- Home
- Entertainment
- News (Entertainment)
- ഐഎഫ്എഫ്കെ വൈബിൽ അനന്തപുരി; മേളയിൽ 82 രാജ്യങ്ങളിൽ നിന്നുള്ള 206 സിനിമകൾ
ഐഎഫ്എഫ്കെ വൈബിൽ അനന്തപുരി; മേളയിൽ 82 രാജ്യങ്ങളിൽ നിന്നുള്ള 206 സിനിമകൾ
30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം. 82 രാജ്യങ്ങളിൽ നിന്നുള്ള 206 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

ഉദ്ഘാടനം വൈകീട്ട് ആറിന് നിശാഗന്ധിയിൽ
30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുപ്പതാമത് പതിപ്പിന് ഇന്ന് തിരിതെളിയും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കെല്ലി ഫൈഫ് മാർഷലിന്
പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും. ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും.
ഉദ്ഘാടന ചിത്രം പലസ്തീൻ 36
ഉദ്ഘാടന ശേഷം പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി 'പലസ്തീൻ 36' എന്ന ചിത്രം പ്രദർശിപ്പിക്കും. ആൻമേരി ജാസിർ സംവിധാനം ചെയ്ത പലസ്തീൻ 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘർഷങ്ങളും ചർച്ച ചെയ്യുന്നു. 98-ാമത് ഓസ്കാർ പുരസ്കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീൻ ചിത്രമാണിത്. ഉദ്ഘാടന ചിത്രമായ പലസ്തീൻ 36 വൈകീട്ട് 6 ന് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.
ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങള്‍
മണ്‍മറഞ്ഞ പ്രതിഭാധനരായ വ്യക്തിത്വങ്ങള്‍ക്ക് ആദരവുമായി 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡേവിഡ് ലിഞ്ചിന്റെ 'ബ്ലൂ വെല്‍വെറ്റ്', റോബര്‍ട്ട് റെഡ്ഫോര്‍ഡിന്റെ 'ഓള്‍ ദ പ്രസിഡന്റ്സ് മെന്‍', ക്ലോഡിയ കാര്‍ഡിനാലിന്റെ 'എയ്റ്റ് ആന്റ് ഹാഫ്', ഡയാന്‍ കീറ്റണ്‍ന്റെ 'ആനി ഹാള്‍', ശ്യാം ബെനഗലിന്റെ 'ഭൂമിക', എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'നിര്‍മ്മാല്യം', 'കടവ്', ഷാജി എന്‍. കരുണിന്റെ 'വാനപ്രസ്ഥം', 'കുട്ടിസ്രാങ്ക്', വയലാര്‍ രാമവര്‍മ്മയ്ക്കും സലില്‍ ചൗധരിയ്ക്കും ആദരമായി 'ചെമ്മീന്‍', ജന്മശതാബ്ദിയോടനുബന്ധിച്ച് ഗുരു ദത്തിന്റെ 'പ്യാസ' എന്നിവയാണ് ഇത്തവണ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍.
അനെസി മേളയില്‍നിന്നുള്ള നാല് അനിമേഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
അനിമേഷന്‍ ചിത്രങ്ങള്‍ വേണ്ടി മാത്രമായി ഫ്രാന്‍സില്‍ 1960 മുതല്‍ സംഘടിപ്പിക്കപ്പെടുന്ന അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്റെ 2025 പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രങ്ങളാണ് 'സിഗ്‌നേച്ചേഴ്‌സ് ഇന്‍ മോഷന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദ ഗേള്‍ ഹു സ്റ്റോള്‍ ടൈം, ആര്‍ക്കോ, അല്ലാഹ് ഈസ് നോട്ട് ഒബ്ലൈജ്ഡ്, ഒലിവിയ ആന്റ് ദ ഇന്‍വിസിബിള്‍ എര്‍ത്ത്‌ക്വേക്ക് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

