വിവോ എക്‌സ്400 സീരീസ് ഒഴിവാക്കി എക്‌സ്500 സീരീസ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ടെട്രാഫോബിയയാണ് ഈ പേരുമാറ്റത്തിന് പിന്നിലെന്നാണ് സൂചന. മീഡിയാടെക്ക് ഡൈമൻസിറ്റി 9600 പ്രോസസർ, 200 മെഗാപിക്സൽ ക്യാമറ, 7000mAh ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകളോടെ വിവോ എക്‌സ്500, എക്‌സ്500 പ്രോ, എക്‌സ്500e എന്നീ മോഡലുകൾ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

സ്‍മാർട്ട്ഫോൺ വിപണിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് വിവോയുടെ അടുത്ത തലമുറ എക്‌സ്-സീരീസ് ഫോണുകളെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടും പുറത്ത് വന്നിരിക്കുകയാണ്. അടുത്തിടെ ഇന്ത്യയിൽ വിവോ എക്‌സ്300 അൾട്ര, വിവോ എക്‌സ്300 എഫ്ഇ മോഡലുകൾ അവതരിപ്പിച്ച വിവോ, ഇനി വിവോ എക്‌സ്500 സീരീസ് എന്ന പേരിൽ പുതിയ ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവോ എക്‌സ്400 എന്ന പേര് ഒഴിവാക്കി നേരിട്ട് എക്‌സ്500 ബ്രാൻഡിംഗിലേക്ക് കടക്കാനാണ് കമ്പനി തീരുമാനിച്ചതെന്നും ടെക് ലോകം വിലയിരുത്തുന്നു. '4' എന്ന സംഖ്യയെ അപശകുനമായി കാണുന്ന ടെട്രാഫോബിയ എന്ന വിശ്വാസമാണ് ഈ പേരുമാറ്റത്തിന് പിന്നിലെ പ്രധാന കാരണം എന്നാണ് റിപ്പോർട്ടുകൾ.

Add Asianetnews as a Preferred SourcegooglePreferred

വിവോ എക്‌സ്500 സീരീസ്

സ്‍മാർട്ട്പിക്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം വിവോ എക്‌സ്500 സീരീസ് ഐഎംഇഐ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെ വിവോ എക്‌സ്500, വിവോ എക്‌സ്500 പ്രോ, വിവോ എക്‌സ്500e എന്നീ മൂന്ന് മോഡലുകൾ വികസന ഘട്ടത്തിലാണെന്ന് സ്ഥിരീകരിക്കപ്പെടുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ഡാറ്റാബേസ് ലിസ്റ്റിംഗ് വരാനിരിക്കുന്ന സ്‍മാർട്ട്ഫോണുകളെക്കുറിച്ചുള്ള പ്രധാന സൂചനയായി കണക്കാക്കപ്പെടുന്നു. 

ലീക്കായ വിവരങ്ങൾ അനുസരിച്ച് വിവോ എക്‌സ്500 മോഡലിൽ 6.37 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേ ഉണ്ടായിരിക്കാം. അതേസമയം വിവോ എക്‌സ്500 പ്രോയിൽ 6.83-ഇഞ്ച് വലിയ സ്ക്രീൻ ലഭിക്കാനാണ് സാധ്യത. ഇരുപ്രധാന മോഡലുകളിലും 3D അൾട്രാസോണിക് ഫിംഗർപ്രിന്‍റ് സെൻസർ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മികച്ച സുരക്ഷയും വേഗത്തിലുള്ള അൺലോക്ക് സംവിധാനവും ഇതിലൂടെ ലഭിക്കും.

പെർഫോമൻസിന്‍റെ കാര്യത്തിൽ മീഡിയാടെക്ക് ഡൈമൻസിറ്റി 9600 സീരീസ് പ്രോസസറുകളാണ് ഉപയോഗിക്കപ്പെടാൻ സാധ്യത. കൂടാതെ, 7,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും 100 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണുകളിൽ ഉണ്ടാകുമെന്നാണ് ടെക് ലീക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ദീർഘകാല ബാറ്ററി ലൈഫും വേഗത്തിലുള്ള ചാർജിംഗും ഉപയോക്താക്കൾക്ക് ലഭിക്കാൻ ഇടയുണ്ട്.

ക്യാമറ സവിശേഷതകള്‍

ക്യാമറ വിഭാഗത്തിലും വിവോ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. 144 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് ഡിസ്പ്ലേ, ലോഫിക് സാങ്കേതികവിദ്യയുള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറ, കൂടാതെ 200-മെഗാപിക്‌സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ എക്‌സ്500 സീരീസിന്‍റെ പ്രധാന ആകർഷണങ്ങളായേക്കും. പ്രത്യേകിച്ച് ഫോട്ടോഗ്രഫിക്കും ഗെയിമിംഗിനും പ്രാധാന്യം നൽകുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും വിവോയുടെ പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

വിവോയുടെ പുതിയ എക്‌സ്500ഇ മോഡൽ ഈ സീരീസിലെ പുതിയ ചേർക്കലാണ്. കഴിഞ്ഞ വർഷം എക്‌സ്300ഇ മോഡൽ കമ്പനി അവതരിപ്പിച്ചിരുന്നില്ല. അതിനാൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വിലയും ഫീച്ചറുകളും തമ്മിൽ മികച്ച ബാലൻസ് പുലർത്തുന്ന മോഡലായിരിക്കും എക്‌സ്500ഇ എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News