റഫേൽ നദാൽ; യുഎസ് ഓപ്പണ്‍ രാജാവ്

First Published 9, Sep 2019, 2:02 PM IST

ആവേശപ്പോരാട്ടത്തിനൊടുവിൽ യുഎസ് ഓപ്പൺ ടെന്നിസിൽ ചാമ്പ്യൻ പട്ടം വീശിയെടുത്ത് സ്പെയിനിന്‍റെ റഫേൽ നദാൽ. ഫൈനലിൽ റഷ്യൻ താരം ദാനി മദ്‍ദദെവിനെയാണ് നദാൽ തോൽപിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്‍റെ മിന്നും വിജയം. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മദ്‍ദദെവ് മികച്ച വെല്ലുവിളിയുയർത്തിയെങ്കിലും 33-കാരനായ സ്പാനിഷ് താരം അതെല്ലാം മറികടന്നു. ആദ്യ രണ്ട് സെറ്റുകൾ നദാലും അടുത്ത രണ്ടു സെറ്റുകൾ മെദ്‌വെദേവും സ്വന്തമാക്കുകയായിരുന്നു. അവസാന സെറ്റ് തിരിച്ചുപിടിച്ചാണ് നദാൽ കരിയറിലെ നാലാം യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്കോർ 7-5, 6-3, 5-7, 4-6, 6-4. 

 

നദാലിന്‍റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 19-ാം ഗ്രാൻഡ്‍സ്ലാം കിരീടവും. 20 കിരീടമുള്ള റോജർ ഫെഡററുടെ നേട്ടം മാത്രമാണിനി നദാലിന് മുന്നിൽ കടമ്പയായി മുന്നിലുള്ളത്. യുഎസ് ഓപ്പൺ നേടുന്ന രണ്ടാമത്തെ മുതിർന്ന താരം കൂടിയാവുകയാണ് നദാൽ കിരീടനേട്ടത്തിലൂടെ. 1970-ൽ തന്‍റെ 35-ാം വയസ്സിലാണ് പ്രമുഖ താരമായിരുന്ന കെൻ റോസ്‍വാൾ യുഎസ് ഓപ്പൺ കിരീടം നേടുന്നത്. തന്‍റെ നാലാം കിരീടം സ്വന്തമാക്കുന്ന നദാലിനിപ്പോൾ വയസ്സ് 33. 

 

2010, 2013, 2017 വര്‍ഷങ്ങളിൽ നദാലിനായിരുന്നു യുഎസ് ഓപ്പൺ കിരീടം. മെദ്‌വെദേവിന്റെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഇത്. സെമിഫൈനലില്‍ രണ്ടാം സീഡ് നഡാല്‍, ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ കീഴടക്കിയാണ് (7-6, 6-4, 6-1) നദാൽ മുന്നേറിയത്. നാലാം സീഡായ മെദ്‌വെദേവ് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ തോല്‍പ്പിച്ചാണ് (7-6, 6-4, 6-3) ഫൈനലിൽ ഇടംനേടിയത്. ക്വാര്‍ട്ടറില്‍ സ്വിസ് താരം റോജര്‍ ഫെഡററെ കീഴടക്കിയ റഷ്യന്‍ താരം മികച്ചഫോമിലായിരുന്നു. കരിയറില്‍ അഞ്ച് കിരീടങ്ങളുള്ള താരത്തിന് പക്ഷേ, ഗ്രാന്‍സ്ലാമില്‍ ഇതുവരെ നാലാം റൗണ്ടിനപ്പുറം പോകാന്‍ കഴിഞ്ഞിരുന്നില്ല. സീസണില്‍ മെദ്‌വെദേവിന്‍റെ നാലാം ഫൈനലായിരുന്നു ഇത്.

loader