ഷവോമി എക്സ്റിംഗ് 01, ഷവോമി 15എസ് പ്രോ, ഷവോമി പാഡ് 7 അൾട്രാ തുടങ്ങിയ ഡിവൈസുകള്‍ നാളെ പുറത്തിറങ്ങുമെന്ന് സൂചന 

ബെയ്‌ജിങ്: മെയ് 22-ന് ചൈനയിൽ ഒരു പ്രധാന ലോഞ്ച് ഇവന്‍റ് നടത്തുമെന്ന് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പരിപാടിയിൽ നിരവധി ഡിവൈസുകളുടെ ഒരു പരമ്പര തന്നെ കമ്പനി അവതരിപ്പിക്കും എന്നാണ് പ്രതീക്ഷ. വരാനിരിക്കുന്ന ലോഞ്ച് ഇവന്‍റിൽ ഷവോമി എക്സ്റിംഗ് 01, ഷവോമി 15എസ് പ്രോ, ഷവോമി പാഡ് 7 അൾട്രാ തുടങ്ങിയ ഡിവൈസുകളും ഒപ്പം വൈയു7-നും കമ്പനി അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഷവോമി സ്വയം വികസിപ്പിച്ചെടുത്ത മൊബൈൽ ചിപ്പാണ് എക്സ്റിംഗ് 01. ഇത് ബ്രാൻഡിന് മൊബൈൽ പ്രോസസർ വിഭാഗത്തിലേക്ക് വീണ്ടും പ്രവേശിക്കാൻ കഴിയുമെന്ന് കാണിക്കുന്നു. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഫ്ലാഗ്ഷിപ്പ് ഫോണായ പുതിയ ഷവോമി 15എസ് പ്രോ സ്മാർട്ട്‌ഫോണാണ് ഈ പുതിയ ചിപ്‌സെറ്റുമായി വരുന്ന ആദ്യ ഫോൺ.

ഇമ്മോർട്ടാലിസ് ജി925 ജിപിയു-മായി ജോടിയാക്കിയ 10-കോർ സിപിയു ലേഔട്ടിലാണ് (2 x 3.9GHz + 4 x 3.4GHz + 2 x 1.89GHz + 2 x 1.8GHz) ചിപ്പ് പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഗീക്ക്ബെഞ്ച് ടെസ്റ്റിൽ, സിംഗിൾ കോറിൽ 3,119 ഉം മൾട്ടി കോറിൽ 9,673 ഉം സ്കോർ ചെയ്തു. ഇത് മീഡിയടെക് ഡൈമെൻസിറ്റി 9400, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എന്നിവയ്ക്ക് തുല്യമാക്കുന്നു.

ഇതിനുപുറമെ, ഷവോമി പ്രീമിയം ടാബ്‌ലെറ്റായ ഷവോമി പാഡ് 7 അൾട്രയും പുറത്തിറക്കാൻ പോകുന്നു. 120 വാട്സ് വരെ വയർഡ് ചാർജിംഗ് പിന്തുണയുള്ള 14 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിന്‍റെ സവിശേഷത. ഇത് എല്‍ടിപിഒ സാങ്കേതികവിദ്യയുള്ള 3.2കെ റെസല്യൂഷൻ ഡിസ്‌പ്ലേയും പ്രൊഫഷണലുകൾക്കായി വിപുലമായ മൾട്ടി-വിൻഡോ സവിശേഷതകളും പിന്തുണയ്ക്കുന്നു. ഈ ഡിവൈസിൽ സ്‍നാ‍പ് ഡ്രാഗൺ 8എസ് ജെന്‍ 4 ചിപ്‌സെറ്റ് ലഭിക്കും.

കമ്പനിയുടെ ആദ്യ എസ്‌യുവിയായ ഷവോമി വൈയു7 ഉം ഷവോമി അവതരിപ്പിക്കും. ഇതിന് സാറ്റേൺ-റിംഗ് സ്റ്റൈൽ ടെയിൽ-ലൈറ്റുകളും 4999 എംഎം, 1996 എംഎം, 1600 എംഎം അളവുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന വേഗതയുള്ള പ്രകടനവും 390 കുതിരശക്തി വരെയുള്ള പീക്ക് ഔട്ട്‌പുട്ടും ഉള്ള ഇരട്ട മോട്ടോർ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നു. 

എങ്കിലും ലോഞ്ചിലെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങൾ എക്സ്റിംഗ് 01 ചിപ്പിലും ഷവോമി 15Sഎസ് പ്രോയിലും ആയിരിക്കും. ഫ്ലാഗ്ഷിപ്പ് ലെവൽ സ്മാർട്ട്‌ഫോണുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത എക്സ്റിംഗ് 01, 2021-ൽ ഷവോമി അതിന്റെ ചിപ്‌സെറ്റ് നിർമ്മാണം പുനരാരംഭിച്ചതിന് ശേഷമാണ് സൃഷ്‍ടിച്ചത്. 50 ബില്യൺ യുവാൻ നിക്ഷേപിച്ച്, ചിപ്പുകൾക്കായി കമ്പനി 10 വർഷത്തെ തന്ത്രം രൂപപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം