Bigg Boss: പഞ്ചസാര ദോശയെ ചൊല്ലി സുചിത്രയുടെ പടപ്പുറപ്പാട്
ബിഗ് ബോസ് മലയാളം സീസണ്‍ 4, നാല്‍പതാമത്തെ എപ്പിസോഡില്‍ എത്തുമ്പോഴേക്കും വീട്ടിനുള്ളിലെ സൗഹൃദങ്ങള്‍ തകരുകയും പുതിയ സൗഹൃദ കൂട്ടങ്ങള്‍ രൂപപ്പെടുകയുമാണ്. ഇത്തരത്തില്‍ പുതുതായി രൂപപ്പെടുന്ന കൂട്ടങ്ങളില്‍ ഒരാള്‍ക്കെതിരെ മറ്റ് ഗ്രൂപ്പംഗങ്ങളില്‍ ആരെങ്കിലും ആരോപണവുമായി വന്നാല്‍ പ്രതിരോധിക്കാന്‍ കൂടെയുള്ളവരൊപ്പം നില്‍ക്കുന്ന പ്രവണത ബിഗ് ബോസ് വീട്ടില്‍ നേരത്തെയും കണ്ടിട്ടുള്ളതാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ അവസാനിക്കുന്നതോടെ ഇത്തരം ചേരിതിരിവുകള്‍ ശക്തിപ്രാപിക്കുകയും അവ പുതിയ ഗ്രൂപ്പുകളായി തിരിയുകയുമാണ് പതിവ്. ഇന്നലത്തെ എപ്പിസോഡിലും ഇത്തരത്തില്‍ ഒരു സംഭവമുണ്ടായി. ഇത് വീട്ടിനുള്ളില്‍ പുതിയൊരു ഗ്രൂപ്പിനുള്ള സാധ്യതയ്ക്ക് വളമായി. സുചിത്ര, തന്‍റെ എതിരാളിയായി കരുതുന്ന ലക്ഷ്മി പ്രിയയ്ക്കെതിരെ ഉന്നയിച്ച 'പഞ്ചസാര ദോശ' പ്രശ്നമാണ് ബിഗ് ബോസ് വീട്ടിലെ ഇന്നലത്തെ പ്രശ്നം. സുചിത്ര പരമാവധി ശ്രമിച്ചെങ്കിലും ഈയൊരു ആരോപണത്തില്‍ ലക്ഷ്മിയെ ക്രൂശിക്കുന്നതില്‍ സുചിത്ര പരാജയപ്പെട്ടു. ലക്ഷ്മിയുടെ പുതിയ സൗഹൃദവലയമായിരുന്നു ഇതിനായി അവരെ സഹായിച്ചത്.

പതിവ് പോലെ അടുക്കളയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ ആഴ്ചയിലെ അടുക്കള ഭരണം ലക്ഷ്മിയുടെയും ധന്യയുടെയും ചുമതലയായിരുന്നു. ഒരു ടാസ്ക് കഴിഞ്ഞ് മറ്റ് മത്സരാര്‍ത്ഥികള്‍ അടുക്കളയിലേക്ക് വന്ന് തുടങ്ങുമ്പോള്‍ ധന്യ , ലക്ഷ്മിക്കായി പ്രത്യകമായി ദോശ ഉണ്ടാക്കുകയായിരുന്നു.
ദോശ ചുടുന്നതിനിടെ അതുവഴി പോയ സുചിത്രയോട് ധന്യ, ദോശ വേണോയെന്ന് ചോദിച്ചു. പഞ്ചസാരയിട്ട ദേശ ആണെങ്കില്‍ മതിയെന്നായിരുന്നു സുചിത്രയുടെ മറുപടി. അപ്പോള്‍ ഇരുവരുടെയും പിന്നിലുണ്ടായിരുന്ന ലക്ഷ്മി, പഞ്ചസാര തീര്‍ന്നെന്നും കൊടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. ഈ സംഭവം നടന്നത് മിനിയാന്നാണ്.
ഇന്നലെ രാവിലെ തന്നെ അടുക്കളയിലെത്തിയ ജാസ്മിന്‍, ധന്യയോട് എന്തായിരുന്നു മിനിയാന്നത്തെ പ്രശ്നമെന്ന് ചോദിക്കുന്നതോടെയായിരുന്നു നാല്‍പതാം എപ്പിസോഡ് ആരംഭിച്ചത്. കാരമല്‍ ദോശ കൊടുക്കില്ലെന്ന ലക്ഷ്മിയുടെ പ്രസ്ഥാവനയെ കുറിച്ച് ധന്യ സൂചിപ്പിക്കുന്നു. ആ പ്രശ്നം പറഞ്ഞ് തീര്‍ത്തതാണല്ലോയെന്ന് ജാസ്മിന്‍ പറയുന്നതും കേള്‍ക്കാം.
സുചിത്ര ഈ പ്രശ്നത്തിന്‍റെ പേരില്‍ തന്‍റെ മുഖത്ത് പോലും നോക്കുന്നില്ലെന്ന് ലക്ഷ്മി ഇടയ്ക്ക് ധന്യയോടും റോബിനോടും പരാതിപ്പെടുന്നുമുണ്ട്. പൂഴ്ത്തി വയക്കുന്നത് എല്ലാവരോടും പറഞ്ഞ ശേഷമാകണമെന്നും അടുക്കളയില്‍ എത്ര സാധനങ്ങള്‍ എത്തുന്നുണ്ടെന്നും അവയിലെത്ര തീരുന്നുണ്ടെന്നും നമ്മളെക്കാള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ധന്യ, ലക്ഷ്മിയോട് പറഞ്ഞു.
അപര്‍ണയും സൂരജും ജാസ്മിനും സുചിത്രയും നില്‍ക്കുന്ന ഒരു കൂട്ടത്തില്‍ വച്ച് നിമിഷ വീണ്ടും ഒരു ദോശ ചുട്ട കഥ എടുത്തിടുന്നു. ഈ സമയം ആ കഥ ഞാന്‍ പറഞ്ഞ് തരാമെന്ന് പറഞ്ഞ് സുചിത്ര രംഗപ്രവേശനം ചെയ്തു. 'വിശന്നിട്ടല്ല, തന്‍റെ അഹങ്കാരം കൊണ്ടാണ്, കാരമല്‍ ഇട്ടതാണെങ്കില്‍ ഒരെണ്ണം ഞാന്‍ കഴിക്കാമെന്ന്'. താന്‍ പറഞ്ഞതായി സുചിത്ര പറഞ്ഞു.
ഈ സമയം പുറകില്‍ നിന്നും പഞ്ചസാര എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒരു അനൗണ്‍സ്മെന്‍റ് വന്നു. ലക്ഷ്മിയാണ് അത് പറഞ്ഞത്. മൂന്ന് പാത്രത്തിലായി പഞ്ചാസാരയുണ്ടെന്നും അതില്‍ കുറച്ച് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നും അത് വീട്ടില്‍ കൊണ്ട് പോകാനാണോയെന്നും സുചിത്ര ചോദിക്കുന്നു.
ഈസമയം വിഷയത്തില്‍ റോണ്‍സണും ഇടപടുന്നു. ഇവിടെ ഒന്നും ഒളിപ്പിച്ച് വയ്ക്കേണ്ടെന്നും സാധനങ്ങള്‍ തീരുന്നതിന് അനുസരിച്ച് മത്സരാര്‍ത്ഥികള്‍ അഡ്ജസ്റ്റ് ചെയ്ത് പോകട്ടെയന്നും നിര്‍ദ്ദേശിക്കുന്നു. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഇവിടെയുള്ള ഓരോ സാധനത്തിലും തുല്യ അവകാശമാണെന്നും പഞ്ചസാര അങ്ങനെ ഒരാള്‍ക്കും ഒളിപ്പിച്ച് വയ്ക്കാന്‍ പറ്റില്ലെന്നും സുചിത്ര ആവര്‍ത്തിക്കുന്നു.
