ഓണസദ്യയിലൊരുക്കാൻ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ ശർക്കര വരട്ടി.

ഓണസദ്യയിലൊരുക്കാൻ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാവുന്ന ശർക്കര വരട്ടി.

വേണ്ട ചേരുവകൾ

നേന്ത്രക്കായ 2 എണ്ണം

ശർക്കര 2 വലുത്

ചുക്ക് പൊടി അര ടീസ്പൂൺ

ഏലക്കായ 3 എണ്ണം

അരിപ്പൊടി 1 ടീസ്പൂൺ

ജീരകം പൊടിച്ചത് അര സ്പൂൺ

എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം നേന്ത്രക്കായ തൊലി കളഞ്ഞ് നീളത്തിൽ രണ്ടായി കീറി 1/2 സെ.മീ കനത്തിൽ മുറിച്ചു വയ്ക്കുക. ശേഷം ഈ കഷ്ണങ്ങൾ വെള്ളത്തിലിട്ട് കറ പോകുന്നത് വരെ നന്നായി കഴുകി എടുക്കുക. ശേഷം ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് തിളയ്ക്കാൻ വയ്ക്കുക. തിളച്ച് കഴിയുമ്പോൾ നേന്ത്രക്കായ കഷ്ണങ്ങൾ ചെറുതീയിൽ വറുത്തുകോരുക.

ശേഷം കോരി എടുത്ത് ചൂട് മാറാൻ വയ്ക്കുക. ഒരു പാത്രത്തിൽ ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. നന്നായി ഉരുകി കഴിഞ്ഞാൽ, തൊട്ട് നോക്കി നൂൽ പരുവമായോ എന്ന ഉറപ്പ് വരുത്തുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കായ വറുത്തത് ഇതിലേക്കിട്ട് നന്നായി ഇളകി വയ്ക്കുക.

ശേഷം തീ അണച്ച് രണ്ട് മിനുട്ട് നേരം വയ്ക്കുക. ഇതിലേക്ക് ജീരകപ്പൊടി, ഏലയ്ക്ക പൊടി, ചുക്കു പൊടി എന്നിവ ചേർക്കുക. അവസാനം അരിപ്പൊടിയും വിതറുക. തണുത്ത് കഴിഞ്ഞാൽ ശർക്കര വരട്ടി ക്രിസ്പി ആയി വരുന്നതായിരിക്കും.