ഡിസൈനിലും ക്യാമറയിലും ചിപ്പിലുമടക്കം ഗാലക്‌സി എസ്25 എഡ്‍ജ് മുന്നോട്ടുവെക്കുന്ന പ്രധാന ഫീച്ചറുകളെ കുറിച്ചറിയാം
തിരുവനന്തപുരം: സാംസങ് തങ്ങളുടെ ഏറ്റവും ഭാരം കുറഞ്ഞതും കട്ടി കുറഞ്ഞതുമായ സ്മാർട്ട്‌ഫോണായ എസ്25 എഡ്ജ് ഇന്ത്യയിൽ പുറത്തിറക്കി. 5.8 എംഎം മാത്രം കട്ടിയുള്ള ഈ ഹാൻഡ്‌സെറ്റ് സാംസങിന്‍റെ മറ്റ് സ്‌മാര്‍ട്ട്‌ഫോണുകളേക്കാളെല്ലാം നേര്‍ത്തതാണ്. മാത്രമല്ല, ഈ ഹാൻഡ്‌സെറ്റിന് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ നൽകുന്ന ശക്തമായ കരുത്തും ഉണ്ട്. ഈ ഫോണിനെക്കുറിച്ച് അറിയേണ്ട 6 പ്രധാന കാര്യങ്ങൾ ഇതാ
സൂപ്പർ സ്ലിം
ആദ്യം ശ്രദ്ധിക്കുന്നത് സാംസങ് ഗാലക്‌സി എസ്25 എഡ്‍ജിന്‍റെ കട്ടിയാണ്. 5.8 എംഎം ആണ് ഈ ഫോണിന്‍റെ കനം. ഇത് വളരെ സ്ലിം ആണെന്ന് ചുരുക്കം. മുകളിൽ ഇടത് മൂലയിൽ ഇരട്ട പിൻ ക്യാമറ സജ്ജീകരണമുള്ള ഒരു നീണ്ട, നേർത്ത സ്ലാബാണ് സാംസങ് ഫോൺ.
ഡിസൈൻ
ഈ ഫോൺ കയ്യിൽ പടിക്കുന്നത് സുഖകരമാക്കാൻ സാംസങ് ചില ഡിസൈൻ പ്രത്യേകതകൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് ഫോണിന്‍റെ സൈഡ് റെയിലുകൾ പരന്നതാണ്. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ഹോൾഡിംഗ്, ഗ്രിപ്പിംഗ് ഇടം നൽകുന്നു. മാത്രമല്ല, ഫോണിന്‍റെ ഭാരം നന്നായി സന്തുലിതമാണ്, അതിനാൽ ഫോൺ ഉപയോഗിക്കുമ്പോൾ അത് വഴുക്കലുള്ളതായി തോന്നുന്നില്ല. മാത്രമല്ല, ഡിസൈൻ മനോഹരവും ആകർഷകവുമായി തോന്നുന്നു.
ടെലിഫോട്ടോ സെൻസർ ഇല്ല, പക്ഷേ സോളിഡ് ക്യാമറ
ഗാലക്‌സി എസ്25 എഡ്ജിന് ക്യാമറ കഴിവുകൾ വാഗ്ദാനം ചെയ്യുന്ന കാര്യത്തിൽ സാംസങ് വലിയ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഗാലക്‌സി എസ്25 എഡ്ജിന്‍റെ നേർത്ത ചേസിസിൽ യോജിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന മെച്ചപ്പെട്ട 200 എംപി സെൻസറാണ് ഇതിലുള്ളത്. പിന്നെ, 12 എംപി അൾട്രാ-വൈഡ് സെൻസറും ഉണ്ട്. ഗാലക്‌സി എസ്25+ അല്ലെങ്കിൽ അൾട്രയിൽ നിന്ന് വ്യത്യസ്തമായി ടെലിഫോട്ടോ സെൻസർ ഇല്ല എന്നതാണ് ഇവിടെയുള്ള ഒരേയൊരു പ്രശ്നം. ഫോൺ വെറും 5.8 എംഎം മാത്രം കനമുള്ളതാണെന്ന് കണക്കിലെടുക്കുമ്പോൾ ഇതൊരു പ്രശ്‍നമല്ല. കൂടാതെ, 200 എംപി പ്രൈമറി സെൻസർ ഉണ്ടായിരിക്കുന്നു എന്നത് അതിശയകരവുമാണ്.
