ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്, ഗാലക്‌സി എ27 എന്ന പുതിയ മോഡൽ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ വെബ്സൈറ്റിൽ അബദ്ധത്തിൽ പ്രത്യക്ഷപ്പെട്ട ഈ ഫോണിന് 50 മെഗാപിക്‌സല്‍ ട്രിപ്പിൾ ക്യാമറ, സ്‌നാപ്‌ഡ്രാഗണ്‍ 6 ജെൻ 3 പ്രോസസർ തുടങ്ങിയ മികച്ച സവിശേഷതകൾ ഉണ്ടാകുമെന്നാണ് സൂചന.  

സോള്‍: ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ഉടൻ തന്നെ പുതിയ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സാംസങ് ഗാലക്‌സി എ27 എന്ന പുതിയ ഫോണിന്‍റെ സാന്നിധ്യം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ലിസ്റ്റിലൂടെയാണ് പുറത്തുവന്നത്. പുറത്തുവന്ന സവിശേഷതകള്‍ ടെക് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ27: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

ഈ വർഷം തുടക്കത്തിൽ ഗ്യാലക്‌സി എ സീരീസിൽ ഗ്യാലക്‌സി എ37, ഗ്യാലക്‌സി എ57 എന്നീ മോഡലുകൾ അവതരിപ്പിച്ച സാംസങ്, അതിന്‍റെ തുടർച്ചയായാണ് ഗ്യാലക്‌സി എ27 പുറത്തിറക്കാൻ പദ്ധതിയിടുന്നത് എന്ന് കരുതപ്പെടുന്നു. ബ്രസീൽ മേഖലയിലുള്ള സാംസങ് വെബ്സൈറ്റിൽ, സാംസങ് വാലറ്റിനൊപ്പം അനുയോജ്യമായ ഫോണുകളുടെ പട്ടികയിൽ ഗ്യാലക്‌സി എ27 ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ ലിസ്റ്റിംഗ് പിന്നീട് നീക്കം ചെയ്തെങ്കിലും ഫോണിന്‍റെ ലോഞ്ച് അടുത്തുതന്നെയാണ് എന്ന സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.

ലീക്കുകളിലൂടെ ലഭിച്ച വിവരങ്ങൾ പ്രകാരം ഗ്യാലക്‌സി എ27 ആകർഷകമായ ഡിസൈനുമായി എത്തും. സെൽഫി ക്യാമറയ്ക്കായി ഹോൾ-പഞ്ച് കട്ട് ഔട്ട് ഡിസ്പ്ലേയും പിൻഭാഗത്ത് ലംബമായി ക്രമീകരിച്ച മൂന്ന് ക്യാമറകളും ഇതിലുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സാംസങ്ങിന്‍റെ കീ ഐലൻഡ് ഡിസൈൻ സവിശേഷതയും ഈ ഫോണിൽ ഉൾപ്പെടും.

ഗാലക്‌സി എ27: ഡിസ്‌പ്ലെ, ക്യാമറ ഫീച്ചറുകള്‍

സാംസങ് ഗാലക്‌സി എ27-ൽ 6.7 ഇഞ്ച് വലിയ ഡിസ്പ്ലേ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടും. സെൽഫിക്കായി 12 മെഗാപിക്‌സൽ ക്യാമറയും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. സ്‍നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറാണ് ഫോണിന് കരുത്ത് പകരുക.

കൂടാതെ ഗാലക്‌സി എ27 5ജി മോഡൽ ഐഎംഇഐ ഡാറ്റാബേസിലും ഗീക്ക് ബെഞ്ച് പ്ലാറ്റ്ഫോമിലും SM-A276B എന്ന മോഡൽ നമ്പറോടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 6 ജിബി റാമും ആൻഡ്രോയ്‌ഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിൽ ഉണ്ടായിരിക്കും എന്നാണ് സൂചന. ഇത് സാംസങ് ഗാലക്‌സി എ26-യുടെ പിന്‍ഗാമി ആയിരിക്കും. ഇതിനിടെ സാംസങ് ഔദ്യോഗികമായി ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അടുത്ത മാസങ്ങളിൽ തന്നെ വിപണിയിൽ എത്താൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു. മധ്യനിര വിപണിയിൽ ശക്തമായ മത്സരത്തിനിടയിൽ ഗാലക്‌സി എ27 ശ്രദ്ധേയമായ സ്ഥാനമെടുക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News