ഇതിനിടെ താന്‍ ലക്ഷ്മിയോടൊപ്പം നിന്നിരുന്നതിനാല്‍ ഈ പ്രശ്നത്തിന്‍റെ സത്യാവസ്ഥ തനിക്കറിയാമെന്നും ഈ പ്രശ്നത്തില്‍ താന്‍ ലക്ഷ്മിയോടൊപ്പം നില്‍ക്കുമെന്നും ധന്യ, ലക്ഷ്മിയോട് പറഞ്ഞു. ഇതിന് ശേഷം പതിനൊന്ന് മണിയോടെ ഈ പ്രശ്നത്തില്‍ എല്ലാവരും ഒരു ചര്‍ച്ച നടത്തുന്നു. ചര്‍ച്ചയില്‍ ആദ്യമേ തന്നെ ധന്യ തന്‍റെ നിലപാട് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്‍ച, ശനിയാഴ്‍ച ആയപ്പോഴേക്കും പഞ്ചസാര തീര്‍ന്നിരുന്നു. അപ്പോള്‍ പഞ്ചസാര ഇല്ലാതെ ചായ വേണ്ട എന്ന് ചിലര്‍ പറഞ്ഞു. പഞ്ചസാര ഇല്ലാതായതോടെ ചായ കുടിക്കാൻ പോലും ആളില്ലാതായി. ഈയൊരു പ്രശ്നം പരിഹരിക്കാനായി പഞ്ചസാര മാറ്റിവയ്ക്കാമെന്ന് താനാണ് പറഞ്ഞതെന്ന് ധന്യ വ്യക്തമാക്കി.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ചെറിയൊരു ടിന്നില്‍ കുറച്ച് പഞ്ചസാര മാറ്റിവച്ചെന്നും ധന്യ പറഞ്ഞു. പഞ്ചസാരയുടെ ചെലവ് കുറയ്ക്കാന്‍ വേണ്ടി ഇനിതൊട്ട് കാരമല്‍ ദോശ കൊടുക്കേണ്ടതില്ലെന്നത് ലക്ഷ്മിയുടെ തീരുമാനമായിരുന്നു. കാരമല്‍ ദോശമാത്രമല്ല, പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നതൊന്നും ഇനി ഉണ്ടാക്കേണ്ടെന്നാണ് തീരുമാനമെന്ന് ലക്ഷ്മി ഇടയ്ക്ക് കയറി പറഞ്ഞു.
തീരുമ്പോള്‍ തീരട്ടെ, അതിന്‍റെ ഭവിഷ്യത്ത് എല്ലാവരും ഒരുമിച്ച് അനുഭവിക്കാമെന്നാണ് എല്ലാവരുടെയും അഭിപ്രായം അതിനാല്‍ ഇനി അടുക്കളയില്‍ ഒരു സാധനവും മാറ്റിവയ്ക്കില്ലെന്നും എല്ലാം എല്ലാവര്‍ക്കുമായി എടുക്കാമെന്നും കിച്ചണ്‍ ടീമിന്‍റെ ക്യാപ്റ്റനായ ധന്യ പറഞ്ഞു. സാധനങ്ങള്‍ ഇത്തരത്തില്‍ മാറ്റിവച്ചത് തന്‍റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ് അതിന് ക്ഷമ ചോദിക്കുന്നെന്നും ധന്യ മറ്റ് മത്സരാര്‍ത്ഥികളോടായി പറഞ്ഞു.
