- Home
- Technology
- Gadgets (Technology)
- ഐഫോൺ 18 പ്രോയിൽ വൻ മാറ്റങ്ങൾ; ചെറുതാകുന്ന ഡൈനാമിക് ഐലൻഡും ശക്തമായ എ20 പ്രോ ചിപ്പും
ഐഫോൺ 18 പ്രോയിൽ വൻ മാറ്റങ്ങൾ; ചെറുതാകുന്ന ഡൈനാമിക് ഐലൻഡും ശക്തമായ എ20 പ്രോ ചിപ്പും
ആപ്പിള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കാനിരിക്കുന്ന ഐഫോണ്‍ 18 പ്രോ മോഡലുകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലീക്കായി. എന്തൊക്കെ സവിശേഷതകള്‍ ഐഫോണ്‍ 18 പ്രോയില്‍ പ്രതീക്ഷിക്കാമെന്ന് നോക്കാം.

ആപ്പിളിന്‍റെ അടുത്ത തലമുറ ഐഫോണുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ടെക് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ഐഫോൺ 18 പ്രോ മോഡലുകളിൽ വലിയ ഡിസൈൻ മാറ്റങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് എന്നാണ് സൂചന. പ്രത്യേകിച്ച്, നിലവിലെ ഐഫോണുകളിൽ കാണുന്ന ഡൈനാമിക് ഐലൻഡ് ഭാഗം കൂടുതൽ ചെറുതാകുമെന്നതാണ് പ്രധാന ചർച്ചാവിഷയം. ഇതിന് പിന്നിൽ അണ്ടർ-ഡിസ്‌പ്ലേ ഫേസ് ഐഡി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാകാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആപ്പിള്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന ടിപ്പ്സ്റ്ററായ ഏർലി ആപ്പിൾ എന്ന എക്‌സ് അക്കൗണ്ട് അടുത്തിടെ പുറത്തുവിട്ട കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ (CAD) റെൻഡറുകളിലാണ് ഈ സൂചനകൾ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങളുടെ യാഥാർഥ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, ഭാവിയിലെ ഐഫോണുകൾക്ക് പുതിയ രൂപകൽപ്പന ലഭിക്കാമെന്ന അഭ്യൂഹങ്ങൾക്ക് ഇത് കൂടുതൽ ശക്തി നൽകുന്നുണ്ട്.
ഹാർഡ്‌വെയർ വിഭാഗത്തിൽ ഐഫോൺ 18 പ്രോ മാക്സ് ഉൾപ്പെടെയുള്ള പ്രോ മോഡലുകൾ ആപ്പിളിന്റെ പുതിയ A20 പ്രോ ചിപ്പോടെ ആയിരിക്കും എത്തുക എന്നാണ് റിപ്പോർട്ടുകൾ. ഈ പ്രോസസർ ടിഎസ്എംസിയുടെ അത്യാധുനിക 2nm സാങ്കേതികവിദ്യയിൽ നിർമിക്കപ്പെടുമെന്നാണ് സൂചന. സിപിയു, ജിപിയു, ന്യൂറൽ എഞ്ചിൻ എന്നിവയ്‌ക്കൊപ്പം റാം സംയോജിപ്പിക്കുന്ന പുതിയ ഡിസൈൻ ആപ്പിൾ പരീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതിലൂടെ വേഗമേറിയ പ്രകടനം, കുറഞ്ഞ വൈദ്യുതി ഉപയോഗം, മെച്ചപ്പെട്ട ഹീറ്റ് മാനേജ്മെന്റ് എന്നിവ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ക്യാമറ വിഭാഗത്തിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന വേരിയബിൾ അപർച്ചർ സാങ്കേതികവിദ്യ പുതിയ മോഡലുകളിൽ ഉൾപ്പെടാമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, മൂന്ന്-ലെയർ സ്റ്റാക്ക്ഡ് സെൻസർ സംവിധാനവും ആപ്പിൾ പരീക്ഷിക്കുന്നതായി അറിയുന്നു. ഇതിലൂടെ കൂടുതൽ ഡൈനാമിക് റേഞ്ചും കുറവ് ഇമേജ് നോയിസും ലഭിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ബാറ്ററി ശേഷിയിലും മാറ്റമുണ്ടാകാനിടയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 18 പ്രോ മാക്സ് മോഡലിൽ 5,100mAh ശേഷിയുള്ള വലിയ ബാറ്ററി ഉൾപ്പെടുത്താൻ ആപ്പിൾ പദ്ധതിയിടുന്നു. ഇതോടെ ഫോണിന്റെ കനം കൂടാനും ഭാരം 240 ഗ്രാമിന് മുകളിലാകാനും സാധ്യതയുണ്ട്. എങ്കിലും കൂടുതൽ ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇത് വലിയ നേട്ടമായേക്കും. അതേസമയം, സ്ക്രീൻ വലിപ്പത്തിൽ മാറ്റം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. പ്രോ മോഡലിൽ 6.3 ഇഞ്ച് ഡിസ്പ്ലേയും പ്രോ മാക്സിൽ 6.9 ഇഞ്ച് ഡിസ്പ്ലേയും തുടരുമെന്നാണ് സൂചന.

