ഷവോമി 15 അൾട്രയുടെ ഇന്ത്യയിലെ വില 1,09,999 രൂപയാണ്. 11,999 രൂപ വിലയുള്ള സൗജന്യ ഫോട്ടോഗ്രാഫി കിറ്റ് ലെജൻഡ് എഡിഷൻ അതിൽ ഉൾപ്പെടുന്നു. 

ഷവോമി 15 അൾട്ര, ഷവോമി 15 എന്നീ സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടുന്ന ഷവോമി 15 സീരീസ് കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറങ്ങിയിരുന്നു. ഷവോമി 15 അൾട്ര അതിന്‍റെ വിപുലമായ Leica-പവർ ക്യാമറ സിസ്റ്റത്താല്‍ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്ന മൊബൈല്‍ ഫോണ്‍ മോഡലാണ്. ഈ സിസ്റ്റത്തിൽ ഉയർന്ന നിലവാരമുള്ള ക്യാമറകളും ഫോട്ടോഗ്രാഫി കിറ്റും ഉൾപ്പെടുന്നു. ഷവോമി 15 അൾട്രയുടെ പ്രീ-ബുക്കിംഗ് മാർച്ച് 19 മുതൽ ആരംഭിക്കും ഷവോമി 15 അൾട്ര വാങ്ങുമ്പോൾ 10,000 രൂപ വരെ കിഴിവ് സ്വന്തമാക്കാന്‍ വഴിയുണ്ട്. 

ഷവോമി 15 അള്‍ട്ര ഓഫര്‍

നിലവിൽ ഷവോമി 15 അൾട്രയുടെ ഇന്ത്യയിലെ വില 1,09,999 രൂപയാണ്. അതിൽ 11,999 രൂപ വിലയുള്ള സൗജന്യ ഫോട്ടോഗ്രാഫി കിറ്റ് ലെജൻഡ് എഡിഷൻ ഉൾപ്പെടുന്നു. എന്നാൽ നിങ്ങൾക്ക് ഒരു ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ വിലയിൽ ലാഭിക്കാനും കഴിയും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷവോമി 15 അൾട്ര വാങ്ങുകയാണെങ്കിൽ 10,000 രൂപ വിലക്കിഴിവ് ലഭിക്കും. ഈ കിഴിവ് പ്രയോജനപ്പെടുത്തിയാൽ, നിങ്ങൾക്ക് ഈ ഫോൺ 99,999 രൂപയ്ക്ക് ലഭിക്കും. അതായത്, ഫോട്ടോഗ്രാഫി കിറ്റ് ഉൾപ്പെടെ, നിങ്ങൾക്ക് ആകെ 21,999 രൂപയുടെ ആനുകൂല്യം ലഭിക്കുന്നു. ഷവോമിയുടെ സ്വന്തം വെബ്‌സൈറ്റിൽ നിന്നും ആമസോണിൽ നിന്നും നിങ്ങൾക്ക് ഷവോമി 15 അൾട്രാ വാങ്ങാം. സിൽവർ ക്രോം നിറത്തിൽ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്‍റിൽ മാത്രമാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

ഷവോമി 15 അള്‍ട്ര ഫീച്ചറുകള്‍

ക്വാൽകോമിന്‍റെ ഫ്ലാഗ്ഷിപ്പ് ആയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് ഷവോമി 15 അൾട്രായ്ക്ക് കരുത്ത് പകരുന്നത്. ഇതിന് 16 ജിബി റാമും 512 ജിബി യുഎഫ്എസ് 4.1 സ്റ്റോറേജുമുണ്ട്. ഡിസ്‌പ്ലേയെക്കുറിച്ച് പറയുകയാണെങ്കിൽ, 120Hz റിഫ്രഷ് റേറ്റുള്ള 6.73 ഇഞ്ച് അമോലെഡ് പാനൽ ഇതിനുണ്ട്. പീക്ക് ബ്രൈറ്റ്‌നസ് 3200 നിറ്റ്‌സ് വരെ എത്തുന്നു. ഡിവൈസിന്‍റെ ഹൈലൈറ്റായ ക്യാമറയിലേക്ക് വരുമ്പോൾ, 15 അൾട്രയിൽ ലൈക്ക ട്യൂൺ ചെയ്ത ക്വാഡ്-ക്യാമറ സജ്ജീകരണം ഉണ്ട്. ഒരു ഇഞ്ച് സെൻസറുള്ള 50MP ലെയ്‌ക മെയിൻ ക്യാമറ, 50MP ലെയ്‌ക അൾട്രാ-വൈഡ് ഷൂട്ടർ, 50MP ലെയ്‌ക ടെലിഫോട്ടോ ക്യാമറ, 200 എംപി ഐസോസെല്‍ എച്ച്പി9 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഫോണ്‍ നല്‍കുന്നു. സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറയുണ്ട്, ഫോണിന് ലോഗ് വീഡിയോകളും മറ്റും റെക്കോർഡ് ചെയ്യാൻ സാധിക്കും. ബാറ്ററിയെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 5410mAh ബാറ്ററിയുണ്ട്, ഇത് 90W ഹൈപ്പർചാർജിനെ പിന്തുണയ്ക്കുന്നു. ഷവോമി 15 അള്‍ട്ര നിലവിൽ ആൻഡ്രോയ്‌ഡ് 14-ൽ പ്രവർത്തിക്കുന്നു.

Read more: ഡിഎസ്എല്‍ആര്‍ ക്യാമറ മാറിനില്‍ക്കും! അത്ര കിടിലം; ഷവോമി 15 അള്‍ട്ര ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി