Asianet News MalayalamAsianet News Malayalam

ഇത് സത്യമോ? സ്മാര്‍ട്ട്‌ഫോണില്‍ 200 മെഗാപിക്‌സല്‍ ക്യാമറ അവതരിപ്പിക്കാനൊരുങ്ങി ഷവോമി.!

സാംസങ് ഗ്യാലക്‌സി എസ് 22ല്‍ 200 മെഗാപിക്‌സല്‍ ക്യാമറ ഉണ്ടെന്ന് സൂചിപ്പിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഷവോമിയുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണിലും ഈ സെന്‍സര്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

Xiaomi believed to be working on a smartphone with 200 megapixel camera
Author
Beijing, First Published Sep 10, 2021, 10:50 AM IST

വാര്‍ത്ത സത്യമെങ്കില്‍ അത് ഒപ്റ്റിക്‌സ് ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രജാലമായിരിക്കും. ഷവോമി അവരുടെ സ്മാര്‍ട്ട്‌ഫോണില്‍ 200 മെഗാപിക്‌സല്‍ ക്യാമറ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ വലിയ മെഗാപിക്‌സല്‍ ക്യാമറ ഉള്‍ക്കൊള്ളുന്ന ഒരു ഫോണ്‍ ഉപയോഗിച്ച് സാംസങ്ങിന്റെ അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണുകളെ വെല്ലുവിളിക്കാനാണ് ഷവോമിയുടെ പദ്ധതി. 

സാംസങ് ഗ്യാലക്‌സി എസ് 22ല്‍ 200 മെഗാപിക്‌സല്‍ ക്യാമറ ഉണ്ടെന്ന് സൂചിപ്പിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഷവോമിയുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണിലും ഈ സെന്‍സര്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത വന്നിരിക്കുന്നത്. സാംസങ്ങിന്റെ 108 മെഗാപിക്‌സല്‍ സെന്‍സര്‍ ഫോണുകളില്‍ ഉപയോഗിച്ചപ്പോള്‍ ഷവോമി സമാനമായ സെന്‍സര്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ സാംസങ്ങിനു മുന്നേ 200 മെഗാപിക്‌സല്‍ ക്യാമറ പുറത്തിറക്കാനാണ് ഷവോമിയുടെ ഉദ്ദേശം.

വെയ്‌ബോ ടിപ്സ്റ്റര്‍ ഡിജിറ്റല്‍ ചാറ്റ് സ്‌റ്റേഷന്‍ അനുസരിച്ച്, വരാനിരിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണില്‍ 200 മെഗാപിക്‌സല്‍ സെന്‍സറിനൊപ്പം 50 മെഗാപിക്‌സല്‍ പ്രധാന സെന്‍സറും ഉണ്ടായിരിക്കാം. സാംസങ് ഗ്യാലക്‌സി എസ് 22 ന് മുമ്പും ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. രണ്ടും സാംസങ്ങില്‍ നിന്നുള്ള 200 മെഗാപിക്‌സല്‍ ഐസോസെല്‍ എച്ച്പി1 സെന്‍സര്‍ ഉപയോഗിക്കും. ഈ സെന്‍സര്‍ കഴിഞ്ഞ ആഴ്ച മാത്രമാണ് സാംസങ് അവതരിപ്പിച്ചത്. കുറഞ്ഞ വെളിച്ചത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ചാമിലിയന്‍സെല്‍ സാങ്കേതികവിദ്യയുള്ള സാംസങ്ങിന്റെ ആദ്യ മൊബൈല്‍ ഇമേജ് സെന്‍സറാണിത്. ഇതിന് 0.64 മീറ്റര്‍ പിക്‌സല്‍ വലുപ്പമുണ്ട്. രണ്ട് വ്യത്യസ്ത പ്രധാന സെന്‍സറുകള്‍ ഉപയോഗിക്കാന്‍ ഷവോമി പദ്ധതിയിടുന്നതിന്റെ ഒരു കാരണം ഇതാണ്.

ഇത് ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 12 സീരീസിന്റെ ഭാഗമാകും. അടുത്ത വര്‍ഷം ആദ്യം ഇത് അവതരിപ്പിച്ചേക്കാം. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 888 പിന്‍ഗാമിയാണ് പുതിയ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരാന്‍ സാധ്യതയുള്ളത്. ഇതിനെ സ്‌നാപ്ഡ്രാഗണ്‍ 898 എന്ന് വിളിക്കപ്പെടുമെന്ന് അഭ്യൂഹമുണ്ട്. ഷവോമി 108 മെഗാപിക്‌സല്‍, 64 മെഗാപിക്‌സല്‍ സെന്‍സറുകള്‍ അതിന്റെ മിഡ് റേഞ്ചിലും ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്നത് തുടരും. അതേസമയം 200 മെഗാപിക്‌സല്‍ സെന്‍സര്‍ ഫ്‌ലാഗ്ഷിപ്പ് ഉപകരണങ്ങള്‍ക്കായി റിസര്‍വ് ചെയ്യപ്പെടും.

Follow Us:
Download App:
  • android
  • ios