ജനപ്രിയ മുന്‍നിര ഫോണുകളില്‍ വാട്‌സ് ആപ്പിന്‍റെ പുതിയ പതിപ്പ് ബാറ്ററി ചാര്‍ജ് വിഴുങ്ങുന്നതായി റിപ്പോര്‍ട്ട്. നിരവധി ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് യാഥാര്‍ത്ഥ്യമാണെന്നും വെളിവാകുന്നു. പ്രത്യേകിച്ച് വണ്‍പ്ലസ്, സാംസങ് എന്നിവയില്‍ നിന്ന് വന്‍തോതില്‍ വാട്‌സ് ആപ്പ് ബാറ്ററി ചാര്‍ജ് കളയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വാട്സ്ആപ്പ് അപ്‌ഡേറ്റ് പുറത്തിറങ്ങിയതുമുതല്‍ നിരവധി വണ്‍പ്ലസ് ഫോണ്‍ ഉപയോക്താക്കള്‍ വലിയ ബാറ്ററി ഡ്രെയിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വണ്‍പ്ലസ് ഫ്ലാഗ്ഷിപ്പ് മോഡല്‍ ഉപയോക്താക്കള്‍ വാട്‌സ് ആപ്പിന്റെ പുതുക്കിയ പതിപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതു മുതല്‍ ശരാശരി 33 മുതല്‍ 40 ശതമാനം വരെ നിഷ്‌ക്രിയ ഡ്രെയിനേജ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ വണ്‍പ്ലസ് ഫോണുകളിലും ആന്‍ഡ്രോയിഡ് 9, ആന്‍ഡ്രോയിഡ് 10 ബില്‍ഡുകള്‍ എന്നിവയുടെ സ്ഥിതി ഇതാണ്. വണ്‍പ്ലസ് 7 ടി പ്രോ മക്ലാരന്‍ പതിപ്പിലെ ഉയര്‍ന്ന ബാറ്ററി ഒഴുക്കാണ് ഇപ്പോള്‍ ടെക് ലോകത്തെ സംസാരം.

വാട്സ്ആപ്പ് മൂലമുണ്ടായ ഈ പ്രശ്‌നം വണ്‍പ്ലസ് ഫോണുകളെ മാത്രം ബാധിക്കുന്നതല്ല. നിരവധി ഉപയോക്താക്കള്‍, സാംസങ് മുന്‍നിര ഫോണുകളില്‍ നിന്നും സമാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം സാംസങ് ഗാലക്‌സി എസ് 10 സീരീസ്, ഗാലക്‌സി നോട്ട് 10 സീരീസ് എന്നിവയുടെ ഉപയോക്താക്കള്‍ വാട്സ്ആപ്പില്‍ നിന്നുള്ള ബാറ്ററി ഡ്രെയിനിലെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുപോലെ, ചില ഗൂഗിള്‍ പിക്‌സല്‍ ഉപയോക്താക്കളും ഇതേ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പ്രശ്‌നം ഉപയോക്താക്കള്‍ക്കെല്ലാം തന്നെ പൊതുവായുള്ളത് വാട്‌സ് ആപ്പിന്‍റെ 2.19.308 പതിപ്പിലാണ്. പ്രശ്നം വ്യാപകമായിട്ടും വാട്സ്ആപ്പ് ഇതുവരെയും പരിഹാരങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ വൈകാതെ തന്നെ ഒരു പാച്ച് വരുമെന്ന് പ്രതീക്ഷയിലാണ് ഉപയോക്താക്കള്‍. ഡ്രെയിനേജ് വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍, അപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് പ്ലേ സ്‌റ്റോറില്‍ നിന്ന് വീണ്ടും വാട്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കണമെന്ന് വിവിധ റെഡ്ഡിറ്റ് ഫോറങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.