- Home
- Sports
- Cricket
- സഞ്ജുവിനും അഭിഷേകിനും ഹെഡിനും ഇതുവരെ കഴിഞ്ഞിട്ടില്ല, പക്ഷെ ബുംറയെ നേരിട്ട ആദ്യ കളിയിൽ തന്നെ വൈഭവ് അത് നേടി, ഒന്നല്ല രണ്ട് തവണ
സഞ്ജുവിനും അഭിഷേകിനും ഹെഡിനും ഇതുവരെ കഴിഞ്ഞിട്ടില്ല, പക്ഷെ ബുംറയെ നേരിട്ട ആദ്യ കളിയിൽ തന്നെ വൈഭവ് അത് നേടി, ഒന്നല്ല രണ്ട് തവണ
സഞ്ജു സാംസൺ, ശുഭ്മൻ ഗിൽ, ട്രാവിസ് ഹെഡ് തുടങ്ങിയ സൂപ്പർ താരങ്ങൾക്കുപോലും ടി20യിൽ ബുംറയ്ക്കെതിരെ സിക്സർ നേടാൻ കഴിഞ്ഞിട്ടില്ലെന്നിരിക്കെയാണ് വൈഭവിന്‍റെ ഈ അവിശ്വസനീയ പ്രകടനം.

വൈഭവിന്‍റെ ചങ്കൂറ്റം
ഐപിഎൽ 2026-ലെ രാജസ്ഥാൻ റോയൽസ്-മുംബൈ ഇന്ത്യൻസ് പോരാട്ടം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക ഒരു 15-കാരന്‍റെ അസാമാന്യ ധൈര്യത്തിന്‍റെ പേരിലാകും. ലോകത്തിലെ ഏറ്റവും മികച്ച പേസർ ജസ്പ്രീത് ബുംറയെ നേരിട്ട ആദ്യ ഓവറിൽ തന്നെ രണ്ട് പടുകൂറ്റൻ സിക്സറുകൾ പറത്തി വൈഭവ് സൂര്യവംശി ആരാധകരെ അമ്പരപ്പിച്ചു.
വെടിക്കെട്ട് വീരൻമാര്‍ക്കുപോലും കഴിയാത്തത്
ടി20 ക്രിക്കറ്റില്‍ ഇന്ത്യൻ ടീമിലെ സൂപ്പര്‍ താരങ്ങളായ സഞ്ജു സാംസണോ അഭിഷേക് ശര്‍മക്കോ ശുഭ്മൻ ഗില്ലിനോ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡിനോ ഒന്നും ഇതുവരെ കഴിയാത്ത നേട്ടമാണ് നേരിട്ട ആദ്യ പന്തില്‍ തന്നെ ബുംറയെ സിക്സിന് പറത്തി വൈഭവ് അടിച്ചെടുത്തത്.
ബുംറയെ ഞെട്ടിച്ച തുടക്കം
തനിക്കുനേരെ ബുംറ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വൈഭവ് ലോങ് ഓണിന് മുകളിലൂടെ സിക്സർ പറത്തിയാണ് തുടങ്ങിയത്. ആ ഷോട്ട് കണ്ട് സാക്ഷാൽ ബുംറ പോലും ഒന്ന് പുഞ്ചിരിച്ചു. എന്നാൽ അവിടെയും നിർത്തിയില്ല, അതേ ഓവറിലെ നാലാം പന്തിൽ ബുംറയുടെ സ്ലോവർ ഡെലിവറി കൃത്യമായി കണക്കുകൂട്ടി മിഡ്‌വിക്കറ്റിന് മുകളിലൂടെ വൈഭവ് രണ്ടാമത്തെ സിക്സറും നേടി.
വമ്പന്മാർക്കും അസാധ്യമായ നേട്ടം
വൈഭവിന്‍റെ ഈ പ്രകടനം ഇത്രയേറെ ചർച്ചയാകാൻ കാരണം അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ ബുംറയ്ക്കെതിരെയുള്ള റെക്കോർഡുകൾ പരിശോധിക്കുമ്പോഴാണ്. ടി20 ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയെ നേരിടുമ്പോൾ സഞ്ജു സാംസൺ, അഭിഷേക് ശര്‍മ, ശുഭ്മൻ ഗിൽ, ട്രാവിസ് ഹെഡ് തുടങ്ങിയ വെടിക്കെട്ട് ബാറ്റർമാർ ഇതുവരെ സിക്സര്‍ നേടിയിട്ടില്ല.
