200 എംപി ക്യാമറ സഹിതം വരുന്ന ഷവോമി 15 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു, രണ്ട് മൊബൈലുകലാണ് ഈ സീരീസിലുള്ളത് 

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്‍മാരായ ഷവോമി ഇന്ത്യയില്‍ ഷവോമി 15 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചു. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഷവോമി 15 ഫ്ലാഗ്ഷിപ്പ് സീരീസില്‍ ഷവോമി 15, ഷവോമി 15 അള്‍ട്ര എന്നീ രണ്ട് സ്മാര്‍ട്ട്ഫോണുകളാണുള്ളത്. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള ഹൈപ്പര്‍ഒഎസ് 2.0 പ്ലാറ്റ്‌ഫോമില്‍ കരുത്തുറ്റ സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് എസ്ഒസി ചിപ്‌സെറ്റില്‍ എത്തിയിരിക്കുന്ന ഫോണുകളുടെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും വിശദമായി അറിയാം.

ഷവോമി 15

ഷവോമി 15 120Hz റിഫ്രഷ് റേറ്റോടെ 6.36 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ വാഗ്ദാനം ചെയ്യുന്നു. ഫോണിന്‍റെ സ്ക്രീന്‍-ടു-ബോഡി റേഷ്യോ 94 ശതമാനമാണ്. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള ഹൈപ്പര്‍ഒഎസ് 2.0-യിലാണ് പ്രവര്‍ത്തനം. സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് പ്രൊസസറില്‍ വരുന്ന ഫോണിനൊപ്പം 5,240 എംഎഎച്ച് ബാറ്ററിയും 90 വാട്സ് വയേര്‍ഡ്, 50 വാട്സ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമുണ്ട്. റീയര്‍ ക്യാമറ മൊഡ്യൂളില്‍ ട്രിപ്പിള്‍-ക്യാമറയാണ് ഷവോമി 15ല്‍ വരുന്നത്. 50 എംപി ലൈക്ക സമ്മിലക്സ് പ്രധാന ക്യാമറ, 60 എംഎം ലൈക്ക ഫ്ലോട്ടിംഗ് ടെലിഫോട്ടോ ലെന്‍സ്, 14 എംഎം മുതല്‍ 120 എംഎം വരെ ഫോക്കല്‍ ലെങ്തുള്ള അള്‍ട്രാ-വൈഡ് ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. 8കെ റെക്കോര്‍ഡിംഗും ഡോള്‍ബി വിഷനും ഷവോമി 15നുണ്ട്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 32 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 

ഇന്‍-ഡിസ്‌പ്ലെ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, 5ജി, 4ജി എല്‍ടിഇ, വൈ-ഫൈ-7, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്എസ്, യുഎസ്ബി 3.2, ടൈപ്പ്-സി പോര്‍ട്ട്, ഐപി68 റേറ്റിംഗ് സുരക്ഷ എന്നിവയാണ് ഷവോമി 15ന്‍റെ മറ്റ് ഫീച്ചറുകള്‍. 

ഷവോമി 15 വില

ഏപ്രില്‍ മൂന്ന് മുതല്‍ ഷവോമി 15 ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാവും. 64,999 രൂപയാണ് വിലത്തുടക്കം. മാര്‍ച്ച് 19ന് പ്രീ-ഓര്‍ഡര്‍ തുടങ്ങും. 

ഷവോമി 15 അള്‍ട്ര

ഷവോമി 15 അള്‍ട്രയ്ക്കും ക്വാല്‍കോമിന്‍റെ ഒക്റ്റ-കോര്‍ സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പാണുള്ളത്. വാനില വേരിയന്‍റ് ഫോണ്‍ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും പിന്തുണയ്ക്കുന്നു. മുന്തിയ ഓപ്ഷന്‍ 16 ജിബി റാമും 1 ടിബി സ്റ്റോറേജിലുമുള്ളത്. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള ഹൈപ്പര്‍ഒഎസ് 2.0-യിലാണ് പ്രവര്‍ത്തനം.

പ്രൊഫഷണല്‍-ഗ്രേഡ് ഫോട്ടോ നിലവാരം അവകാശപ്പെടുന്ന ഷവോമി 15 അള്‍ട്രാ ക്യാമറകള്‍ ലൈക്കയുമായി ചേര്‍ന്നാണ് ഷവോമി നിര്‍മിച്ചിരിക്കുന്നത്. സോണി എല്‍വൈറ്റി-900 സെന്‍സറോടെ 50 എംപി ലൈക്ക സമ്മിലക്സ് ക്യാമറ, 50 എംപി അള്‍ട്രാ-വൈഡ് ക്യാമറ, സോണി ഐഎംഎക്സ്858 സെന്‍സറോടെ 50 എംപി ടെലിഫോട്ടോ ക്യാമറ, 200 എംപി ഐസോസെല്‍ എച്ച്പി9 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ റീയര്‍ ക്യാമറയില്‍ ഉള്‍പ്പെടുന്നു. ഷവോമി 15 അള്‍ട്രയിലും 32 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 6.73 ഇഞ്ച് ഡബ്ല്യൂക്യൂഎച്ച്ഡി+ അമോലെഡ് ഡിസ്പ്ലെ, 3200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 5,410 എംഎഎച്ച് ബാറ്ററി, 90 വാട്സ് വയേര്‍ഡ് ചാര്‍ജിംഗ്, 80 വാട്സ് വയര്‍ലെസ് ഹൈപ്പര്‍ചാര്‍ജ് എന്നിവയും ഉള്‍പ്പെടുന്നു. 

ഷവോമി 15 അള്‍ട്ര വില

ഷവോമി 15 അള്‍ട്രയുടെ വില ഇന്ത്യയില്‍ 1,09,999 രൂപയിലാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 19 മുതല്‍ ഷവോമി 15 അള്‍ട്ര മുന്‍കൂറായി ബുക്ക് ചെയ്താല്‍ 11,999 രൂപ വിലയുള്ള ഷവോമി 15 അള്‍ട്ര ഫോട്ടോഗ്രാഫി കിറ്റ്- ലെജന്‍സ് എഡിഷന്‍ സൗജന്യമായി ലഭിക്കും. ഒരു ഷട്ടര്‍ ബട്ടണ്‍, ഇര്‍ഗോണമിക് ഗ്രിപ്പ്, 2,000 എംഎഎച്ച് അധിക ബാറ്ററി, 67 എംഎം ഫില്‍ട്ടര്‍ അഡാപ്ട്ടര്‍ റിംഗ് എന്നിവയാണ് ഈ കിറ്റിലുള്ളത്. 

Read more: ലുക്കിലും വര്‍ക്കിലും കേമം; 20,000 രൂപയിൽ താഴെ വിലയുള്ള 5 കിടിലൻ സ്‍മാർട്ട്‌‌ഫോണുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം