- Home
- Sports
- Cricket
- പാകിസ്ഥാൻ ക്രിക്കറ്റ് പാപ്പരാകും; ലോകകപ്പ് ബഹിഷ്കരിച്ചാൽ നഷ്ടം 1000 കോടി, സർജിക്കൽ സ്ട്രൈക്കായി ഐസിസി വിലക്കും
പാകിസ്ഥാൻ ക്രിക്കറ്റ് പാപ്പരാകും; ലോകകപ്പ് ബഹിഷ്കരിച്ചാൽ നഷ്ടം 1000 കോടി, സർജിക്കൽ സ്ട്രൈക്കായി ഐസിസി വിലക്കും
ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പ് ബഹിഷ്കരിക്കാനുള്ള പാകിസ്ഥാന്റെ ഭീഷണി കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും ക്രിക്കറ്റ് ലോകത്തെ ഒറ്റപ്പെടലിനും കാരണമായേക്കും.

പാകിസ്ഥാന്‍ പാപ്പരാകും
അടുത്തമാസം ഇന്ത്യയില്‍ തുടങ്ങുന്ന ടി20 ലോകകപ്പിൽ നിന്ന് അവസാന നിമിഷം പിന്മാറിയാൽ പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും ക്രിക്കറ്റ് ലോകത്ത് നിന്നുള്ള ഒറ്റപ്പെടലിലേക്കും നീങ്ങുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ബഹിഷ്കരണ ഭീഷണി മുഴക്കുന്നത്. എന്നാൽ ഇത്തരമൊരു നീക്കം പാക് ക്രിക്കറ്റിന്‍റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
1000 കോടിയുടെ നഷ്ടം
ഐസിസിയിൽ നിന്ന് പാകിസ്ഥാന് ലഭിക്കേണ്ട വാർഷിക വരുമാന വിഹിതമായ 34.5 ദശലക്ഷം ഡോളർ (ഏകദേശം 966 കോടി രൂപ) ഐസിസി തടഞ്ഞുവെക്കും.
പിഎസ്എല്ലിന് പൂട്ടുവീഴും
പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കളിക്കാൻ വിദേശ താരങ്ങൾക്ക് അംഗരാജ്യങ്ങൾ എൻഒസി നൽകില്ല. ഇത് ലീഗിന്‍റെ വാണിജ്യ മൂല്യം തകർക്കും
ഏഷ്യാ കപ്പിൽ നിന്നും പുറത്തേക്ക്
വരാനിരിക്കുന്ന ഏഷ്യാ കപ്പുകളിൽ നിന്ന് പാകിസ്ഥാനെ വിലക്കിയേക്കും. കൂടാതെ മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പരമ്പരകളും റദ്ദാക്കപ്പെടും.
അന്തിമ തീരുമാനം വെള്ളിയാഴ്ച
പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ടൂർണമെന്‍റിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ ഈ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ സർക്കാർ അന്തിമ തീരുമാനം അറിയിക്കും.
തീരുമാനമാകും മുമ്പെ ടീം പ്രഖ്യാപനം
ഇതിനിടെ, ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചെങ്കിലും സർക്കാർ അനുമതിയില്ലെങ്കിൽ ടീം യാത്ര തിരിക്കില്ല. സൽമാൻ അലി ആഗയാണ് ടി20 ലോകകപ്പില്‍ പാകിസ്ഥാൻ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും സല്‍മാന്‍ അലി ആഗയാണ് പാകിസ്ഥാനെ നയിച്ചത്.
ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം
സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഫഖർ സമാൻ, ഷദാബ് ഖാൻ, നസീം ഷാ, അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
