'അണ്ണന്‍ വരും, അതും സൈക്കിളില്‍' ; കാണാം തെരഞ്ഞെടുപ്പ് ട്രോളുകള്‍

First Published Apr 7, 2021, 10:41 AM IST

എം ബി രാജേഷിന്‍റെ പൈപ്പ് തുറന്നപ്പോള്‍ കാറ്റ് വന്നതോ, ശരത് ലാലും കൃപേഷും വെട്ടേറ്റ് മരിച്ച നിയോജകമണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനോ, മലണ്ഡലകാലം മാത്രമല്ല കേരളത്തില്‍ എപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും തിരക്കുള്ള ദൈവമായി മാറിയ അയ്യപ്പനോ, അല്‍പം മഷി പുരണ്ടതിന്‍റെ പേരില്‍ ഒറ്റ ദിവസം കൊണ്ട് സ്റ്റാറായ ചൂണ്ട് വിരലോ ഒന്നുമായിരുന്നില്ല ഇന്നലത്തെ തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രധാന ട്രോള്‍ വിഷയം. അത്, തമിഴിലെ മുന്‍നിര നായകനായ നടന്‍ വിജയ് തന്‍റെ വീട്ടില്‍ നിന്ന് പോളിങ്ങ് ബൂത്തിലേക്ക് സൈക്കിള്‍ ചവിട്ടിപോയതായിരുന്നു. വീടിന്‍റെ അടുത്താണ് പോളിങ്ങ് ബൂത്തെന്നും അതിനാല്‍ കാറില്‍ പോയാല്‍ പാര്‍ക്കിങ്ങിന് ബുദ്ധിമുട്ടാവുന്നത് കൊണ്ടാണ് സൈക്കിള്‍ യാത്ര എന്ന് പിന്നീട് വിജയ്‍യോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ വിജയ്‍യുടെ സൈക്കിള്‍ യാത്രയില്‍ രാഷ്ട്രീം കാണുന്നവരാണ് ഏറെയുമെന്ന് ഇന്നലത്തെ ഇന്ത്യയിലെ സാമൂഹ്യമാധ്യമ ട്രന്‍റിങ്ങ് കാണിക്കുന്നു. വിജയ് സൈക്കിള്‍ എന്നീ രണ്ട് വാക്കുകളുമായി ബന്ധപ്പെട്ട ടാഗുകളെല്ലാം ഇന്നലെ ട്രന്‍റിങ്ങായിരുന്നു. എന്തിന് വിജയ് ഓടിച്ച സൈക്കിള്‍ കമ്പനിയുടെ വൈബ്സൈറ്റ് പോലും അമിതമായ ഓണ്‍ലൈന്‍ ട്രാഫിക് കാരണം ഡൌണ്‍ ആയെന്നാണ് ചിലര്‍ അടക്കം പറയുന്നത്. എന്തായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാഹന ഉടമകള്‍ക്കുള്ള മുന്നറിയിപ്പ് ട്രോളുകളെത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി വണ്ടികളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കണമെന്നാണ് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഉയരാന്‍ കഴിയാതെ നില്‍ക്കുന്ന ഇന്ധവില വര്‍ദ്ധനയ്ക്ക് ഇനി വെച്ചടി വെട്ടടി കയറ്റമായിരിക്കുമെന്നര്‍ത്ഥം. കാണാം, അണ്ണന്‍റെ സൈക്കിള്‍ യാത്രയും തെരഞ്ഞെടുപ്പ് ട്രോളും.