കോലി ക്ലാസിക്കില്‍ റെക്കോഡുകളുടെ പ്രളയം; പിന്നിലാക്കിയത് സച്ചിനും ജയവര്‍ധനെയും അടക്കമുള്ള ഇതിഹാസങ്ങളെ
ദിവസങ്ങള്‍ക്ക് മുമ്പുള്ള വിരാട് കോലിയെ അല്ല ഇപ്പോള്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന രണ്ട് ടി20കള്‍ക്ക് മുമ്പ് കോലി അഞ്ച് ഇന്നിങ്‌സുകള്‍ക്കിടെ മൂന്ന് തവണ പൂജ്യത്തിന് പുറത്തായിരുന്നു. എന്നാല്‍ അവസാന രണ്ട് ഇന്നിങ്‌സുകളില്‍ കോലി ഫോമിലേക്ക് തിരിച്ചെത്തി. ഇതോടെ നിരവധി റെക്കോഡുകളും കോലിയെ തേടിയെത്തി.
രണ്ട് മത്സരങ്ങളിലും കോലി അര്‍ധ സെഞ്ചുറി നേടി. രണ്ടാം ടി20യില്‍ 73 റണ്‍സ് നേടി പുറത്താവാതെ നിന്ന താരം മൂന്നാം മത്സരത്തില്‍ 77 റണ്‍സും സ്വന്തമാക്കി.
ഇന്നലെ അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ ഒരു നാഴികക്കല്ല് കൂടി കോലി പിന്നിട്ടു. അന്താരാഷ്ട്ര ടി20യിലെ തന്റെ 27-ാം അര്‍ധ സെഞ്ചുറിയാണ് കോലി നേടിയത്.
ക്യാപ്റ്റനായ ശേഷം കോലി നേടുന്ന പതിനൊന്നാമത്തെ അര്‍ധ സെഞ്ചുറിയും. ഇതോടെ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനൊപ്പം ഒരു നേട്ടം പങ്കിടാന്‍ കോലിക്കായി.
ക്യാപ്റ്റായ ശേഷം കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന നേട്ടമാണ് കോലിയെ തേടിയെത്തിയത്. ഇക്കാര്യത്തില്‍ ഇരുവര്‍ക്കും 11 അര്‍ധ സെഞ്ചുറികള്‍ വീതമാണുള്ളത്.
ക്യാപ്റ്റനായി 10 ഫിഫ്റ്റി നേടിയിട്ടുള്ള ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെയാണ് ഈ നേട്ടത്തില്‍ കോഹ്ലി പിന്നിലാക്കിയത്.
ഒമ്പത് അര്‍ധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, എട്ടെണ്ണംനേടിയ മുന്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് ഫിഞ്ചിന് പിന്നിലുള്ളത്.
മാത്രമല്ല സച്ചിനെ പിന്നിലാക്കി മറ്റൊരു റെക്കോഡ് കൂടി സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്താകാതെ ഏറ്റവും കൂടുതല്‍ തവണ 50ല്‍ കൂടുതല്‍ സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന നേട്ടമാണ് കോലിയെ തേടിയെത്തിയത്.
കോലി ഇതുവരെ 50 ഇന്നിങ്സുകളില്‍ പുറത്താവാതെ നിന്നു.49 തവണ 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്‌കോര്‍ നേടി സച്ചിന്‍ പുറത്താകാതെ നിന്നിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ഈ നേട്ടത്തില്‍ സച്ചിന് പുറകിലുള്ളത്. 48 തവണ പുറത്താകാതെ 50+ സ്‌കോര്‍ ധോണി നേടിയിട്ടുണ്ട്.
64 തവണ പുറത്താകാതെ 50ല്‍ കൂടുതല്‍ സ്‌കോര്‍ നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാലിസാണ് ഒന്നാതമത്.
മുന്‍ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ചന്ദ്രപോള്‍ 56 തവണ ഇത്തരത്തില്‍ പുറത്താവാതെ നിന്നിട്ടുണ്ട്. അദ്ദേഹമാണ് രണ്ടാം സ്ഥാനത്ത്.
ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ അവസാന 17 പന്തില്‍ മാത്രം 49 റണ്‍സാണ് കോലി നേടിയത്. ഈ പ്രകടനമാണ് മറ്റുള്ള താരങ്ങളില്‍ നിന്ന് കോലിയെ വേറിട്ടുനിര്‍ത്തിയത്. മത്സരം അവസാനിച്ചപ്പോള്‍ പുറത്താകാതെ കോലി നാല് സിക്‌സും എട്ട് ഫോറും അക്കൗണ്ടില്‍ ചേര്‍ത്തിരുന്നു.
ബാറ്റ് ചെയ്ത മറ്റുതാരങ്ങളില്‍ ഒരാളും 30 റണ്‍സില്‍ കൂടുതല്‍ നേടിയിരുന്നില്ലെന്നും ഓര്‍ക്കണം. ഇതും മറ്റൊരു റെക്കോഡാണ്.
ടീമിലെ മറ്റൊരു താരവും 30 റണ്‍സില്‍ കൂടുതല്‍ നേടാത്ത മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ 75 അല്ലെങ്കില്‍ അതില്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് കോലിയെ തേടിയെത്തിയത്.
അഞ്ചാം തവണയാണ് ഇത്തരത്തില്‍ റണ്‍സ് നേടുന്നത്. നാല് തവണ നേട്ടം സ്വന്തമാക്കിയിട്ടുളള മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനയെയാണ് കോലി മറികടന്നത്.
കോലിയുടെ കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ 156 റണ്‍സാണ് ഇന്ത്യ നേടിയത്. എന്നാല്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് അനായാസം സ്‌കോര്‍ മറികടന്നു.
ജോസ് ബട്ലര്‍ (83), ജോണി ബെയര്‍സ്റ്റോ (40) എന്നിവരാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.