തലച്ചോറിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ 5 പോഷകങ്ങൾ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ തലച്ചോറിന്റെ കൃത്യമായ പ്രവർത്തനത്തിന് ഗ്ലൂക്കോസ് മാത്രമല്ല, മറ്റ് പോഷകങ്ങളും ആവശ്യമാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ 5 പോഷകങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

വിറ്റാമിൻ B12
തലച്ചോറിലെ ന്യൂറോണുകളുടെ മൈലിൻ ഷീത്ത് സംരക്ഷിക്കുന്നതിന് വിറ്റാമിൻ B12 വളരെ അത്യാവശ്യമാണ്. ഇതിന്റെ കുറവ് ബ്രെയിൻ ഫോഗ്, ഓർമ്മക്കുറവ്, ന്യൂറോപ്പതി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഇറച്ചി, കരൾ, മീൻ, കോഴിയിറച്ചി, മുട്ട, പനീർ, തൈര്, പാൽ എന്നിവ കഴിക്കാം.
ഒമേഗ-3 ഫാറ്റി ആസിഡുകൾ
തലച്ചോറിലെ കോശജ്വാലകളുടെ നിർമ്മാണത്തിനും കോശങ്ങൾ തമ്മിലുള്ള സന്ദേശ കൈമാറ്റത്തിനും ഒമേഗ-3 സഹായിക്കുന്നു. മീനാണ് ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസ്സ്. വെജിറ്റേറിയൻ കഴിക്കുന്നവർക്ക് ഫ്ലാക്സ് സീഡ്സ്, ചിയാ സീഡ്സ്, വാൾനട്ട് എന്നിവയിൽ നിന്ന് ഒമേഗ-3 ലഭിക്കും.
ഇരുമ്പ്
തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ മറ്റൊരു പ്രധാന മൈക്രോ പോഷകമാണ് അയൺ. ഇതിന്റെ കുറവ് കടുത്ത ക്ഷീണം, ശ്രദ്ധക്കുറവ്, ചിന്താശേഷി മന്ദഗതിയിലാകൽ എന്നിവയിലേക്ക് നയിക്കും. കൂടാതെ പലരിലും കാലുകൾ അസ്വസ്ഥമായി ചലിപ്പിക്കാൻ തോന്നുന്ന അവസ്ഥയ്ക്കും ഇത് കാരണമാകാറുണ്ട്. ഇറച്ചി, മീൻ, പരിപ്പുവർഗ്ഗങ്ങൾ, ചീര എന്നിവ കഴിക്കാം.
ഫോളിക് ആസിഡ്
സാധാരണ രീതിയിലുള്ള മസ്തിഷ്ക പ്രവർത്തനങ്ങൾക്കും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഫോളിക് ആസിഡ് ആവശ്യമാണ്. ഇതിന്റെ കുറവ് ഓർമ്മക്കുറവിനും ചിന്താശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങൾക്കും കാരണമാകും.ചീര, ഉലുവയില തുടങ്ങിയ പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, സിട്രസ് പഴങ്ങൾ, മുട്ട, ഇറച്ചി എന്നിവ കഴിക്കാം.
ആന്റിഓക്‌സിഡന്റുകൾ
തലച്ചോറിലെ വീക്കവും അണുബാധകളും കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. ബെറി പഴങ്ങൾ, പച്ചക്കറികൾ, ഡാർക്ക് ചോക്ലേറ്റ് എന്നിവ കഴിക്കാം.