ഗില്‍ vs ബുംറ
ജസ്പ്രീത് ബുംറക്കെതിരെ എട്ട് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിന് ഇതുവരെ നേടാനായത് ആകെ 34 റണ്‍സാണ്. നാലു ബൗണ്ടറി മാത്രമാണ് ഗില്‍ ബുംറക്കെതിരെ നേടിയത്. ഒരു സിക്സ് പോലും ബുംറക്കെതിരെ ഗില്ലിന്‍റെ അക്കൗണ്ടിലില്ല.
അഭിഷേക് vs ബുംറ
ഇന്ത്യയുടെയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെയും വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ആദ്യ പന്തില്‍ തന്നെ സിക്സ് പറത്താന്‍ മികവുള്ള താരമാണെങ്കിലും ബുംറക്കെതിരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു സിക്സ് പോലും അഭിഷേകിന്‍റെ അക്കൗണ്ടിലുമില്ല. ആകെ 17 റണ്‍സ് മാത്രമാണ് ബുംറക്കെതിരെ അഭിഷേക് നേടിയത്. അടിച്ചതാകട്ടെ ഒരേയൊരു ബൗണ്ടറി മാത്രവും.
ട്രാവിസ് ഹെഡ് vs ബുംറ
ഓസ്ട്രേലിയയുടെയും ഹൈദരാബാദിന്‍റെയും വെടിക്കെട്ട് ഓപ്പണറായ ട്രാവിസ് ലോകകപ്പില്‍ അടക്കം ഇന്ത്യക്ക് തലവേദനയാണെങ്കിലും ബുംറക്കുമുന്നില്‍ വെറും പൂച്ചയാണ്. ബുംറക്കെതിരെ കളിച്ച 8 ഇന്നിംഗ്സുകളില്‍ നിന്ന് 57 റണ്‍സ് നേടിയിട്ടുള്ള ഹെഡ് എട്ട് ബൗണ്ടറികള്‍ നേടിയിട്ടുണ്ടെങ്കിലും ഒരു സിക്സര്‍ പോലും നേടാനായിട്ടില്ല.
പുരാൻ vs ബുംറ
ലക്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെയും വെസ്റ്റ് ഇന്‍ഡീസിന്‍റെയും വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുരാനും ബുംറക്കെതിരെ ഒരു സിക്സര്‍ പോലും നേടാനായിട്ടില്ല. ബുറക്കെതിരെ കളിച്ച ആറ് കളികളില്‍ നിന്ന് 17 റണ്‍സ് നേടിയിട്ടുള്ള പുരാന്‍ ആകെ നേടിയത് രണ്ടേ രണ്ട് ബൗണ്ടറി മാത്രമാണ്.
സഞ്ജു vs ബുറ
ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണാണ് ഐപിഎല്ലില്‍ ബുംറക്കെതിരെ ഏറ്റവും കൂടുതല്‍ കളിച്ച സൂപ്പര്‍ താരങ്ങളിലൊരാള്‍. ബുംറക്കെതിരെ കളിച്ച 13 മത്സരങ്ങളില്‍ നിന്ന് പക്ഷെ സഞ്ജു നേടിയത് 64 റൺസ് മാത്രമാണ്. 9 ബൗണ്ടറികള്‍ സഞ്ജുവിന്‍റെ പേരിലുണ്ടെങ്കിലും ബുംറക്കെതിരെ ഒരു സിക്സര്‍ പോലും പറത്താന്‍ സഞ്ജുവിന് കഴിഞ്ഞിട്ടില്ല.
നെറ്റ്സില്‍ നേരിട്ടിട്ടും കളിയില്‍ കാര്യമില്ല
15-ാം വയസ്സിൽ ഇത്രയും ആത്മവിശ്വാസത്തോടെ ലോകത്തെ ഏറ്റവും മികച്ച ബൗളറെ നേരിട്ട വൈഭവ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ വാഗ്ദാനമാണെന്ന് ഇതിനോടകം തന്നെ നിരീക്ഷകർ വിലയിരുത്തിക്കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

