50 മെഗാപിക്‌സൽ ക്യാമറയും സ്‌നാപ്ഡ്രാഗൺ 6 എസ് ജെൻ 2 ചിപ്‌സെറ്റും ഈ ഫോണിന്‍റെ പ്രധാന ആകർഷണങ്ങളാണ്. 

വിവോ ടി5 എന്ന പുതിയ മിഡ്-റേഞ്ച് സ്‍മാർട്ട്ഫോൺ ആഗോള വിപണിയിലെ ചില രാജ്യങ്ങളിൽ ഔദ്യോഗികമായി പുറത്തിറക്കി. ഇതിനുമുമ്പ് പുറത്തിറങ്ങിയ വിവോ ടി5 പ്രോ 5ജി, വിവോ ടി5എക്‌സ് 5ജി എന്നീ മോഡലുകൾക്കുശേഷം ടി5 സീരീസിലെ പുതിയ അംഗമായാണ് ഈ ഫോണിന്‍റെ വരവ്. വലിയ ബാറ്ററിയും ഉയർന്ന റെസല്യൂഷൻ ക്യാമറയും കരുത്തുറ്റ ഡിസൈനുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെക്‌സിക്കോയിൽ ഈ ഫോണിന്‍റെ വില എംഎക്‌സ്‌എന്‍ 5,799 ആയി നിശ്ചയിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 32,000 രൂപയ്ക്കടുത്ത് വരും. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള ഒറ്റ വേരിയന്‍റിലാണ് ഫോൺ ലഭ്യമാകുന്നത്. ബ്ലാക്ക്, ഗോൾഡൻ എന്നീ രണ്ട് നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ഫോൺ സ്വന്തമാക്കാം.

6.75 ഇഞ്ച് വലുപ്പമുള്ള എച്ച്‍ഡി+ എൽസിഡി ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും 1,250 നിറ്റ് പീക്ക് ബ്രൈറ്റ്‌നസും ഫോണിന്‍റെ ഡിസ്പ്ലേയ്ക്ക് മികച്ച ദൃശ്യാനുഭവം നൽകുന്നു. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയ ഒറിജിൻ ഒഎസ് 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വിവോ ടി5 പ്രവർത്തിക്കുന്നത്.

പ്രോസസറിനായി ക്വാൽക്കം സ്‍നാപ്‍ഡ്രാഗൺ 6 എസ് ജെൻ 2 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 6nm സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ പ്രോസസർ സാധാരണ ഉപയോഗത്തിനും മൾട്ടിടാസ്‍കിംഗിനും മികച്ച പ്രകടനം നൽകുമെന്നാണ് വിലയിരുത്തൽ. LPDDR4x RAM, യുഎഫ്‌എസ് 2.2 സ്റ്റോറേജ് എന്നിവയും ഫോണിന്റെ വേഗത വർധിപ്പിക്കുന്നു.

ഫോട്ടോഗ്രഫിക്കായി 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 2-മെഗാപിക്‌സൽ സെക്കൻഡറി സെൻസറും ഉൾപ്പെട്ട ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. 7,200 എംഎഎച്ച് ശേഷിയുള്ള വമ്പൻ ബാറ്ററിയാണ് വിവോ ടി5-ന്‍റെ ഏറ്റവും വലിയ പ്രത്യേകത. 44 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ളതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ ഫോൺ ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ ഐപി68, ഐപി69 റേറ്റിംഗുകൾ ഫോണിനെ വെള്ളത്തിലും പൊടിയിലും നിന്ന് സംരക്ഷിക്കും.

വലിയ ബാറ്ററി, കരുത്തുറ്റ ബിൽഡ്, മികച്ച ക്യാമറ ഫീച്ചറുകൾ എന്നിവയിലൂടെ മിഡ്-റേഞ്ച് വിഭാഗത്തിൽ ശക്തമായ മത്സരാർത്ഥിയായിരിക്കും വിവോ ടി5 എന്ന് ടെക്ക് വിദഗ്‌ധർ വിലയിരുത്തുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News