ഈ സമയം ഡോ.റോബിന്‍ രംഗത്തെത്തി. ധന്യ ക്ഷമ പറയേണ്ടതില്ലെന്ന് പറഞ്ഞു. ധന്യയുടെ പ്രവൃത്തി കൃത്യമായ ഒരു പ്ലാനിങ്ങുള്ള ഒരു കിച്ചണ്‍ ടീമിന്‍റെ തീരുമാനമാണ്. അത് ശരിയായൊരു തീരുമാനമാണ്. അതിനാല്‍, അവര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ക്ഷമ പറയേണ്ടതില്ലെന്നും റോബിന്‍ പറഞ്ഞു. റോബിന്‍ നിലപാട് പറഞ്ഞതിന് തൊട്ട് പിന്നാലെ ജാസ്മിന്‍ എഴുന്നേറ്റു.
ഒറ്റയ്ക്ക് ഒരാള്‍ക്ക് വേണ്ടിയാണ് ധന്യ പഞ്ചസാര മാറ്റിവച്ചതെങ്കില്‍ ക്ഷമ പറയണമെന്നും അതല്ല ഒരു പൊതു ആവശ്യത്തിന് വേണ്ടിയാണ് ധന്യ മാറ്റിവച്ചതെങ്കില്‍ അതിന്‍റെ ആവശ്യമില്ലെന്നും ജാസ്മിന്‍ പറഞ്ഞു. പഞ്ചസാര തീര്‍ന്നതിന് ഇതുവരെ ഇവിടെ അടി ഉണ്ടായിട്ടില്ലെന്നും അതിനാല്‍ പഞ്ചസാര തീര്‍ന്നാല്‍ തീരട്ടെ എന്നും ജാസ്മിന്‍ പറഞ്ഞു.
ഈ സമയം അപര്‍ണ, തനിക്ക് ഏറ്റവും കൂടുതല്‍ ആവശ്യം ചായയാണെന്നും പഞ്ചസാര ദേശയേക്കാള്‍ തനിക്കാവശ്യം പഞ്ചസാരയിട്ട ചായയാണെന്നും അപര്‍ണ വ്യക്തമാക്കി. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി ലക്ഷ്മി രംഗത്തെത്തി. രാവിലെ പഞ്ചസാര ഇട്ട ചായയോ കട്ടന്‍ ചായയോ കുടിക്കുക എന്ന ശീലമുള്ളവര്‍ പലരും ബിഗ് ബോസ് വീട്ടിലുണ്ടെന്നും അവര്‍ പഞ്ചസാര ഇല്ലെങ്കില്‍ ചായ കുടിക്കാറില്ലെന്നും ലക്ഷ്മി വിശദീകരിച്ചു.
ഒരു കിച്ചണ്‍ ടീമിന്‍റെ ഉത്തരവാദിത്വം, ഉള്ള വിഭവങ്ങള്‍ വച്ച് എങ്ങനെ എല്ലാവര്‍ക്കും കൊടുക്കാമെന്നതാണ്. എന്നാല്‍, കൊഴുക്കട്ട, അട, കാരമല്‍ ദോശ, നാരങ്ങാ വെള്ളം, ജൂസ് എന്നിങ്ങനെ പഞ്ചസാര ഉപയോഗം കൂടിയ ഭക്ഷണങ്ങള്‍ ചിലര്‍ ധാരാളമായി ഉപയോഗിക്കുന്നതിനാല്‍ പഞ്ചസാരയുടെ ഉപയോഗം വളരെ കൂടുതലാണെന്നും ലക്ഷ്മി പറഞ്ഞു.
ധന്യ, തനിക്ക് വേണ്ടി പ്രത്യേകമായി ദോശ ഉണ്ടാക്കുന്നതിനിടയില്‍ സുചിത്ര വന്നപ്പോള്‍ ദോശ വേണോയെന്ന് ചോദിച്ചു. ഈയവരസത്തില്‍ പഞ്ചസാര ഇട്ട ദോശവേണമെന്ന് സുചിത്ര ആവശ്യപ്പെട്ടു. തൊട്ട് പുറകെ റോബിനും ദില്‍ഷയും വരുന്നുണ്ടായിരുന്നു. ഒരാള്‍ക്ക് കൊടുത്താല്‍ മറ്റുള്ളവര്‍ക്കും കൊടുക്കേണ്ടിവരും. അതിനാലാണ് താന്‍ സുചിത്രയോട് പഞ്ചസാരയിട്ട ദോശ ഇല്ലെന്ന് പറഞ്ഞതെന്നും ലക്ഷ്മി വിശദീകരിച്ചു.
