2026-ലെ ആദ്യപാദത്തിൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ സ്മാർട്ട്ഫോൺ ഐഫോൺ 17 ആണ്. 120 ഹെർട്‌സ് ഡിസ്‌പ്ലേ, എ19 ചിപ്പ്, 48 മെഗാപിക്സൽ ഡ്യുവൽ ക്യാമറ തുടങ്ങിയ മികച്ച ഫീച്ചറുകളാണ് ഈ നേട്ടത്തിന് പിന്നിൽ.

ദില്ലി: 2026-ന്‍റെ ആദ്യപാദത്തില്‍ ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ സ്‌മാര്‍ട്ട്‌ഫോണ്‍ ആപ്പിളിന്‍റെ ഐഫോണ്‍ 17. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥാനത്ത് ഐഫോണ്‍ 16 മോഡല്‍ ആയിരുന്നു ബെസ്റ്റ് സെല്ലര്‍. 2026 ആദ്യപാദത്തിലെ ആകെ സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ ആറ് ശതമാനം വിപണി വിഹിതമാണ് ഐഫോണ്‍ 17 സ്വന്തമാക്കിയത്. യുഎസ്, ചൈന എന്നീ പ്രധാന വിപണികളില്‍ ഇരട്ടി വില്‍പന വളര്‍ച്ച ഐഫോണ്‍ 17 രേഖപ്പെടുത്തിയെന്നും കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവുമധികം വിറ്റഴിഞ്ഞ ഫോണുകളില്‍ ഐഫോണ്‍ 17 പ്രോ മാക്‌സ് രണ്ടും ഐഫോണ്‍ 17 പ്രോ മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

എന്തുകൊണ്ട് ഐഫോണ്‍ 17?

എന്തുകൊണ്ടായിരിക്കാം ഐഫോണ്‍ 17ന് ഇത്രയധികം ആരാധകരുണ്ടായത്. അതിനൊരു പ്രധാന കാരണം ഡിസ്‌പ്ലെയില്‍ ആപ്പിള്‍ വരുത്തിയ വലിയ അപ്‌ഗ്രേഡാണ്. ഐഫോണ്‍ 16 മോഡല്‍ 60 ഹെര്‍ട്‌സ് മികവ് മാത്രമുള്ള ഡിസ്‌പ്ലെയിലുള്ള ഫോണായിരുന്നുവെങ്കില്‍ ഐഫോണ്‍ 17-ന്‍റെ ഡിസ്‌പ്ലെ 120 ഹെര്‍ട്‌സ് എന്ന ഉയര്‍ന്ന ശേഷിയുള്ളതാണ്. പ്രധാന എതിരാളിയായ സാംസങ് 2020-ല്‍ ഗാലക്‌സി എസ്20 സീരീസിലൂടെ 120 ഹെര്‍ട്‌സ് ഡിസ്‌പ്ലെ അവതരിപ്പിച്ച സ്ഥാനത്താണ് ആപ്പിള്‍ അഞ്ച് വര്‍ഷം വൈകി സമാന ഡിസ്‌പ്ലെ കൊണ്ടുവന്നത്. പ്രോമോഷന്‍ സാങ്കേതികവിദ്യയും ഐഫോണ്‍ 17-ലുണ്ടായിരുന്നു.

ഐഫോണ്‍ 17 ക്യാമറ സവിശേഷതകള്‍

എ19 ചിപ്പിലുള്ള സ്‌മാര്‍ട്ട്‌ഫോണായതിനാല്‍ ഐഫോണ്‍ 17 പ്രകടനത്തില്‍ മികച്ചുനില്‍ക്കുന്നു. സമാന വിലയിലുള്ള ആന്‍ഡ്രോയ്‌ഡ് ഫോണുകളേക്കാള്‍ ദീര്‍ഘസമയ ഗെയിമിംഗിന് ഐഫോണ്‍ 17 ഗുണകരമാണ്. ക്യാമറ വിഭാഗത്തിലും ഐഫോണ്‍ 17 മികച്ച ഫീച്ചറുകള്‍ നല്‍കുന്നു. പ്രോ മോഡലുകളില്‍ നല്‍കിയിരിക്കുന്ന ടെലിഫോട്ടോ ക്യാമറ ലഭ്യമല്ലെങ്കിലും 48-മെഗാപിക്‌സല്‍ പ്രധാന, 48-മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ഇരട്ട റിയര്‍ ക്യാമറകള്‍ മികച്ച ഫോട്ടോകളും വീഡിയോകളും പ്രധാനം ചെയ്യുന്നു. വീഡിയോ റെക്കോര്‍ഡിന് മികച്ച ഓപ്ഷനാണ് ഐഫോണ്‍ 17 എന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. 18-മെഗാപിക്‌സലിന്‍റെ സെന്‍റര്‍-സ്റ്റേജ് സെല്‍ഫി ക്യാമറയാണ് ഐഫോണ്‍ 17ലുണ്ടായിരുന്ന മറ്റൊരു പ്രധാന ക്യാമറ സവിശേഷത. 

മികച്ച ബാറ്ററിലൈഫും മാഗ്‌സേഫ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഐഫോണ്‍ 17 വാങ്ങിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News