- Home
- Technology
- Gadgets (Technology)
- ചില്ലുപോലെ ചേല്! ഇനി ഐഒഎസ് 26 കാലം; ആപ്പിള്‍ ലിക്വിഡ് ഗ്ലാസ് ഡിസൈൻ മാജിക്
ചില്ലുപോലെ ചേല്! ഇനി ഐഒഎസ് 26 കാലം; ആപ്പിള്‍ ലിക്വിഡ് ഗ്ലാസ് ഡിസൈൻ മാജിക്
ഐഫോണുകള്‍ ഇനി ഐഒഎസ് 26 ഓപ്പറേറ്റിംഗ് സിസ്റ്റം ഭരിക്കും. ഐഫോണുകൾക്കായുള്ള ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയര്‍ അപ്ഡേറ്റ് എത്തിയത് പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം. എന്താണ് iOS 26-ന്‍റെ പ്രത്യേകതകളെന്നും ലഭ്യമാകുന്ന ഐഫോണുകളും വിശദമായി.

എന്താണ് ഐഒഎസ് 26?
ഐഫോണുകളില്‍ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐഒഎസ് 26-ന്‍റെ സ്റ്റേബിൾ പതിപ്പ്, ചാറ്റ്‌ജിപിടിയുമായി മെച്ചപ്പെടുത്തിയ സിരി സംയോജനം പോലുള്ള പുതിയ എഐ ഫീച്ചറുകൾക്കൊപ്പം ആപ്പിളിന്‍റെ മുഖമുദ്രയായ 'ലിക്വിഡ് ഗ്ലാസ്' ഡിസൈനും അവതരിപ്പിക്കുന്നു.
രൂപകൽപനയിൽ പുതിയ ഭാഷ- ലിക്വിഡ് ഗ്ലാസ് ഡിസൈൻ
ലിക്വിഡ് ഗ്ലാസ് എന്ന വിളിപ്പേരിൽ പുത്തൻ ശൈലിയിലാണ് ഐഒഎസ് 26 അണിയിച്ചൊരുക്കിയിരിക്കുന്നത്. തിളങ്ങുന്ന, സുതാര്യമായ ഇന്‍റർഫെയ്‌സ്. ഒരു കണ്ണാടിച്ചില്ലിന് സമാനമായ രീതിയിൽ ഐഒസിലെ വിവിധ വിൻഡോകളും ഐക്കണുകളും പശ്ചാത്തലങ്ങളും വിഡ്ജെറ്റുകളും നാവിഗേഷനുകളുമെല്ലാം ആപ്പിൾ ഒരുക്കിയിരിക്കുന്നു. ഗ്ലാസ് പോലെ സുതാര്യതയുള്ളതും ഒപ്പം ചുറ്റുമുള്ള മറ്റ് വിഷ്വൽ എലമെന്‍റുകള്‍ പ്രതിഫലിക്കുകയും ചെയ്യുന്നതായിരിക്കും ഈ ഗ്ലാസ് ഐക്കണുകൾ.
കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍
പുതിയ കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഐഒഎസ് 26 നൽകുന്നുണ്ട്. ഇതുവഴി ഉപഭോക്താവിന് ഇഷ്‌ടാനുസരണം ഐഒഎസ് തീം തയ്യാറാക്കാനാവും. ഇത് കൂടാതെ മെസേജസ് ആപ്പ്, ക്യാമറ ആപ്പ്, ഫോട്ടോസ് ആപ്പ്, സഫാരി, ആപ്പിൾ മ്യൂസിക്, ന്യൂസ്, പോഡ് കാസ്റ്റ് എന്നിവയിലെല്ലാം പുതിയ ഡിസൈൻ ലാംഗ്വേജ് അടിസ്ഥാനമാക്കിയും ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയും വിവിധ അപ്ഡേറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ദൈനംദിന ആവശ്യങ്ങൾ സുഗമമാക്കുന്ന ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകളും ഐഒഎസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം ?
വൈ-ഫൈ ബന്ധിപ്പിക്കുക, തടസമില്ലാത്ത കണക്‌ടിവിറ്റി ഉറപ്പാക്കുക: ഐഫോണ്‍ ഒരു സ്ഥിരമായ വൈ-ഫൈ നെറ്റ്‌വര്‍ക്കിലേക്ക് ബന്ധിപ്പിക്കുന്നത് ഉചിതം.
ബാറ്ററി ചാര്‍ജ്: ഐഫോൺ ബാറ്ററി മുഴുവൻ ചാർജ് ചെയ്തുവെക്കുക. അല്ലെങ്കിൽ ചാർജറിൽ ബന്ധിപ്പിക്കുക.
സെറ്റിംഗ്‌സ് തുറക്കുക: Settings - General - Software Update തിരഞ്ഞെടുക്കുക.
അപ്‌ഡേറ്റ് പരിശോധിക്കുക: ലഭ്യമായ ഐഒഎസ് 26 അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് കാണിക്കും.
ഡൗണ്‍ലോഡ് & ഇന്‍സ്റ്റാള്‍ അമർത്തുക: അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക. ഫോണ്‍ റീസ്റ്റാർട്ട് ആവാൻ സമയം എടുക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫോണിൽ ആവശ്യത്തിനുള്ള മെമ്മറി ഉണ്ടെന്ന് ഉറപ്പാക്കുക. പ്രധാന ഒഎസ് അപ്ഡേറ്റ് ആയതിനാൽ ഡൗൺലോഡ് ചെയ്യുന്ന അപ്ഡേറ്റിന് സൈസ് കൂടുതലായിരിക്കും. ഒപ്പം ബാറ്ററി ചാർജ് ആവശ്യത്തിനുണ്ടെന്നും വേഗമേറിയതും തടസമില്ലാത്തതുമായ ഇന്‍റർനെറ്റ് കണക്‌ടിവിറ്റി ഉണ്ടെന്നും ഉറപ്പാക്കുക.
ഐഒഎസ് 26 അപ്ഡേറ്റ് ലഭിക്കുന്ന ഐഫോണുകൾ
എ13 ചിപ്പ്സെറ്റിലോ അതിന് ശേഷം വന്ന പുതിയ ചിപ്പ്സെറ്റുകളിലോ പ്രവർത്തിക്കുന്ന ഐഫോണുകളിൽ ഐഒഎസ് 26 അപ്ഡേറ്റ് ലഭിക്കും. അതായത് ഐഫോൺ XR, ഐഫോൺ XS, ഐഫോൺ XS Max എന്നീ മോഡലുകളിൽ പുതിയ അപ്ഡേറ്റ് ലഭിക്കില്ല. താഴെ പട്ടികപ്പെടുത്തിയ ഫോണുകളിലാണ് പുതിയ ഒഎസ് അപ്ഡേറ്റ് ലഭിക്കുക.
ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ്, ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ്, ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്, ഐഫോൺ 16ഇ, ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ്, ഐഫോൺ എസ്ഇ (2-ാം തലമുറയും അതിന് ശേഷമുള്ളതും), ഏറ്റവും പുതിയ ഐഫോണ്‍ 17 സീരീസ് (എയര്‍ അടക്കം).