താന്‍ അങ്ങനെ പറഞ്ഞതില്‍ സുചിത്രയ്ക്കുണ്ടായ വിഷമത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നെന്നും ലക്ഷ്മി പറഞ്ഞു. ഈയവസരത്തില്‍, നിമിഷയും ജാസ്മിനും സുചിത്രയെ ലക്ഷ്മിക്കെതിരെ പറയാന്‍ പ്രേരിപ്പിക്കുന്നു. ലക്ഷ്മി ദോശ കൊണ്ടുവന്നപ്പോള്‍ സുചിത്ര അത് വേണ്ടെന്ന് പറഞ്ഞ് നിഷേധിച്ച സംഭവം വിവരിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടുന്നു.
ലക്ഷ്മി, ദോശ കൊണ്ട് വരുമ്പോള്‍ തന്നെ അത് വേണ്ടെന്ന് താന്‍ പറഞ്ഞിരുന്നെന്നും ഒരിക്കല്‍ ഒരാള്‍ നിഷേധിച്ച സാധനം പിന്നീട് വാങ്ങുന്നത് പട്ടിക്ക് സമാനമാണെന്നും മഹാദേവനെ ആണയിട്ട് അത് വാങ്ങില്ലെന്ന് താന്‍ പറഞ്ഞിരുന്നതായും സുചിത്ര പറഞ്ഞു. ഇവിടെ എല്ലാവര്‍ക്കും എല്ലാം തുല്യമാണ്. ഇല്ല എങ്കില്‍ ഇല്ല അത്രമാത്രം. എന്നാല്‍, പഞ്ചസാര ഉണ്ടായിട്ടും ഇല്ലായെന്ന് മുഖത്തടിച്ച പോലെ ലക്ഷ്മി പറഞ്ഞു.
ദോശയുമായി വന്ന ലക്ഷ്മിയോട് സുചിത്രയ്ക്ക് വേണ്ടെങ്കില്‍ ദോശ തങ്ങള്‍ക്ക് തന്നെയെന്ന് അഖില്‍ പറഞ്ഞിട്ടും 'ഇവള്‍ കഴിച്ചില്ലെങ്കില്‍ ആരും കഴിക്കേണ്ടെന്ന്' പറഞ്ഞ ലക്ഷ്മി ദോശ പിച്ചിക്കീറി. ഒരാള്‍ക്കും അന്നം നിഷേധിക്കരുതെന്നാണ് തന്‍റെ നിര്‍ദ്ദേശമെന്നും സുചിത്ര ആവര്‍ത്തിച്ചു. ഇതിന് പിന്നാലെ ജാസ്മിന്‍ വീണ്ടും രംഗത്തെത്തി.
ഭക്ഷണത്തെ ദൈവത്തെ പോലെ കാണുന്നൊരാള്‍, ആളുകളുടെ മുന്നില്‍ വച്ച് ഭക്ഷണം പിച്ചികീറി (പ്രത്യേക ആക്ഷനോടെ). ഇത് ശരിയല്ല, ഇക്കാര്യത്തില്‍ ലക്ഷ്മി മറുപടി പറയണമെന്ന് ജാസ്മിന്‍ ആവശ്യപ്പെട്ടു. എല്ലാ മത്സരാര്‍ത്ഥികളോടും ലക്ഷ്മി മാപ്പ് പറയണമെന്നും ഭക്ഷണം കഴിക്കുന്നതിനിടെ പല കാര്യങ്ങള്‍ക്കും താനും റോണ്‍സണും ചീത്ത കേട്ടിട്ടുണ്ടെന്നും ജാസ്മിന്‍ പറഞ്ഞു.