അൾട്രയെപ്പോലെ മികച്ച പെർഫോമൻസ്
ക്യാമറ മാത്രമല്ല, പ്രകടനത്തിന്‍റെ കാര്യത്തിലും സാംസങ് ഒരു പോരായ്മയും വരുത്തിയിട്ടില്ല. ഗാലക്‌സി എസ്25, ഗാലക്‌സി എസ് 25+, ഗാലക്‌സി എസ്25 അൾട്ര എന്നീ ലൈനപ്പുകളെ ശക്തിപ്പെടുത്തുന്ന ഗാലക്‌സിയ്‌ക്കായുള്ള അതേ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റാണ് എസ്25 എഡ്ജിലും പ്രവർത്തിക്കുന്നത്. ആന്തരിക രൂപകൽപ്പനയിലും ചിപ്പുകളിലും ചിപ്പിന് അനുയോജ്യമായ താപ സംവിധാനത്തിലും ഡിസൈൻ മാറ്റങ്ങൾ വരുത്തിയതായി സാംസങ് പറയുന്നു.
ചെറിയ ബാറ്ററി
സാംസങ് ഫോണിൽ 3900 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നത് ഒരു ആശങ്കയായിരിക്കാം. കാരണം ഇത്രയും വലിപ്പമുള്ള ഒരു ഫോണിന് ഇതൽപ്പം ചെറുതാണെന്ന് തോന്നുന്നു. ഇപ്പോൾ, ഗാലക്സി എസ്25-ഉം സമാനമായ വലിപ്പത്തിലുള്ള ബാറ്ററിയുമായി വരുന്നു. ഒരു ദിവസത്തിൽ കൂടുതൽ ബാറ്ററി ലൈഫ് നൽകാൻ ഫോണിന് എളുപ്പത്തിൽ കഴിയുന്നു. ഗാലക്സി എസ്25 എഡ്‍ജ് ഒരു വലിയ ഡിസ്‌പ്ലേയുമായി വരുന്നത് കണക്കിലെടുക്കുമ്പോൾ ബാറ്ററി ലൈഫ് അൽപ്പം കുറവാണ് എന്നത് വലിയൊരു പ്രശ്‍നം അല്ലെന്നു കരുതുന്നതിൽ തെറ്റില്ല.
എഐ ഫീച്ചറുകൾ
സാംസങ് എഐ സവിശേഷതകളുടെ പൂർണ്ണ സ്യൂട്ടായ ഗാലക്‌സി എഐ സ്യൂട്ട് സാംസങ്ങ് ഈ ഗാലക്സി എസ്25 എഡ്‍ജ് സ്‍മാർട്ട് ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കിൾ ടു സെർച്ച്, ലൈവ് ട്രാൻസ്‌ക്രൈബ്, കോൾ അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ ഫോണിൽ ലഭ്യമാണ്.
പ്രവർത്തനക്ഷമത
പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത സ്ലിം ആയൊരു സ്‍മാർട്ട് ഫോൺ ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യം വച്ചുള്ള ഒരു ഫോണാണ് ഗാലക്സി എസ്25 എഡ്‍ജ്. ഈ ഫോൺ നിസംശയമായും സ്ലിം ആണ്. പക്ഷേ ഇത് ചില വിട്ടുവീഴ്ചകളും ആവശ്യപ്പെടുന്നു. എങ്കിലും ഈ കുറഞ്ഞ കട്ടിയിലും പ്രകടനം, ക്യാമറ അല്ലെങ്കിൽ മറ്റ് ഫീച്ചറുകൾ എന്നിവയുടെ കാര്യത്തിൽ സാംസങ് കഴിയുന്നത്ര മികവ് നൽകാൻ ശ്രമിച്ചതായി തോന്നുന്നു. ചില വിട്ടുവീഴ്ചകൾ പ്രകടമെങ്കിലും ഗാലക്സി എസ്25 എഡ്‍ജ് ഫോൺ മറ്റേതൊരു മുൻനിര സ്‍മാർട്ട്ഫോണിനെയും പോലെ മികച്ച പ്രവർത്തനക്ഷമത ഉള്ളതും തികച്ചും പ്രായോഗികവുമായ ഒരു സ്‍മാർട്ട്ഫോൺ ആണ്.